ഐപിഎല്ലില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ബൗളിങ്ങിനായി നിര്‍ബന്ധിക്കേണ്ടതില്ലെന്ന് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മഹേല ജയവര്‍ധനെ. ഹര്‍ദ്ദിക്ക് പാണ്ഡ്യയെ ബൗളിങ്ങിലേക്ക് ഉള്‍പ്പെടുത്തിയാല്‍ വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ അത് ബാധിക്കുമെന്ന് മുന്‍ ശ്രീലങ്കന്‍ താരം പറഞ്ഞു. ഐപിഎല്ലിന്‍റെ രണ്ടാം ഘട്ടത്തില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായ ഹര്‍ദ്ദിക്ക് പാണ്ട്യ പിന്നീട് കളിച്ചത് ഒരു ബാറ്റസ്മാനായിട്ടാണ്.
ഒക്ടോബര്‍ 17 മുതലാണ് ഐസിസി ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഐപിഎല്‍ പുനരാരംഭിച്ച ശേഷം പാണ്ഡ്യ രണ്ട് മത്സരങ്ങള്‍ വിട്ട് നിന്നതും പിന്നീട് ബാറ്റ്സ്മാന്‍ മാത്രമായി ഇറങ്ങിയതും അദ്ദേഹത്തെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ടൂര്‍ണമെന്‍റ് തുടങ്ങാറാവുമ്പോഴേക്കും ഹര്‍ദ്ദിക്ക് പാണ്ട്യ ബോളെറിയാന്‍ ഫിറ്റാകും എന്നാണ് പ്രതീക്ഷ.
“അദ്ദേഹം ഐപിഎല്ലില്‍ പന്തെറിയുമോ ഇല്ലയോ എന്ന് ഞങ്ങള്‍ ദിവസേന നോക്കും. ഞങ്ങള്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചാല്‍ അദ്ദേഹം ആ നിലക്ക് പോരാടാന്‍ ഇടയുണ്ടെന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു, ” ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനു മുന്നോടിയായി ജയവര്‍ധനെ പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പ് മുതുകിലെ സര്‍ജറിക്ക് ശേഷം തിരിച്ചെത്തിയതുമുതല്‍, ഹാര്‍ദിക് പാണ്ട്യയെ പഴയതുപോലെ ബൗള്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്നില്ലാ. എന്നിരുന്നാലും, ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി 20 പരമ്പരയില്‍ അദ്ദേഹം പതിവായി പന്തെറിഞ്ഞിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ജോലിഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തുടര്‍ന്നുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.