ഐപിഎൽ കിരീടം മുംബൈ ഇന്ത്യൻസ് അഞ്ചു തവണയും ചെന്നൈ സൂപ്പർ കിംഗ്സ് നാലു തവണയും ഉയർത്തിയ ടീമുകളാണ്. എന്നാൽ ഇത്തവണത്തെ ഐപിഎൽ പതിനഞ്ചാം പതിപ്പിൽ നാല് മത്സരങ്ങൾ കഴിയുമ്പോൾ ഇരുടീമുകൾക്കും ഒരു മത്സരം പോലും വിജയിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ മുംബൈ ഇന്ത്യൻസിനെയും ചെന്നൈ സൂപ്പർ കിങ്സിനെയിം വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി. ഇത്തവണത്തെ ഐപിഎൽ മെഗാ ലേലത്തിൽ മികച്ച കളിക്കാരെ സ്വന്തമാക്കി മറ്റു ടീമുകൾ ഈ രണ്ടു ടീമുകളെയും താഴ്ത്തി കളഞ്ഞു എന്നാണ് ശാസ്ത്രി പറഞ്ഞത്.
“മുംബൈ, ചെന്നൈ ടീമുകളെ ഇപ്പോള്‍ മറ്റ് ടീമുകള്‍ പേടിക്കുന്നില്ല. നിരാശയുണ്ടാക്കുന്ന മറ്റൊരു കാര്യം എന്താണെന്നുവെച്ചാല്‍ ഇവരെ എതിരാളികള്‍ വാരിക്കളഞ്ഞുവെന്നതാണ്. ഐപിഎല്ലിലെ പതിനഞ്ചാം സീസണ്‍ തുടങ്ങിയിട്ടേയുള്ളൂവെങ്കിലും മുംബൈക്കും ചെന്നൈക്കും ഇപ്പോള്‍ പഴയ പ്രതാപമില്ലെന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ട്. അവരെ ആര്‍ക്കും പേടിയില്ല. കാരണം, ലേലത്തില്‍ അവരുടെ ടീം ഛിന്നഭിന്നമായിപ്പോയി.
ഇപ്പോഴവരെ ആര്‍ക്കും തോല്‍പ്പിക്കാമെന്നതായി അവസ്ഥ. എതിരാളികള്‍ അവരുടെ പേര് കണ്ട് പേടിക്കുന്ന കാലം കഴിഞ്ഞു. വര്‍ഷങ്ങളുടെ കഠിനപ്രയത്നം കൊണ്ട് ഉണ്ടാക്കിയെടുത്ത ആ മികവ് ഇപ്പോള്‍ ചെന്നൈക്കോ മുംബൈക്കോ ഇല്ല. ആദ്യ നാലു മത്സരങ്ങളും തോറ്റതോടെ മുംബൈക്കും ചെന്നൈക്കും ഇനിയുള്ള പത്ത് മത്സരങ്ങളില്‍ തുടര്‍ ജയങ്ങളുമായി പ്ലേ ഓഫിലെത്തുക എളുപ്പമല്ല.”- രവി ശാസ്ത്രി പറഞ്ഞു.