2023 ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ ലക്ഷ്യം വയ്ക്കുന്ന മറ്റൊരു ടൂർണമെന്റാണ് 2024 ട്വന്റി20 ലോകകപ്പ്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനോട് സെമിഫൈനലിൽ വൻപരാജയം ഏറ്റുവാങ്ങിയായിരുന്നു ഇന്ത്യ പുറത്തായത്. അതിന് ശേഷം ഒരുപാട് പരീക്ഷണങ്ങളാണ് ഇന്ത്യ നടത്തുന്നത്. കൂടുതലായി യുവതാരങ്ങളെ അണിനിരത്തി ലോകകപ്പിന് ഒരു ശക്തമായ നിര കെട്ടിപ്പടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇന്ത്യ ട്വന്റി20 പരമ്പരകൾക്കൊക്കെയും ഇറങ്ങുന്നത്. ഏകദിന ലോകകപ്പ് അവസാനിക്കുന്നതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പര നിശ്ചയിച്ചിരിക്കുന്നത്. ഈ പരമ്പരയിൽ ഒരുപാട് യുവതാരങ്ങൾ ഇന്ത്യക്കായി അണിനിരക്കാൻ സാധ്യതയുണ്ട്.
വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയ സീനിയർ കളിക്കാർക്ക് ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ വിശ്രമം അനുവദിക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോൾ ഋതുരാജ് ഗെയ്ക്വാഡ്, സഞ്ജു സാംസൺ തുടങ്ങിയ യുവതാരങ്ങൾക്ക് ഇന്ത്യ അവസരം നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സൂര്യകുമാർ യാദവിന് വിശ്രമം അനുവദിക്കാൻ സാധ്യതയുള്ളതിനാൽ തന്നെ ഋതുരാജാവും ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പനമരയിൽ നായകനായി എത്തുന്നത്. ഋതുരാജു ജയിസ്വാളും തീർച്ചയായും ഇന്ത്യൻ നിരയിൽ അണിനിരക്കും എന്നതിനാൽ തന്നെ, സഞ്ജു സാംസണിന്റെ കാര്യത്തിലാണ് കൂടുതൽ ആശങ്കകൾ ഉള്ളത്. സൈദ് മുസ്തഖ് അലി ടൂർണമെന്റിൽ മികവാർന്ന പ്രകടനം പുറത്തെടുക്കാൻ സഞ്ജു സാംസണ് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ഇന്ത്യ വീണ്ടും സഞ്ജുവിന് അവസരം കൊടുക്കുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.
സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ പകരക്കാരനായി ജിതേഷ് ശർമ്മയാവും ടീമിലെത്തുക. അല്ലാത്തപക്ഷവും ബാക്കപ്പ് കളിക്കാരനായി ജിതേഷ് ശർമ ടീമിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. ബാറ്റർമാരിൽ തിലക് വർമയാണ് ട്വന്റി20 പരമ്പരയിൽ കളിക്കാൻ സാധ്യതയുള്ള മറ്റൊരു താരം. നിലവിൽ പൂർണമായും ഫിറ്റായ താരമാണ് തിലക് വർമ. അങ്ങനെയെങ്കിൽ ഇന്ത്യക്കായി മൂന്നോ നാലോ നമ്പറിൽ തിലക് വർമയെ കളിപ്പിച്ചേക്കും. സഞ്ജു സാംസണ് അവസരം ലഭിച്ചാലും അഞ്ചാം നമ്പറിലാവും കളിക്കു. ഇവർക്കൊപ്പം രാഹുൽ ത്രിപാതിയെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി മികച്ച ഫിനിഷിങ്ങുകൾ കാഴ്ചവച്ച റിങ്കു സിംഗ് ആറാമനായി ഇന്ത്യയുടെ ട്വന്റി20 പരമ്പരയിൽ എത്തിയേക്കും.
ശിവം ദുബെയും എല്ലാവരും ഉറ്റുനോക്കുന്ന കളിക്കാരനാണ്. പേസർമാരിൽ പ്രസീദ് കൃഷ്ണ, ഉമ്രാൻ മാലിക്, ആവേഷ് ഖാൻ, അർഷദ്വീപ് സിംഗ്, ദീപക് ചാഹർ എന്നിവരാണ് ട്വന്റി20 പരമ്പരക്കുള്ള സ്ക്വാഡിൽ അണിനിരക്കാൻ സാധ്യത. ഒപ്പം സൈദ് മുഷ്തഖ് അലി ട്രോഫിയിൽ 16 വിക്കറ്റുകൾ സ്വന്തമാക്കിയ ഭുവനേശ്വർ കുമാറിനെയും ഇന്ത്യ ട്വന്റി20 പരമ്പരയിലേക്ക് പരിഗണിച്ചേക്കും. സ്പിന്നർമാരിൽ അക്ഷർ പട്ടേൽ ജഡേജയുടെ സ്ഥാനത്ത് കളിച്ചേക്കും. വാഷിംഗ്ടൺ സുന്ദർ, യുസ്വെന്ദ്ര ചാഹൽ, രവി ബിഷണോയി എന്നീ സ്പിന്നർമാരാണ് സ്ക്വാഡിൽ അണിനിരക്കാൻ സാധ്യതയുള്ള മറ്റു താരങ്ങൾ.