ഓപ്പണർ മുതൽ വിക്കറ്റ് കീപ്പർ വരെ :ഇപ്പോൾ പരിശീലകൻ -ദ്രാവിഡിന്റെ ഞെട്ടിക്കുന്ന ക്രിക്കറ്റ്‌ ജീവിതം

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് എന്നും ഏറെ പ്രിയപ്പെട്ട താരമാണ് വിശ്വസ്ത ബാറ്റ്‌സ്മാൻ രാഹുൽ ദ്രാവിഡ്. മൂന്നാം നമ്പറിൽ ഏകദിനത്തിലും ടെസ്റ്റിലും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ ദ്രാവിഡ്‌ ഇന്ന് തന്റെ ജീവിതത്തിലെ മറ്റൊരു നിർണായക ചുമതല സ്വീകരിച്ച് വീണ്ടും അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. ടീം ഇന്ത്യയുടെ ലങ്കൻ പര്യടനത്തിൽ ഹെഡ് കോച്ചായി ഏറെ തിളങ്ങുവാൻ പോകുന്ന രാഹുൽ ദ്രാവിഡിന്റെ ജീവിതവും ക്രിക്കറ്റ്‌ കരിയറും വീണ്ടും ക്രിക്കറ്റ്‌ ലോകത്ത് സജിവ ചർച്ചയായി മാറുകയാണ്. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ബാറ്റ്‌സ്മാനായി എത്തി പിന്നീട് വിക്കറ്റ് കീപ്പറായും ടീമിന്റെ ഒരു മോശം അവസ്‌ഥയിൽ നായകനായും ഒപ്പം വിക്കറ്റ് കീപ്പർ റോളിലും ശേഷം വിരമിക്കലിന് ശേഷം അണ്ടർ 19, ഇന്ത്യൻ എ ടീമുകളുടെ എല്ലാം കോച്ചായ രാഹുൽ ദ്രാവിഡ് മറ്റൊരു പ്രധാന ചുമതല കൂടി ഏറ്റെടുക്കുമ്പോൾ ക്രിക്കറ്റ്‌ പ്രേമികളും ഏറെ ആകാംക്ഷയിലാണ്.

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ കഴിഞ്ഞ 30 വർഷത്തെ ചരിത്രം പരിശോധിച്ചാൽ രാഹുൽ ദ്രാവിഡ് എന്ന മഹാനായ താരം സ്വർണ്ണ ലിപികളാൽ എഴുതപ്പെടാവുന്ന അപൂർവ്വ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഒരു ബാറ്റ്‌സ്മാനായി ടീമിലെത്തി പിന്നീട് എതിരാളികൾക്ക് മുൻപിൽ കരുത്തുറ്റ പ്രതിരോധവുമായി വന്മതിൽ തീർത്ത ദ്രാവിഡ് ടെസ്റ്റ് ക്രിക്കറ്റിൽ 13,288 റൺസും ഏകദിനത്തിൽ 10899 റൺസും നേടി കഴിഞ്ഞു. സച്ചിൻ എന്ന ഇതിഹാസത്തിന് പിറകിലായി പലപ്പോഴും വാഴ്ത്തപെടാതെ പോകുന്ന ദ്രാവിഡിന്റെ നേട്ടങ്ങൾ എന്നും വരുംകാല ക്രിക്കറ്റ്‌ താരങ്ങൾക്കും ഒരു പ്രചോദനമാണ്.ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച കാലയളവിൽ പല തരം ബാറ്റിങ് സ്ഥാനങ്ങളിൽ കളിച്ച ദ്രാവിഡ്‌ പിന്നീട് മൂന്നാം നമ്പറിൽ വിശ്വസ്തനായി മാറി. ഏകദിന ക്രിക്കറ്റിൽ കൂടുതലും അഞ്ചാം നമ്പറിൽ അടക്കം കളിച്ച ദ്രാവിഡ് ഒരേ ഒരു ടി :20 മത്സരമാണ് കളിച്ചത്. ഏക ടി :20യിൽ തുടർച്ചയായി മൂന്ന് സിക്സറുകൾ പായിച്ച ദ്രാവിഡ് കുട്ടി ക്രിക്കറ്റ്‌ തനിക്കും വഴങ്ങുമെന്ന് തെളിയിച്ചു.ബാറ്റ്‌സ്മാൻ എന്നരൊറ്റ റോളിൽ മാത്രമല്ല ദ്രാവിഡ്‌ പിന്നീട് ശോഭിച്ചത്.

മഹേന്ദ്ര സിങ് ധോണി, യുവരാജ് സിങ്, മുഹമ്മദ്‌ കൈഫ്‌ തുടങ്ങിയ ഫിനിഷർ ബാറ്റ്‌സ്മാന്മാരുടെ അഭാവത്തിൽ രാഹുൽ ദ്രാവിഡ് പല മത്സരങ്ങളിൽ ടീം ഇന്ത്യയുടെ വജ്രായുധമായി.ഏകദിന ക്രിക്കറ്റിൽ ഇരുപത്തിരണ്ട് പന്തുകൾ മാത്രം നേരിട്ട് അർദ്ധ സെഞ്ച്വറി അടിച്ച ദ്രാവിഡ് ഏകദിനത്തിലെ വേഗതയേറിയ നാലാമത്തെ സെഞ്ച്വറി എന്ന നേട്ടവും കരസ്ഥമാക്കിയിട്ടുണ്ട്.ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്നാമത്തെ ഓപ്പണിങ് കൂട്ടുകെട്ടിലും ദ്രാവിഡ്‌ പങ്കാളിയാണ്. സേവാഗിന് ഒപ്പം ലാഹോർ ടെസ്റ്റിൽ 410 റൺസ് ആദ്യ വിക്കറ്റിൽ അടിച്ചെടുക്കാൻ ദ്രാവിഡിന് കഴിഞ്ഞു. ഓപ്പണർ റോളിന് പുറമേ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായും ദ്രാവിഡ്‌ തിളങ്ങി.

ഒരു മികച്ച വിക്കറ്റ് കീപ്പറുടെ അഭാവം ടീം ഇന്ത്യയെ ഏറെ ബാധിച്ചത് 2000ന്റെ തുടക്ക കാലത്താണ്. രാഹുൽ ദ്രാവിഡ് ഈ റോളിലേക്ക് ടീം മാനേജ്മെന്റിന്റെ നിർദേശം അനുസരിച്ച് എത്തിയതോടെ ടീമിന്റെ പ്രകടനവും മെച്ചപ്പെട്ടു.2003ലെ ഏകദിന ലോകകപ്പിൽ താരം വിക്കറ്റിന് പിന്നിൽ ഗംഭീര പ്രകടനം പുറത്തെടുത്തു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പൂർണ്ണ വിരമിക്കൽ പ്രഖ്യാപിച്ച ദ്രാവിഡ് ശേഷം പരിശീലക കുപ്പായത്തിൽ തിളങ്ങി. ചില മത്സരങ്ങളിൽ ഇന്ത്യൻ എ ടീമിന്റെ കോച്ച് എന്ന റോളിൽ തിളങ്ങിയ ദ്രാവിഡ് പിന്നീട് അണ്ടർ 19 ടൂർണമെന്റിൽ സ്റ്റാർ താരം ഇഷാൻ കിഷൻ നായകനായ ടീമിനെ പരിശീലിപ്പിച്ചു.ആ വർഷം ഫൈനലിൽ ഇന്ത്യൻ യുവ നിര തോൽവി വഴങ്ങി എങ്കിലും 2018ലെ അണ്ടർ 19 ലോകകപ്പ് പൃഥ്വി ഷാ ക്യാപ്റ്റനായ ടീം നേടി. നിലവിൽ ദ്രാവിഡ്‌ നാഷണൽ ക്രിക്കറ്റ്‌ അക്കാഡമി ചെയർമാനാണ്. ലങ്കൻ പര്യടനത്തിൽ മറ്റൊരു റോൾ കൂടി ഏറ്റെടുക്കുന്ന മുൻ ഇതിഹാസ താരത്തിന്റെ മികച്ച ഒരു പ്രകടനമാണ് ക്രിക്കറ്റ്‌ ആരാധകരും പ്രതീക്ഷിക്കുന്നത്.

Previous articleതകര്‍പ്പന്‍ ജയവുമായി അര്‍ജന്‍റീന സെമിഫൈനലില്‍. വരാനിരിക്കുന്നത് ക്ലാസിക്ക് ഫൈനലോ ?
Next articleഇന്ത്യൻ ടീമിനെ കളിയാക്കുന്നോ :ഇത് ശക്തമായ ടീം -ചോദ്യവുമായി ആകാശ് ചോപ്ര