സെഞ്ചുറിയുമായി കെല്‍ രാഹുല്‍. കൂറ്റന്‍ സ്കോറിലേക്ക് ഇന്ത്യ.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ദിനത്തില്‍ ഇന്ത്യ മികച്ച നിലയിൽ. ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 276 റൺസെന്ന നിലയിലാണ്. 248 പന്തില്‍ 127 റണ്‍സെടുത്ത കെല്‍ രാഹുലും 20 പന്തില്‍ 1 റണ്‍സ് നേടിയ രഹാനയുമാണ് ക്രീസില്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി രോഹിത് ശർമയും കെഎൽ രാഹുലും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 126 റൺസിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കി. 83 റൺസെടുത്ത രോഹിതിനെ ക്ലീന്‍ ബൗള്‍ഡാക്കി ജെയിംസ് ആൻഡേഴ്സൺ ഈ കൂട്ടുകെട്ട് പൊളിച്ചു. രോഹിതിന്റെ ഇന്നിംഗ്സില്‍ 11 ഫോറും ഒരു സിക്സും പിറന്നു.

പിന്നാലെ എത്തിയ ചേതേശ്വർ പൂജാരയ്ക്ക് അധികനേരം ക്രീസില്‍ നില്‍ക്കാനായില്ലാ. 23 പന്തിൽ ഒമ്പത് റൺസെടുത്ത പൂജാരയെ ആൻഡേഴ്സൺ പുറത്താക്കി. പിന്നാലെ എത്തിയ വീരാട് കോഹ്ലി കെല്‍ രാഹുലിന് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിലേക്ക് റണ്‍സ് ഒഴുകി. ഇരുവരും ചേര്‍ന്ന് 117 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കി. 103 പന്തില്‍ 42 റണ്‍ നേടിയ കോഹ്ലിയെ ഒലി റോബിന്‍സണ്‍ പുറത്താക്കി.

Rahul vs England

മാര്‍ക്ക് വുഡിനെ ബൗണ്ടറി കടത്തി കെല്‍ രാഹുല്‍ സെഞ്ചുറി തികച്ചിരുന്നു. 212 പന്തിലാണ് രാഹുലിന്‍റെ സെഞ്ചുറി പിറന്നത്.