രഞ്ജി ട്രോഫിയിലെ ആസാമിനെതിരായ മത്സരത്തിൽ ആടിത്തിമർത്ത് കേരള ബാറ്റർമാർ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം തങ്ങളുടെ ആദ്യ ഇന്നിങ്സിൽ 419 എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കുകയുണ്ടായി. സച്ചിൻ ബേബിയുടെ സെഞ്ച്വറിയാണ് കേരളത്തിന് മത്സരത്തിൽ ഇത്തരം മികച്ച ഒരു സ്കോർ നേടാൻ സഹായകരമായത്.
ഒപ്പം കൃഷ്ണപ്രസാദ്, നായകൻ രോഹൻ കുന്നുമ്മൽ, രോഹൻ പ്രേം എന്നിവർ അർത്ഥസഞ്ചറികളുമായി കേരളത്തിനായി മികച്ചു നിന്നു. ശേഷം മറുപടി ബാറ്റിംഗ് ആരംഭിച്ച ആസാമിന്റെ രണ്ട് വിക്കറ്റുകൾ പിഴുതെറിയാനും കേരളത്തിന് സാധിച്ചിട്ടുണ്ട്. രണ്ടാം ദിവസം മത്സരം അവസാനിക്കുമ്പോൾ ആസാം ആദ്യ ഇന്നിങ്സിൽ 14 റൺസിന് 2 വിക്കറ്റുകൾ എന്ന നിലയിലാണ്.
മത്സരത്തിൽ ടോസ് നേടിയ ആസാം ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യദിനം വളരെ മികച്ച തുടക്കം തന്നെയാണ് കേരളത്തിന് ഓപ്പണർമാരായ രോഹൻ കുന്നുമ്മലും കൃഷ്ണപ്രസാദു നൽകിയത്. ആദ്യ വിക്കറ്റിൽ തന്നെ കൃത്യമായ ആധിപത്യം പുലർത്താൻ ഇരുവർക്കും സാധിച്ചിരുന്നു. ഒന്നാം വിക്കറ്റിൽ 133 റൺസാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്.
നായകൻ രോഹൻ കുന്നുമ്മൽ 95 പന്തുകൾ നേരിട്ട് 83 റൺസാണ് മത്സരത്തിൽ നേടിയത്. കൃഷ്ണപ്രസാദ് 202 പന്തുകളിൽ നിന്ന് 80 റൺസ് സ്വന്തമാക്കുകയുണ്ടായി. ഒപ്പം മൂന്നാമനായി ക്രീസിലെത്തിയ രോഹൻ പ്രേമും അർദ്ധസെഞ്ചറിയുമായി തിളങ്ങിയപ്പോൾ കേരളം കുതിക്കുകയായിരുന്നു.
പിന്നീടാണ് നാലാമനായി സച്ചിൻ ബേബി ക്രീസിലെത്തിയത്. ഒരു ഏകദിന മത്സരത്തിന്റെ ശൈലിയിലാണ് സച്ചിൻ ബേബി കളിച്ചത്. 148 പന്തുകൾ നേരിട്ട സച്ചിൻ ബേബി 131 റൺസാണ് മത്സരത്തിൽ നേടിയത്. 16 ബൗണ്ടറികളും 5 സിക്സറുകളും സച്ചിൻ ബേബിയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. മറ്റു കേരള ബാറ്റർമാർ വലിയ സംഭാവനകൾ നൽകിയില്ലെങ്കിലും സച്ചിൻ ബേബിയുടെ മികവിൽ കേരളത്തിന്റെ സ്കോർ കുതിക്കുകയായിരുന്നു.
ഇങ്ങനെ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 419 എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. ആസാമിനായി മുക്തർ ഹുസൈനും രാഹുൽ സിംഗും 3 വിക്കറ്റുകൾ വീതം സ്വന്തമാക്കുകയുണ്ടായി.
ശേഷം മറുപടി ബാറ്റിംഗിനിറങ്ങിയ ആസാമിനെ തുടക്കത്തിൽ തന്നെ ഞെട്ടിക്കാൻ കേരള ബോളർമാർക്ക് സാധിച്ചു. ഓപ്പണർ ഹസാരികയെ(9) തുടക്കത്തിൽ തന്നെ ബേസിൽ തമ്പി കൂടാരം കയറ്റുകയുണ്ടായി. ശേഷം സിദ്ധാർത്ഥ ശർമയെ(0) ജലജ് സക്സേന വിക്കറ്റിനു മുൻപിൽ കുടുക്കിയതോടെ കേരളം രണ്ടാം ദിവസം കൃത്യമായ ആധിപത്യം നേടുകയായിരുന്നു.
രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 14ന് 2 എന്ന നിലയിലാണ് ആസാം. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് സ്കോർ മറികടക്കാൻ ആസമിന് ഇനിയും 45 റൺസ് കൂടി ആവശ്യമാണ്. മൂന്നാം ദിവസം ആസാം ടീമിനെ ചുരുട്ടി കെട്ടി ഫോളോ ഓൺ ചെയ്യിക്കാനാണ് കേരളത്തിന്റെ ശ്രമം.