രഞ്ജി ട്രോഫിയില്‍ കേരളത്തിനു കൂറ്റന്‍ വിജയം. ജലജ് സക്സേനക്ക് മുന്നില്‍ വമ്പന്‍മാര്‍ വീണു.

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ശക്തരായ സര്‍വ്വീസസിനെതിരെയുള്ള പോരാട്ടത്തില്‍ കേരളത്തിനു വിജയം. കേരളം ഉയര്‍ത്തിയ 341 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സര്‍വ്വീസസ് 136 റണ്‍സില്‍ എല്ലാവരും പുറത്തായി. 204 റണ്‍സിന്‍റെ വിജയമാണ് കേരളം നേടിയത്.

Score – Kerala 327 & 242/7 |Services – 229 & 136. കര്‍ണാടകകെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം.

ഓപ്പണിംഗ് വിക്കറ്റില്‍ രോഹില്ലയും (28) സൂഫിയന്‍ ആലവും (52) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 61 റണ്‍സ് കൂട്ടിചേര്‍ത്തു. രോഹില്ലയെ പുറത്താക്കി വൈശാഖ് ചന്ദ്രന്‍ കേരളത്തിനായി ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ജലജ് സക്സേന സര്‍വ്വീസസ് ബാറ്റര്‍മാരെ വട്ടം കറക്കി. സൂഫിയന്‍ ആലം റണ്ണൗട്ടായതോടെ സര്‍വ്വീസസിന്‍റെ വിധിയെഴുതപ്പെട്ടു.

കേരളത്തിനായി ജലജ് സക്സേന 8 വിക്കറ്റ് വീഴ്ത്തി. വൈശാഖ് ചന്ദ്രന്‍ 1 വിക്കറ്റ് നേടിയപ്പോള്‍ ശേഷിച്ച ഒരു റണ്ണൗട്ടും സക്സേനയുടെ പേരിലായിരുന്നു.

നേരത്തെ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച സര്‍വ്വീസസ് 229 റണ്‍സില്‍ എല്ലാവരും പുറത്തായി. 50 റണ്‍സ് നേടിയ ചൗഹാനാണ് ടോപ്പ് സ്കോറര്‍. കേരളത്തിനായി സിജോമോന്‍ ജോസഫും ജലജ് സക്സേനയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. നിധീഷും വൈശാഖ് ചന്ദ്രനും 2 വിക്കറ്റ് വീതം വീഴ്ത്തി.

98 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ബാറ്റിംഗ് ചെയ്ത കേരളം 7 വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സില്‍ ഡിക്ലെയര്‍ ചെയ്തു. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ സച്ചിന്‍ ബേബിക്ക്, രണ്ടാം ഇന്നിംഗ്സില്‍ ശതകം നഷ്ടമായി. 93 റണ്‍സ് നേടിയ സച്ചിന്‍ ബേബിയാണ് ടോപ്പ് സ്കോറര്‍. 48 റണ്‍സുമായി വത്സലും 40 റണ്‍സുമായി സല്‍മാന്‍ നിസാറും നിര്‍ണായക പ്രകടനം നടത്തി.

Previous articleതുറുപ്പുചീട്ടായി ടീമിലേക്ക് സഞ്ജു സാംസൺ മതിയെന്ന് ജോസ് ബട്ലർ
Next articleഇന്ത്യയ്ക്കെതിരെ 20-20 പരമ്പരയിൽ ന്യൂസിലാൻഡിനെ സാൻ്റ്നർ നയിക്കും