അജിങ്ക്യ രഹാനെ 2025 ഐപിഎല്ലിൽ കൊൽക്കത്തയുടെ നായകനാവും. റിപ്പോർട്ട്‌ പുറത്ത്.

തങ്ങളുടെ നായകനായ ശ്രേയസ് അയ്യരെ കൊൽക്കത്ത ഇത്തവണത്തെ ലേലത്തിന് മുൻപ് റിലീസ് ചെയ്തിരുന്നു. ശേഷം ലേലത്തിൽ ശ്രേയസിനെ സ്വന്തമാക്കാൻ കൊൽക്കത്ത രംഗത്ത് വന്നില്ല. അടുത്ത സീസണിൽ കൊൽക്കത്തയുടെ നായകനായി ആരെത്തുമെന്ന സംശയം ഇതിന് ശേഷം വലിയ ചോദ്യചിഹ്നമായി എത്തിയിരുന്നു.

എന്നാൽ വെറ്ററൻ താരമായ അജിങ്ക്യ രഹാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ നയിക്കും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊൽക്കത്തൻ ടീമിനോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. രഹാനെ ടീമിന്റെ നായകനായി എത്താനുള്ള എല്ലാ സാധ്യതകളും നിലവിലുണ്ട് എന്ന് ടീം വൃത്തങ്ങൾ പറയുന്നു.

“അജിങ്ക്യ രഹാനെ കൊൽക്കത്ത ടീമിന്റെ നായകനായി എത്താനുള്ള എല്ലാ സാധ്യതയുമുണ്ട്. ഇപ്പോൾ 90%വും രഹാനെ നായകനാവാനാണ് സാധ്യത. കൊൽക്കത്തയുടെ ഒഴിഞ്ഞു കിടക്കുന്ന നായകസ്ഥാനം ലക്ഷ്യംവച്ചാണ് രഹാനെയെ ഇത്തവണ ഞങ്ങൾ സ്വന്തമാക്കിയത്.”- ടീം വൃത്തങ്ങൾ വ്യക്തമാക്കുന്നു. 2025 ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു കൊൽക്കത്ത അജിങ്ക്യ രഹാനെയെ ടീമിൽ എത്തിക്കാനായി തീരുമാനിച്ചത്. 1.5 കോടി രൂപയായിരുന്നു രഹാനെയുടെ അടിസ്ഥാന തുക. ഈ തുകയ്ക്ക് തന്നെയാണ് കൊൽക്കത്ത രഹാനെയെ തങ്ങളുടെ ടീമിൽ എത്തിച്ചത്.

നിലവിൽ സൈദ് മുഷ്തഖ് അലി ടൂർണമെന്റിൽ മികച്ച പ്രകടനമാണ് രഹാനെ കാഴ്ചവെച്ചത്. കേരളത്തിനെതിരായ മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാനും രഹാനെയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ശ്രേയസ് അയ്യർക്ക് പകരക്കാരനാവാൻ രഹാനെയ്ക്ക് സാധിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. കഴിഞ്ഞ സീസണിൽ കൊൽക്കത്ത ടീമിനെ മികച്ച രീതിയിൽ നയിക്കാൻ നായകൻ ശ്രേയസ് അയ്യർക്ക് സാധിച്ചിരുന്നു. എന്നാൽ ഇത്തവണ കൊൽക്കത്ത കൈവിട്ടതോടെ പഞ്ചാബ് കിങ്സിലേക്ക് ശ്രേയസ് ചേക്കേറിയിരിക്കുകയാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ നായകനെന്ന നിലയിൽ ഭേദപ്പെട്ട റെക്കോർഡുകൾ തന്നെയാണ് അജിങ്ക്യ രഹാനെയ്ക്കുള്ളത്. രാജസ്ഥാൻ റോയൽസ് ടീമിനെ ഐപിഎല്ലിന്റെ സെമിഫൈനലിൽ എത്തിച്ച നായകനാണ് രഹാനെ. അതുകൊണ്ടു തന്നെ ഇത്തവണയും രഹാനെയ്ക്ക് മികവ് പുലർത്താൻ സാധിക്കുമെന്നാണ് കൊൽക്കത്ത മാനേജ്മെന്റ് വിശ്വസിക്കുന്നത്. 2025 ഐപിഎൽ സീസണിന് മുന്നോടിയായി നടന്ന ലേലത്തിൽ വമ്പൻ താരങ്ങളെ തന്നെയാണ് കൊൽക്കത്ത സ്വന്തമാക്കിയിരിക്കുന്നത്. റിങ്കു സിംഗ്, വരുൺ ചക്രവർത്തി, സുനിൽ നരേൻ, ആൻഡ്ര റസൽ, വെങ്കിടേഷ് അയ്യർ, മോയിൻ അലി, ഉമ്രാൻ മാലിക് തുടങ്ങി വമ്പൻ നിരയാണ് ഇത്തവണയും കൊൽക്കത്തയ്ക്കുള്ളത്.

Previous article“വിക്കറ്റ് വേട്ടയിൽ ബുംറയേക്കാൾ മികച്ച മറ്റൊരു ഇന്ത്യൻ ബോളർ നിലവിലുണ്ട്”. ആകാശ് ചോപ്ര പറയുന്നു.
Next articleസ്റ്റാർക്കിനെ സ്ലെഡ്ജ് ചെയ്യാൻ ജയസ്വാൾ വളർന്നിട്ടില്ല. പ്രതികരണവുമായി മിച്ചൽ ജോൺസൺ.