“വിക്കറ്റ് വേട്ടയിൽ ബുംറയേക്കാൾ മികച്ച മറ്റൊരു ഇന്ത്യൻ ബോളർ നിലവിലുണ്ട്”. ആകാശ് ചോപ്ര പറയുന്നു.

ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്ക് എതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച ബോളിങ് പ്രകടനം പുറത്തെടുക്കാൻ നായകൻ ബുംറയ്ക്ക് സാധിച്ചിരുന്നു. മത്സരത്തിൽ 8 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇതോടെ മത്സരത്തിലെ താരമായും ബുമ്രയെ തിരഞ്ഞെടുക്കുകയുണ്ടായി.

ബുമ്രയ്ക്ക് ശേഷം നിലവിൽ ഇന്ത്യൻ ടീമിന്റെ ലൈം ലൈറ്റിൽ തിളങ്ങിനിൽക്കുന്ന മറ്റൊരു ബോളറാണ് അർഷദീപ് സിംഗ്. 2025 ഐപിഎൽ മെഗാ ലേലത്തിൽ 18 കോടി രൂപയ്ക്കാണ് പഞ്ചാബ് കിംഗ്സ് അർഷദീപിനെ സ്വന്തമാക്കിയത്. ഇപ്പോൾ അർഷദീപിനെ കുറിച്ച് വലിയൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ട്വന്റി20 ക്രിക്കറ്റിൽ വിക്കറ്റുകൾ സ്വന്തമാക്കുന്ന കാര്യത്തിൽ ബുമ്രയെക്കാൾ മുൻപിലാണ് അർഷദീപ് എന്ന് ആകാശ് ചോപ്ര പറയുന്നു.

“ലേലത്തിൽ പഞ്ചാബിന് അർഷദീപ് സിംഗിനെ ആവശ്യമായിരുന്നു. അതുകൊണ്ടാണ് അവർ 18 കോടി രൂപ മുടക്കി അർഷദീപിനെ തങ്ങളുടെ ടീമിലേക്ക് എത്തിച്ചത്. അവനെ ടീമിൽ നിലനിർത്താൻ സാധിക്കുന്നത്രയും പണം തന്നെ അവർ ലേലത്തിൽ അവനായി മുടക്കുകയുണ്ടായി. കാരണം അത്ര മികച്ച താരമാണ് അർഷദീപ്. മാത്രമല്ല അവൻ ഒരു പഞ്ചാബിയാണ്. ഇനിയും പഞ്ചാബിനൊപ്പം തുടരാനും അവന് സാധിക്കും.”- ആകാശ് ചോപ്ര കൂട്ടിച്ചേർത്തു. ന്യൂബോളിലും പഴയ ബോളിലും ഒരേ പോലെ മികവ് പുലർത്താൻ സാധിക്കുന്ന ചുരുക്കം ചില ബോളർമാരിൽ ഒരാളാണ് അർഷദീപ് എന്നാണ് ചോപ്ര പറയുന്നത്.

Arshdeep 3

“ന്യൂബോൾ ആയാലും പഴയ ബോൾ ആയാലും ഒരേപോലെ മികവ് പുലർത്താൻ അർഷദീപിന് സാധിക്കും. ജസ്പ്രീത് ബുമ്രയ്ക്കുശേഷം, മത്സരത്തിൽ കൃത്യമായി ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കുന്ന മറ്റൊരു ഇന്ത്യൻ താരമാണ് അർഷദീപ് സിംഗ്. മാത്രമല്ല ട്വന്റി20 ക്രിക്കറ്റിൽ വിക്കറ്റുകൾ സ്വന്തമാക്കാനുള്ള കഴിവിലേക്ക് വന്നാൽ ബുംറയേക്കാൾ അല്പം മുകളിലുമണ് അർഷദീപ്. ഒരുപക്ഷേ ചില സമയങ്ങളിൽ അവൻ അല്പം റൺസ് വിട്ടുനൽകാറുണ്ട്. പക്ഷേ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കുന്ന കാര്യത്തിൽ അർഷദീപ് ബൂമ്രയെക്കാൾ മുകളിലാണ്.”- ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

പഞ്ചാബ് കിംഗ്സ് ലേലത്തിൽ 18 കോടി രൂപയ്ക്കാണ് സ്പിന്നർ ചാഹലിനെ സ്വന്തമാക്കിയത്. ഇതിനെപ്പറ്റിയും ആകാശ് പറയുകയുണ്ടായി. “18 കോടി രൂപയ്ക്കാണ് പഞ്ചാബ് ചാഹലിനെ സ്വന്തമാക്കിയത്. സാധാരണയായി സ്പിന്നർമാർക്ക് ഇത്തരത്തിൽ വലിയ തുക കിട്ടാറില്ല. റാഷിദ് ഖാൻ മാത്രമാണ് ഇത്തരത്തിൽ വലിയ തുക കിട്ടാൻ സാധ്യതയുള്ള സ്പിന്നർ. അവനെ അതേ തുകയ്ക്ക് തന്നെയാണ് ഗുജറാത്ത് നിലനിർത്തിയതും. എന്തായാലും ചാഹലിന്റെ കാര്യത്തിൽ വലിയ സന്തോഷമാണുള്ളത്. കാരണം നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നറാണ് ചാഹൽ.”- ആകാശ് കൂട്ടിച്ചേർക്കുന്നു.