2025 ഐപിഎൽ മെഗാലേലത്തിന്റെ ആദ്യ ദിവസം ഞെട്ടിക്കുന്ന തന്ത്രങ്ങളുമായി സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. ലേലത്തിന്റെ ആ ദ്യസമയത്ത് വളരെ നിരാശാജനകമായ പ്രകടനമായിരുന്നു ഫ്രാഞ്ചൈസി കാഴ്ചവച്ചത്.
കഴിഞ്ഞ സീസണിലെ തങ്ങളുടെ പ്രധാന താരങ്ങളായ ട്രെന്റ് ബോൾട്ട്, ഇന്ത്യൻ താരങ്ങളായ രവിചന്ദ്രൻ അശ്വിൻ, യൂസ്വേന്ദ്ര ചഹൽ എന്നിവരെ രാജസ്ഥാൻ വിട്ടു നൽകുകയുണ്ടായി. ഇത് ആരാധകരെ പോലും വലിയ ആശങ്കയിലാക്കിയിരുന്നു. എന്നാൽ ഇതിന് പകരക്കാരായി കിടിലൻ 3 താരങ്ങളെയാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിന്റെ സൂപ്പർ പേസറായ ജൊഫ്ര ആർച്ചറാണ് രാജസ്ഥാൻ ടീമിലെ ഇത്തവണത്തെ പ്രധാന വജ്രായുധം. കഴിഞ്ഞ സമയങ്ങളിൽ പരിക്കിന്റെ പിടിയിലായിരുന്നുവെങ്കിലും ഐപിഎല്ലിൽ അടക്കം വമ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള താരമാണ് ജോഫ്ര ആർച്ചർ. ആർച്ചർക്ക് ശേഷം രാജസ്ഥാൻ പൂർണ്ണമായ പ്രതീക്ഷ വച്ചത് ശ്രീലങ്കയുടെ സ്പിൻ ഓൾറൗണ്ടർ വനിന്തു ഹസരംഗയിലാണ്. മുൻപ് സഞ്ജു സാംസൺ അടക്കമുള്ള വമ്പൻ താരങ്ങളെ ക്രീസിൽ നിർത്തി താണ്ഡവമാടിയ ബോളറാണ് ഹസരംഗ. ഇത്തവണ രാജസ്ഥാൻ സ്പിൻ അറ്റാക്കിന് നേതൃത്വം വഹിക്കാനായി ഹസരംഗയെ ഫ്രാഞ്ചൈസി സ്വന്തമാക്കി കഴിഞ്ഞു.
പിന്നീട് രാജസ്ഥാൻ പൂർണമായ ശ്രദ്ധ വച്ചത് മറ്റൊരു ശ്രീലങ്കൻ സ്പിന്നറിലാണ്. കഴിഞ്ഞ സീസണിൽ ചെന്നൈയുടെ താരമായിരുന്ന മഹേഷ് തീക്ഷണ. ചെന്നൈയ്ക്കായി തട്ടുപൊളിപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച തീക്ഷണയെ കുറഞ്ഞ തുകയ്ക്ക് തങ്ങളുടെ ടീമിലെത്തിക്കാൻ രാജസ്ഥാന് സാധിച്ചിട്ടുണ്ട്. ഇതോടെ തങ്ങളുടെ ബോളിംഗ് ശക്തമാക്കാനും രാജസ്ഥാന് സാധിച്ചു. ഈ 3 താരങ്ങൾക്കും 2 കോടി രൂപയായിരുന്നു ലേലത്തിലെ അടിസ്ഥാന തുക. ഇക്കൂട്ടത്തിൽ ആർച്ചർക്ക് വലിയ രീതിയിലുള്ള ഡിമാൻഡ് ആണ് ലേലത്തിൽ ഉണ്ടായത്. 12.5 കോടി രൂപ ആർച്ചർക്കായി മുടക്കാൻ രാജസ്ഥാൻ തയ്യാറായി.
അതേസമയം ട്വന്റി20യിലെ മികച്ച സ്പിന്നറായിട്ടും ഹസരംഗയ്ക്ക് വലിയ ഡിമാൻഡ് ലേലത്തിൽ വന്നില്ല. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 5.25 കോടി രൂപയ്ക്ക് സ്വന്തമാക്കാൻ രാജസ്ഥാന് സാധിച്ചു. കൂടാതെ തീക്ഷണയെ 4.4 കോടി എന്ന കുറഞ്ഞ തുകയ്ക്കും സഞ്ജുവിന്റെ ടീമിന് ലഭിച്ചു. കഴിഞ്ഞ സീസണിൽ രാജസ്ഥാനായി മികച്ച പ്രകടനം പുറത്തെടുത്ത ബോൾട്ടിന്റെ അഭാവം നികത്തുക എന്ന ലക്ഷ്യത്തോടെയാണ് ജോഫ്ര ആർച്ചറെ രാജസ്ഥാൻ ടീമിൽ എത്തിച്ചിട്ടുള്ളത്. ഇതിന് ആർച്ചർക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.