തകര്‍പ്പന്‍ ജയവുമായി അര്‍ജന്‍റീന സെമിഫൈനലില്‍. വരാനിരിക്കുന്നത് ക്ലാസിക്ക് ഫൈനലോ ?

ലയണല്‍ മെസ്സിയുടെ ഫ്രീകിക്ക് ഗോളും, രണ്ട് അസിസ്റ്റിന്‍റെയും പിന്‍ബലത്തില്‍ തകര്‍പ്പന്‍ വിജയവുമായി അര്‍ജന്‍റീന. കോപ്പാ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വഡോറിനെ എതിരില്ലാത്ത മൂന്നു ഗോളിനു തോല്‍പ്പിച്ചാണ് അര്‍ജന്‍റീന സെമിഫൈനലില്‍ എത്തിയത്.

ആദ്യ പകുതിയില്‍ സുവര്‍ണാവസരം മെസ്സി നഷ്ടമാക്കിയെങ്കിലും, ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുന്‍പ് റോഡ്രിഗോ ഡീപോളിനു അസിസ്റ്റ് നല്‍കി അര്‍ജന്‍റീനയെ മുന്നില്‍ എത്തിച്ചു. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകള്‍ പിറന്നത്.

85ാം മിനിറ്റില്‍ മെസ്സിയുടെ പാസ്സില്‍ ലൗതാറോ മാര്‍ട്ടിനെസ് ലക്ഷ്യം കണ്ടു. ഇഞ്ചുറി ടൈമില്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയാണ് മെസ്സി മൂന്നാം ഗോള്‍ കണ്ടെത്തിയത്. ഡീമരിയയെ വീഴ്ത്തിയതിനു പെനാല്‍റ്റിയാണ് ആദ്യം വിധിച്ചതെങ്കിലും വാറിലൂടെ അത് ഫ്രീകിക്കായി മാറി. ഫൗളിന്‍റെ കാരണത്താല്‍ ഇക്വഡോര്‍ താരം പ്രഡ്രോ റെയ്ന ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

സെമിഫൈനലില്‍ യുറുഗ്വയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച കൊളംമ്പിയയാണ് അര്‍ജന്‍റീനയുടെ എതിരാളികള്‍. മറ്റൊരു സെമിഫൈനലില്‍ ബ്രസീല്‍ പെറുവിനെ നേരിടും. അര്‍ജന്‍റീനയും ബ്രസീലും ഈ മത്സരത്തില്‍ വിജയിച്ചാല്‍ ക്ലാസിക്ക് പോരാട്ടത്തിനു വഴിയൊരുങ്ങും.