ഒഴിവാക്കാൻ ശ്രമിച്ചവർ കരുതിക്കാണില്ല ഈ “അയ്യരാട്ടം”. പക്വതയുള്ള ഇന്നിങ്സ്. ഇന്ത്യയുടെ രക്ഷകൻ.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിർണായക മത്സരത്തിൽ തകർപ്പൻ ഇന്നിങ്സ് പുറത്തെടുത്ത് ശ്രേയസ് അയ്യർ. മത്സരത്തിൽ വളരെ ആക്രമണ മനോഭാവത്തോടെയായിരുന്നു ഇന്ത്യ ഇന്നിങ്സ് ആരംഭിച്ചത്. എന്നാൽ ഇന്നിംഗ്സിന്റെ ആദ്യ 10 ഓവറുകൾക്ക് ശേഷം നിർണായ വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമാവുകയുണ്ടായി. പിന്നാലെയാണ് ശ്രേയസ് അയ്യർ വിരാട് കോഹ്ലിയെ കൂട്ടുപിടിച്ച് ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുത്തത്. ഇന്ത്യയെ മത്സരത്തിൽ ഒരു ശക്തമായ നിലയിലെത്തിക്കാൻ ഈ കൂട്ടുകെട്ടിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിലും മികച്ച ബാറ്റിംഗ് പ്രകടനം അയ്യർ പുറത്തെടുത്തിരുന്നു.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി നാലാമനായാണ് ശ്രേയസ് അയ്യർ ക്രീസിലെത്തിയത്. മത്സരത്തിന്റെ പതിനൊന്നാം ഓവറിൽ ഗില്ലിന്റെ വിക്കറ്റിന് ശേഷമായിരുന്നു ശ്രേയസ് മൈതാനത്തേക്ക് വന്നത്. തന്റെ ഇന്നിംഗ്സിന്റെ ആദ്യ സമയത്ത് വളരെ പതിയെയാണ് അയ്യർ കളിച്ചത്. പിച്ചിൽ നിന്നും ബോളർമാർക്ക് കിട്ടുന്ന ആനുകൂല്യം ദക്ഷിണാഫ്രിക്കൻ ബോളർമാർ നന്നായി ഉപയോഗിച്ചു. ഈ സമയത്ത് വളരെ പതിഞ്ഞ താളത്തിൽ പന്തുകളെ നേരിട്ട് മുൻപോട്ട് പോകാനാണ് ശ്രേയസ് ശ്രമിച്ചത്. അനാവശ്യമായ ഷോട്ടുകൾക്ക് മുതിരാതെ തന്റെ ആദ്യ 50 റൺസ് വളരെ പക്വതയോടെ ശ്രേയസ് നേടുകയായിരുന്നു. മത്സരത്തിൽ 64 പന്തുകൾ നേരിട്ടാണ് ശ്രേയസ് അയ്യർ തന്റെ അർത്ഥശതകം പൂർത്തീകരിച്ചത്.

ശേഷമാണ് അയ്യർ ദക്ഷിണഫ്രിക്കൻ ബോളിങ് അറ്റാക്കിനു മേൽ ആക്രമണം അഴിച്ചുവിട്ടത്. തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെയും ദക്ഷിണാഫ്രിക്കൻ ബോളർമാരെ ബൗണ്ടറി കടത്താൻ ശ്രേയസ് അയ്യർക്ക് സാധിച്ചു. ദക്ഷിണാഫ്രിക്കയുടെ സ്പിന്നർമാരെ അതീവ ജാഗ്രതയോടെ നേരിട്ട് ശ്രേയസ് അയ്യർ പേസർമാരെ കോഹ്ലിയോടൊപ്പം ചേർന്ന് ആക്രമിക്കുകയായിരുന്നു. മത്സരത്തിൽ 134 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് അയ്യരും കോഹ്ലിയും ചേർന്ന് കെട്ടിപ്പടുത്തത്. മത്സരത്തിൽ 87 പന്തുകൾ നേരിട്ട അയ്യർ 78 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 7 ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെട്ടു.

ഇന്ത്യയെ ഒരു ശക്തമായ നിലയിൽ എത്തിച്ച ശേഷമായിരുന്നു ശ്രയസ് അയ്യർ മടങ്ങിയത്. മത്സരത്തിന്റെ 37 ആം ഓവറിൽ ലുങ്കി എങ്കിഡിയുടെ പന്തിൽ മാക്രത്തിന് ക്യാച്ച് നൽകിയാണ് ശ്രേയസ് കൂടാരം കയറിയത്. എന്തായാലും കൊൽക്കത്തയിൽ ഇന്ത്യയെ മികച്ച ഒരു നിലയിലെത്തിക്കാൻ ശ്രേയസ് അയ്യർക്കും കോഹ്ലിക്കും സാധിച്ചിട്ടുണ്ട്. മത്സരത്തിൽ 300ന് മുകളിൽ ഒരു സ്കോർ കണ്ടെത്തി ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.