ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ കനത്ത പരാജയം തന്നെയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. 10 വിക്കറ്റുകൾക്കായിരുന്നു ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇതിനു ശേഷം ബ്രിസ്ബെയിനിൽ മൂന്നാം ടെസ്റ്റ് മത്സരത്തിന് ഇറങ്ങുമ്പോൾ ഇന്ത്യ ടീമിൽ ചില മാറ്റങ്ങൾ വരുത്തണമെന്നാണ് ആരാധകരടക്കം പറയുന്നത്. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും രണ്ടാം മത്സരത്തിൽ അത് ആവർത്തിക്കാൻ യുവതാരം ഹർഷിത് റാണയ്ക്ക് സാധിച്ചില്ല.
അതുകൊണ്ടുതന്നെ അടുത്ത മത്സരത്തിൽ റാണയ്ക്ക് പകരം പ്രസീദ് കൃഷ്ണയെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. എന്നാൽ ഹർഷിതിനെ ഇന്ത്യ നിലനിർത്തണമെന്ന അഭിപ്രായവുമായാണ് ഇപ്പോൾ ഇന്ത്യൻ താരം ചേതേശ്വർ പൂജാര രംഗത്ത് എത്തിയിരിക്കുന്നത്.
ഇന്ത്യ അടുത്ത ടെസ്റ്റ് മത്സരത്തിൽ ഒരു മാറ്റം മാത്രമാണ് നടത്താൻ സാധ്യതയുള്ളത് എന്ന് പൂജാര സ്റ്റാർ സ്പോർട്സിൽ പറയുകയുണ്ടായി. അഡ്ലൈഡിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ സ്പിന്നറായ രവിചന്ദ്രൻ അശ്വിൻ ബാറ്റിംഗിൽ പരാജയപ്പെട്ടിരുന്നു.
അശ്വിനു പകരം അടുത്ത മത്സരത്തിൽ ഇന്ത്യ വാഷിംഗ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട് എന്നാണ് പൂജാരയുടെ പക്ഷം. ഇന്ത്യയുടെ കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ ബ്രിസ്ബെയിനിൽ നടന്ന മത്സരത്തിൽ 62 റൺസുമായി ബാറ്റിംഗിൽ തിളങ്ങാൻ സുന്ദറിന് സാധിച്ചിരുന്നു. ഇത് എടുത്തുകാട്ടിയാണ് പൂജാര ഈ മാറ്റം പ്രവചിച്ചിരിക്കുന്നത്.
“മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഹർഷിത് റാണയെ ടീമിൽ ഉൾപ്പെടുത്തരുത് എന്ന് പലരും പറയുന്നത് കേട്ടു. എന്നാൽ എന്റെ അഭിപ്രായത്തിൽ റാണ തുടരുന്നത് തന്നെയാണ് ഉത്തമം. ആദ്യ ടെസ്റ്റ് മത്സരത്തിൽ റാണയെ ഇന്ത്യൻ ടീം പിന്തുണച്ചിരുന്നു. അതോടെ അവൻ മികച്ച പ്രകടനവും മത്സരത്തിൽ കാഴ്ചവച്ചു. പക്ഷേ രണ്ടാം മത്സരത്തിൽ അത് ആവർത്തിക്കാൻ അവന് സാധിച്ചില്ല. പക്ഷേ അങ്ങനെ ഒരു ടെസ്റ്റ് മത്സരത്തിൽ നിറം മങ്ങിയതിന്റെ പേരിൽ ഒരു താരത്തെ മാറ്റിനിർത്തേണ്ട കാര്യമില്ല. ഹർഷിത് മികച്ച ബോളർ തന്നെയാണ്. ഒരു മത്സരത്തിൽ മോശം പ്രകടനം നടത്തിയതിന്റെ പേരിൽ അയാളെ മാറ്റുന്നത് ശരിയല്ല.”- പൂജാര പറഞ്ഞു.
“ഇക്കാര്യത്തിൽ ടീം മാനേജ്മെന്റ് എന്ത് തീരുമാനമാണ് എടുക്കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യ ബാറ്റിംഗ് ശക്തിപ്പെടുത്താനാണ് തീരുമാനിക്കുന്നതെങ്കിൽ അശ്വിന് പകരം സുന്ദറിനെയാവും ടീമിൽ ഉൾപ്പെടുത്തുക.”- പൂജാര കൂട്ടിച്ചേർത്തു. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ടെസ്റ്റ് മത്സരമാണ് ബ്രിസ്ബെയ്നിൽ നടക്കാൻ പോകുന്നത്. മത്സരത്തിൽ വിജയം സ്വന്തമാക്കിയാൽ മാത്രമേ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പ്രതീക്ഷകൾ വർദ്ധിപ്പിക്കാൻ സാധിക്കൂ. ഇനിയൊരു പരാജയം ഇന്ത്യയുടെ ഫൈനലിലെ പ്രതീക്ഷകൾ പൂർണമായും ഇല്ലാതാക്കും