ഇത്തവണത്തെ ലോകത്തിലെ ആദ്യ മൂന്നു മത്സരങ്ങളിലും ദയനീയ പ്രകടനം പുറത്തെടുത്ത് ഇന്നലെയാണ് ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത് കൊണ്ട് ഫോമിലേക്ക് തിരികെ എത്തുന്ന സൂചന രാഹുൽ നൽകിയത്. 32 പന്തിൽ 50 റൺസ് ആണ് താരം ഇന്നലെ നേടിയത്. താരത്തിന്റെ അർദ്ധ സെഞ്ച്വറി ബംഗ്ലാദേശിനെതിരായ വിജയത്തിൽ നിർണായക പങ്കാണ് വഹിച്ചത്.
താരത്തിന്റെ മോശം ഫോമിൽ കടുത്ത വിമർശനങ്ങളാണ് ആരാധകർ ഉയർത്തിയിരുന്നത്. രാഹുലിനെ ടീമിൽ നിന്നും ഒഴിവാക്കി പകരം പന്തിനെ ഓപ്പണർ ആക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചു രംഗത്തെത്തിയിരുന്നു. ലോകകപ്പിൽ മാത്രമല്ല, പരിക്കിൽ നിന്നും മോചിതനായി ലോകകപ്പിന് മുമ്പ് താരം കളിച്ച പരമ്പരകളിലും മോശം പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. അതിൻ്റെ അടിസ്ഥാനത്തിലാണ് ആരാധകർ വിമർശനങ്ങൾ ഉന്നയിച്ചിരുന്നത്.
ഇന്നലത്തെ അർദ്ധ സെഞ്ച്വറിയോടെ താരത്തിനെതിരെ ഉയർന്നിരുന്ന വിമർശനങ്ങൾക്ക് കുറച്ച് കുറവ് വന്നിട്ടുണ്ട്.
രാഹുൽ ആരാധകർക്കും രാഹുലിനും ഇന്നലത്തെ പ്രകടനം വളരെയധികം ആശ്വാസം നൽകിയിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. ആ കാര്യം വ്യക്തമാക്കുന്ന രീതിയിലുള്ളത് തന്നെയായിരുന്നു രാഹുലിന്റെ മത്സരശേഷം ഉള്ള പ്രതികരണം. മത്സരശേഷം ഇനി തനിക്ക് സമാധാനമായി ഉറങ്ങാം എന്നാണ് രാഹുൽ പറഞ്ഞത്.”കഴിഞ്ഞ ഒരു വർഷമായി ഞങ്ങളെല്ലാവരും ഈ ലോകകപ്പിനായി കാത്തിരിക്കുകയായിരുന്നു. നന്നായി കളിച്ചാലും ഇല്ലെങ്കിലും ബാലൻസ്ഡായി ഇരിക്കാൻ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു.
ടീം എനിക്കൊരു റോൾ തന്നിട്ടുണ്ടായിരുന്നു. അത് ചെയ്യാൻ കഴിഞ്ഞാൽ എനിക്ക് സമാധാനാമായി ഉറങ്ങാം.ഇത് ഏറെ പ്രധാനപ്പെട്ട മത്സരമായിരുന്നു. എല്ലാവർക്കും തങ്ങളാൽ കഴിയുന്നത് ചെയ്യണമെന്നുണ്ടായിരുന്നു. ഇന്ന് എന്റെ അവസരമായിരുന്നു. ഓരോ മത്സരങ്ങളിലും വ്യത്യസ്ത കളിക്കാരാണ് ഇങ്ങനെ നിർണായകമായ രീതിയിൽ പെർഫോം ചെയ്യുന്നത്.പ്രതിസന്ധി ഘട്ടങ്ങളെ എങ്ങനെ നേരിടണമെന്നതിനെ കുറിച്ച് ഞങ്ങൾ കൃത്യമായി തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. സമയമാകുമ്പോൾ ആ പ്ലാൻ നടപ്പിലാക്കാൻ കഴിയണമെന്ന് തന്നെയായിരുന്നു തീരുമാനിച്ചിരുന്നത്.”-രാഹുൽ പറഞ്ഞു.