ഇപ്പോൾ ഓസ്ട്രേലിയയ്ക്ക് മനുഷ്യാവകാശം പ്രശ്നമല്ല, 2 പോയിന്റാണ് വലുത്. കംഗാരുക്കളെ ചോദ്യം ചെയ്ത് നവീൻ.

e2VjyDa

ഏകദിന ലോകകപ്പിലെ തങ്ങളുടെ ഓസ്ട്രേലിയക്കെതിരായ മത്സരത്തിന് മുൻപ് ഓസ്ട്രേലിയയുടെ ‘ഡബിൾ സ്റ്റാൻഡ്’ നിലപാടിനെ ചോദ്യം ചെയ്ത് അഫ്ഗാനിസ്ഥാൻ പേസർ നവീൻ ഉൾ ഹഖ്. നവംബർ 7ആം തീയതി വാങ്കഡേ സ്റ്റേഡിയത്തിൽ തങ്ങളുടെ ഓസ്ട്രേലിയക്കെതിരായ മത്സരം നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നവീന്‍ ഉള്‍ ഹക്കിന്റെ വലിയ പ്രസ്താവന. ലോകകപ്പിലും ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനെതിരായ മത്സരം ഒഴിവാക്കുമോ എന്നാണ് നവീൻ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ചോദിച്ചിരിക്കുന്നത്. മുൻപ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ വിദ്യാഭ്യാസവും ജോലിയും താലിബാൻ നിയന്ത്രിച്ചതിന്റെ പേരിൽ ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര ഉപേക്ഷിച്ചിരുന്നു.അതേപോലെ ഏകദിന ലോകകപ്പിലും അഫ്ഗാനിസ്ഥാനെതിരായ മത്സരം ഉപേക്ഷിക്കാൻ ഓസ്ട്രേലിയ തയ്യാറാവുമോ എന്ന വലിയ ചോദ്യം നവീൻ ചോദിക്കുന്നു.

“ഓസ്ട്രേലിയ ഞങ്ങൾക്കെതിരായ ദ്വിരാഷ്ട്ര പരമ്പര കളിക്കാൻ നീരസം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ ഓസ്ട്രേലിയ ലോകകപ്പിലും മനുഷ്യാവകാശത്തിനൊപ്പം നിൽക്കുമോ, അതോ 2 പോയിന്റുകൾക്ക് വേണ്ടി തങ്ങളുടെ നിലപാട് മാറ്റുമോ?”- നവീൻ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. മുൻപ് ഐസിസി ലോകകപ്പ് സൂപ്പർ ലീഗിന്റെ ഭാഗമായുള്ള പരമ്പരയാണ് ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനെതിരെ നിശ്ചയിച്ചിരുന്നത്. എന്നാൽ താലിബാൻ നിയന്ത്രണങ്ങൾക്ക് ശേഷം ഓസ്ട്രേലിയ പരമ്പര പൂർണമായും ഉപേക്ഷിക്കുകയും സൂപ്പർ ലീഗിലെ മുഴുവൻ പോയിന്റുകളും അഫ്ഗാനിസ്ഥാന് നൽകുകയും ചെയ്തിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ താലിബാന്റെ നിയന്ത്രണങ്ങളെ ചോദ്യം ചെയ്തു കൊണ്ട് അന്ന് ഓസ്ട്രേലിയ പ്രസ്താവനയും ഇറക്കിയിരുന്നു.

Read Also -  കോഹ്ലിയെ ഓപ്പണിങ് ഇറക്കുന്നത് മണ്ടത്തരം. വിമർശനവുമായി പാക് താരം.

“ഓസ്ട്രേലിയൻ ഗവൺമെന്റ്, ക്രിക്കറ്റ് ഓസ്ട്രേലിയ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ വിലയിരുത്തിയതിന് ശേഷം ഐസിസി സൂപ്പർ ലീഗിലെ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഓസ്ട്രേലിയ പിന്മാറുകയാണ്. ക്രിക്കറ്റ് ഓസ്ട്രേലിയ എപ്പോഴും സ്ത്രീകളുടെയും പുരുഷന്മാരുടെയും വളർച്ചയ്ക്കാണ് പ്രാധാന്യം നൽകുന്നത്. അതിനാലാണ് ഇങ്ങനെ ഒരു തീരുമാനം. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും സാഹചര്യങ്ങൾ കൂടുതൽ പുരോഗമിക്കുകയാണെങ്കിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി ആലോചിച്ച് പരമ്പര നടത്തുന്നതാണ്.”- ക്രിക്കറ്റ് ഓസ്ട്രേലിയ അന്ന് കുറച്ചു.

എന്തായാലും ഇപ്പോൾ അഫ്ഗാനിസ്ഥാനെതിരെ ഏകദിന മത്സരം കളിക്കാൻ ഓസ്ട്രേലിയ നിർബന്ധിതരായിരിക്കുകയാണ്. അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് വളരെ വലിയ മത്സരം തന്നെയാണ് ഓസ്ട്രേലിയക്കെതിരെ ലോകകപ്പിൽ നടക്കുന്നത്. സെമിഫൈനൽ സ്ഥാനത്തിനായി പോരാടുന്ന അഫ്ഗാനിസ്ഥാന് ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഒരു വമ്പൻ വിജയം ആവശ്യമാണ്. ഇതുവരെ ഏകദിന ലോകകപ്പിൽ വളരെ മികച്ച പ്രകടനങ്ങൾ അഫ്ഗാനിസ്ഥാൻ പുറത്തെടുത്തിട്ടുണ്ട്. ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ശ്രീലങ്ക, നെതർലൻഡ്സ് എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് അഫ്ഗാനിസ്ഥാൻ ഓസ്ട്രേലിയക്കെതിരെ ഇറങ്ങുന്നത്. മറുവശത്ത് ഓസ്ട്രേലിയയും തുടർച്ചയായ 5 മത്സരങ്ങളിൽ വിജയം നേടി സെമിയിലേക്ക് അടുത്തിട്ടുണ്ട്.

Scroll to Top