“സഞ്ജുവിലാണ് ഞാൻ വിശ്വസിക്കുന്നത്, പക്ഷേ ലോകകപ്പിൽ കീപ്പറായി രോഹിത് മറ്റൊരുവനെ തിരഞ്ഞെടുക്കും” റെയ്ന പറയുന്നു.

download

2023 ഏകദിന ലോകകപ്പിലുടനീളം നല്ല പ്രകടനങ്ങൾ പുറത്തെടുത്തെങ്കിലും ചാമ്പ്യന്മാരായി മാറാൻ ഇന്ത്യൻ ടീമിന് സാധിച്ചിരുന്നില്ല. എന്നാൽ 2024ലും ലോകകപ്പ് സ്വന്തമാക്കാൻ വലിയൊരു അവസരം ഇന്ത്യക്ക് കൈവന്നിരിക്കുകയാണ്. 2024 ജൂണിൽ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിൽ വലിയ പ്രതീക്ഷയാണ് ഇന്ത്യ വെച്ചിട്ടുള്ളത്.

യുവതാരങ്ങളെ അണിനിരത്തി ഒരു മികച്ച സ്ക്വാഡുണ്ടാക്കി ലോകകപ്പ് സ്വന്തമാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. 2007ലെ പ്രാഥമിക ലോകകപ്പിന് ശേഷം ഇന്ത്യയ്ക്ക് ഇതേവരെ കുട്ടി ക്രിക്കറ്റിന്റെ കിരീടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.

എന്നാൽ ഈ നേട്ടം കൊയ്യാനായി ടീമിൽ ശക്തമായ ഒരു സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് ഇന്ത്യയ്ക്ക് ആവശ്യമാണ്. പ്രധാനമായും ഇന്ത്യൻ ടീം നേരിടുന്ന പ്രശ്നം പ്രതിഭകളുടെ ധാരാളിത്തമാണ്. ഇന്ത്യയ്ക്ക് നിലവിൽ ഒരുപാട് വിക്കറ്റ് കീപ്പർ ബാറ്റർമാരുണ്ടെങ്കിലും ഇതിൽ ആരെ ലോകകപ്പിൽ കളിപ്പിക്കണം എന്ന ചോദ്യം നിലനിൽക്കുന്നു.

ഇതിനുള്ള ഉത്തരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. 2024 ട്വന്റി20 ലോകകപ്പിൽ രോഹിത് ശർമ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പറായി ആരെ തിരഞ്ഞെടുക്കും എന്നാണ് റെയ്ന പറയുന്നത്.

“എന്നെ സംബന്ധിച്ച് സഞ്ജു സാംസൺ വലിയൊരു ആയുധം തന്നെയാണ്. ടീമിൽ എവിടെ വേണമെങ്കിലും ബാറ്റ് ചെയ്യാൻ സഞ്ജു സാംസണ് സാധിക്കും. ജിതേഷ് ശർമയും ഇന്ത്യൻ ടീമിനൊപ്പമുണ്ട്.”

”പക്ഷേ രോഹിത് ശർമയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ആയിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടു മാസങ്ങളിൽ എത്ര മികച്ച പ്രകടനം പന്ത് പുറത്തെടുക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഇത്. മികച്ച പ്രകടനം പുറത്തെടുത്താൽ പന്തിന് ഇന്ത്യൻ ടീമിലേക്ക് തിരികെ എത്താൻ സാധിക്കും.”- റെയ്ന പറയുന്നു.

Read Also -  ഹാരിസ് റോഫ് പന്തിൽ കൃത്രിമം കാട്ടി. ആരോപണവുമായി അമേരിക്കൻ ബോളർ.

“ഇഷാൻ കിഷനാണ് രോഹിത് ശർമയ്ക്ക് മുൻപിലുള്ള മറ്റൊരു ഓപ്ഷൻ. ജിതേഷ് ശർമ സമീപ സമയത്ത് നന്നായി തന്നെ കളിച്ചിട്ടുണ്ട്. ബാറ്റിംഗിൽ തനിക്ക് അവസരം ലഭിക്കുമ്പോഴൊക്കെയും ജിതേഷ് മികവു പുലർത്തി കഴിഞ്ഞു. എന്നിരുന്നാലും സഞ്ജു സാസനാണ് ടീമിൽ ഇമ്പാക്ട് ഉണ്ടാക്കിയെടുക്കുന്നത്.

വലിയ ഇന്നിംഗ്സുകൾ കളിക്കാൻ സഞ്ജുവിന് സാധിക്കും. ഒരു നായകന്റെ നിലവാരത്തിലാണ് സഞ്ജു കളിക്കുന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുന്നതും സഞ്ജുവാണ്. എനിക്ക് സഞ്ജുവിൽ വലിയ ആത്മവിശ്വാസം തന്നെയുണ്ട്.”- റെയ്ന കൂട്ടിച്ചേർക്കുന്നു.

നിലവിൽ ഇന്ത്യ തങ്ങളുടെ അഫ്ഗാനെതിരായ ട്വന്റി20 പരമ്പരയിൽ രണ്ട് വിക്കറ്റ് കീപ്പർമാരെയാണ് സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജിതേഷ് ശർമയും സഞ്ജു സാംസനും. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ജിതേഷിനെയായിരുന്നു ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്.

സഞ്ജുവിന് ആദ്യ മത്സരത്തിൽ അവസരം ലഭിച്ചില്ല. എന്നിരുന്നാലും ജിതേഷ് ആദ്യ മത്സരത്തിൽ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. 20 പന്തുകളിൽ 31 റൺസ് സ്വന്തമാക്കാൻ ജിതേഷിന് സാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ വരും മത്സരങ്ങളിൽ സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുമോ എന്ന കാര്യവും സംശയമാണ്.

Scroll to Top