ഇന്ത്യയുടെ ഭാവിയിലെ വജ്രായുധമാണവൻ. അവന്റെ പേസ് ഞെട്ടിക്കുന്നു. യുവ ഓൾറൗണ്ടറെ പറ്റി ഹർഭജൻ സിംഗ്.

indian young players

ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ശക്തമായ പ്രകടനം തന്നെയായിരുന്നു ശിവം ദുബെ കാഴ്ചവെച്ചത്. മത്സരത്തിൽ ബോളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങാൻ ദുബെയ്ക്ക് സാധിച്ചു. മത്സരത്തിൽ 40 പന്തുകളിൽ നിന്ന് 60 റൺസ് നേടി ശക്തമായ ബാറ്റിംഗ് പ്രകടനമാണ് ദുബെ കാഴ്ചവെച്ചത്.

മാത്രമല്ല ബോളിങ്ങിൽ ഒരു നിർണായക വിക്കറ്റ് സ്വന്തമാക്കാനും ദുബെയ്ക്ക് സാധിച്ചിരുന്നു. ശിവം ദുബെയുടെ മത്സരത്തിലെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. വരും കാലങ്ങളിൽ ദുബെ ഒരു മികച്ച പേസ് ബോളിംഗ് ഓൾറൗണ്ടറായി മാറും എന്നാണ് ഹർഭജൻ കരുതുന്നത്.

ദുബെ കഴിഞ്ഞ സമയങ്ങളിലായി തന്റെ ബോളിങ്ങിൽ പുരോഗതികൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന് ഹർഭജൻ കരുതുന്നു. തന്റെ പേസ് അടക്കം വർദ്ധിപ്പിക്കാൻ ദുബെയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് ഹർഭജൻ പറയുന്നത്. സമീപകാലത്ത് ഇന്ത്യൻ ടീമിൽ മികച്ച ഫിറ്റ്നസോടെ എത്തിച്ചേർന്ന ഒരു താരം കൂടിയാണ് ദുബെ എന്ന് ഹർഭജൻ കരുതുന്നു. ഇത്തരത്തിൽ അഫ്ഗാനിസ്ഥാനെതിരെ അവശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും മികവ് പുലർത്തിയാൽ ഇന്ത്യയ്ക്ക് ദുബെയെ മാറ്റിനിർത്താൻ സാധിക്കില്ലയെന്നും ഹർഭജൻ കൂട്ടിച്ചേർത്തു. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവെയാണ് ഹർഭജൻ തന്റെ അഭിപ്രായം അറിയിച്ചത്.

“ശിവം ദുബെയിൽ ഞാൻ കണ്ട ഒരു പ്രധാന മാറ്റം അവന്റെ ബോളിംഗ് പേസാണ്. തന്റെ ബോളിങ്ങിൽ അല്പം പേസ് വർദ്ധിപ്പിക്കാൻ ദുബെയ്ക്ക് സാധിച്ചിട്ടുണ്ട്. വലിയ രീതിയിലുള്ള പുരോഗതി തന്നെയാണ് പേസിൽ ഉണ്ടായിരിക്കുന്നത്. മാത്രമല്ല തന്റെ ഫിറ്റ്നസ്സിൽ വളരെ കഠിനപ്രയത്നം നടത്തുന്ന താരം കൂടിയാണ് ദുബെ. ഇന്ത്യ വളരെക്കാലമായി തേടുന്ന, ഒരുപാട് കാലം ആശ്രയിക്കാൻ സാധിക്കുന്ന ഒരു പേസ് ബോളിംഗ് ഓൾറൗണ്ടറായി ശിവം ദുബെ മാറും. അഫ്ഗാനിസ്ഥാനെതിരായ അവശേഷിക്കുന്ന മത്സരത്തിൽ കൂടെ ദുബെയ്ക്ക് റൺസ് കണ്ടെത്താൻ സാധിച്ചാൽ, അയാളെ ഒഴിവാക്കുക എന്നത് ഇന്ത്യയ്ക്ക് പ്രയാസകരമാവും.”- ഹർഭജൻ പറഞ്ഞു.

Read Also -  കോഹ്ലിയെ ഓപ്പണിങ് ഇറക്കുന്നത് മണ്ടത്തരം. വിമർശനവുമായി പാക് താരം.

2024 ട്വന്റി20 ലോകകപ്പ് ആരംഭിക്കാൻ കേവലം മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അമേരിക്കയിലും വെസ്റ്റിൻഡീസിനുമായി ജൂൺ 1 മുതലാണ് ടൂർണ്ണമെന്റ് ആരംഭിക്കുന്നത്. അതിനാൽ തന്നെ ലോകകപ്പിനായി മികച്ച ഒരു ടീം കെട്ടിപ്പടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

അതിന് മുന്നോടിയായാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പര കളിക്കുന്നത്. ഈ സാഹചര്യത്തിൽ ശിവം ദുബെ മികവ് പുലർത്തുന്നത് ഇന്ത്യയ്ക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്. ഹർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റ സാഹചര്യത്തിൽ ഒരു പേസ് ബോളിംഗ് ഓൾറൗണ്ടറായി തന്നെ ദുബെ ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലേക്ക് എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Scroll to Top