ഇന്ത്യ :ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ കാഴ്ചകൾ ഇന്ത്യൻ ആരാധകർക്കായി നൽകുന്നത് സന്തോഷ വാർത്തകൾ മാത്രം. തുടക്കത്തിൽ അൽപ്പം പതറി എങ്കിലും രോഹിത് :രാഹുൽ ജോഡിയുടെ മനോഹര ബാറ്റിങ് പ്രകടനത്താൽ പിറന്ന സെഞ്ച്വറി കൂട്ടുകെട്ട് ചരിത്രനേട്ടങ്ങളാണ് ലോർഡ്‌സിലെ മണ്ണിൽ സൃഷ്ടിച്ചത്. ആദ്യ ടെസ്റ്റിലെ പോലെ രോഹിത്തും രാഹുലും ഇംഗ്ലണ്ട് ടീമിന്റെ സ്വിങ്ങ് ബൗളിങ്ങിനെ സമർത്ഥമായി നേരിട്ടപ്പോൾ നിർണായക രണ്ടാം ടെസ്റ്റിലെ ഒന്നാം ക്രിക്കറ്റ് ദിനത്തെ പ്രത്യേകത ഓപ്പണർ ലോകേഷ് രാഹുൽ സെഞ്ച്വറി തന്നെയാണ്.83 റൺസടിച്ച രോഹിത് ശർമ സെഞ്ച്വറി നേടുവാനായി സാധിക്കാതെ പുറത്തായപ്പോൾ രാഹുൽ തന്റെ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ച് വരവ് ക്ലാസ്സിക് സെഞ്ച്വറിയോടെ വമ്പൻ ആഘോഷമാക്കി മാറ്റി.
രണ്ട്വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് ഈ ടെസ്റ്റ് പരമ്പരയോടെ മാത്രം തിരിച്ചെത്തിയ രാഹുലിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ആറാം സെഞ്ച്വറിയാണിത്. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ രാഹുൽ 248 പന്തിൽ നിന്നും 12 ഫോറും ഒരു സിക്സും ഉൾപ്പെടെ 127 റൺസ് അടിച്ചെടുത്തിട്ടുണ്ട്. ഒന്നാം ദിനം തന്റെ വിക്കറ്റ് നൽകാതെ കളി അവസാനിപ്പിച്ച രാഹുൽ തന്റെ ക്ലാസ്സ് ബാറ്റിങ് മികവ് ഇന്നും കൈമോശം വന്നിട്ടില്ല എന്ന് ഏറെ ആവേശത്തോടെ തെളിയിച്ചു. ക്രിക്കറ്റിലെ വിഖ്യാതമായ ലോർഡ്‌സിൽ സെഞ്ച്വറി നേടുവാൻ സാധിച്ച രാഹുലിന് സച്ചിനും ഒപ്പം വിരാട് കോഹ്ലിക്കും പോലും നേടാൻ കഴിയാത്ത നേട്ടമാണ് സ്വന്തമാക്കിയത്. ലോർഡ്‌സിൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന പത്താം ഇന്ത്യൻ ബാറ്റ്‌സ്മാനും മൂന്നാം ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാനുമാണ് ലോകേഷ് രാഹുൽ.ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ വിനു മങ്കാദ് രവി ശാസ്ത്രി എന്നിവരാണ് ഈ നേട്ടം മുൻപ് നേടിയ ഇന്ത്യൻ ടെസ്റ്റ് ഓപ്പണർമാർ
അതേസമയം ടെസ്റ്റ് ക്രിക്കറ്റിലെ മറ്റ് ചില നേട്ടങ്ങളും രാഹുലിന് സ്വന്തമായി. ടെസ്റ്റ് ക്രിക്കറ്റിൽ ഏഷ്യക്ക് പുറത്ത് ഏറ്റവും അധികം സെഞ്ച്വറികളുള്ള ഓപ്പണിങ് താരങ്ങൾ പട്ടികയിൽ രാഹുൽ രണ്ടാമത് എത്തി. ഏഷ്യക്ക് പുറത്ത് രാഹുലിന്റെ നാലാം ടെസ്റ്റ് സെഞ്ച്വറി കൂടിയാണിത്.15 ടെസ്റ്റ് സെഞ്ച്വറികൾ നേടിയ ഗവാസ്ക്കർ ഈ ലിസ്റ്റിൽ മുൻപിലുണ്ട്. ഇംഗ്ലണ്ടിൽ ഒന്നിൽ കൂടുതൽ ടെസ്റ്റ് സെഞ്ച്വറികളുള്ള ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാന്മാരിൽ അഞ്ചാമനായി രാഹുൽ മാറി. രണ്ട് ടെസ്റ്റ് സെഞ്ച്വറികൾ വീതം ഓപ്പണർ റോളിൽ ഇംഗ്ലണ്ടിൽ സ്വന്തമാക്കിയ മറ്റ് ഇന്ത്യൻ താരങ്ങൾ രാഹുൽ ദ്രാവിഡ്, സുനിൽ ഗവാസ്ക്കർ, വിജയ് മെർച്ചന്റ്,രവി ശാസ്ത്രി എന്നിവരാണ്.