ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിന് ആരംഭിക്കുവാനിരിക്കെ ക്രിക്കറ്റ് ആരാധകരുടെ ആകാംക്ഷക്ക് ഒടുവിൽ വിരാമം. പരിക്കേറ്റ സ്‌ക്വാഡിലെ മൂന്ന് താരങ്ങൾക്ക് പകരമായി ഉടനെ പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, ജയന്ത് യാദവ് എന്നിവരെ ഇംഗ്ലണ്ടിലേക്ക് അയക്കുവാൻ ബിസിസിഐ ആലോചിക്കുന്നതായി ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.ഏറെ പ്രതീക്ഷകളോടെ ഇന്ത്യൻ ടീമും നായകൻ കോഹ്ലിയും കളിക്കുവാൻ പോകുന്ന ടെസ്റ്റ് പരമ്പരയിൽ മൂന്ന് താരങ്ങളാണ് ഇപ്പോൾ നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്.ഇവർക്ക് പകരക്കാരായി ആരെയും അയക്കുവാൻ ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിക്ക് യാതൊരു പദ്ധതികളുമില്ലായെന്നുള്ള ചർച്ചകൾ മുൻപ് ക്രിക്കറ്റ് ലോകത്തും സജീവമായി ഉയർന്നിരുന്നു.
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് ശേഷം പരിക്ക് പിടിപെട്ട സ്റ്റാർ ഓപ്പണർ ശുഭ്മാൻ ഗിൽ നാട്ടിലേക്ക് ഉടൻ മടങ്ങുവാനിരിക്കെയാണ് കൗണ്ടി ഇലവൻ ടീമിനായി പരിശീലന മത്സരം കളിച്ച വാഷിങ്ടൺ സുന്ദർ, ആവേശ് ഖാൻ എന്നിവർക്കും പരിക്കേറ്റത്. ഇന്ത്യൻ ടീമിന് എതിരെ കൗണ്ടി ഇലവൻ ടീമിനായി കളിച്ച ഇരുവർക്കും മത്സരത്തിനിടയിലേറ്റ പരിക്ക് ഗുരുതരമാണ്.സ്‌ക്വാഡിലെ മൂന്ന് താരങ്ങളും നാട്ടിലേക്ക് മടങ്ങുന്നത് കൂടി പരിഗണിച്ചാണ് ബിസിസിഐയുടെ പുതിയ തീരുമാനം. ഇക്കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉടൻ എന്നാണ് ഉന്നത ബിസിസിഐ അധികൃതർ നൽകുന്ന സൂചന.
നിലവിൽ ഇന്ത്യൻ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിന്റെ ഭാഗമായി സൂര്യകുമാർ യാദവും പൃഥ്വി ഷായും ലങ്കയിലാണ്. ജയന്ത് യാദവ് ഇന്ത്യയിലാനുള്ളത്. താരം മുൻപ് ഇന്ത്യൻ ടെസ്റ്റ് ടീമിൽ കളിച്ചിരുന്നു. പൃഥ്വി ഷാ, പടിക്കൽ എന്നിവരെ ഉടനടി ഇംഗ്ലണ്ടിലേക്ക് അയക്കണമെന്നുള്ള ഇന്ത്യൻ ടീം മാനേജ്മെന്റ് ആവശ്യം പക്ഷേ സെലക്ഷൻ കമ്മിറ്റി നിരസിച്ചിരുന്നു. മൂന്ന് താരങ്ങൾ പരിക്കിന്റെ കെണിയിൽ വീണ ഈ സാഹചര്യത്തിൽ കോവിഡ് നിയമം അടക്കം പാലിച്ച് പകരം താരങ്ങളെ സ്‌ക്വാഡിൽ എത്തിക്കാനാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നത്. ശ്രീലങ്കയിൽ നിന്നും താരങ്ങൾ എല്ലാം ഇംഗ്ലണ്ടിലേക്ക് ടെസ്റ്റ് പരമ്പരക്ക് മുൻപ് പകരക്കാരായി എത്തുവാൻ കഴിഞ്ഞാലും അവിടെ ക്വാറന്റൈൻ അടക്കം കൃത്യമായി പൂർത്തിയാക്കേണ്ടതുണ്ട്. നിലവിലെ എല്ലാ സാഹചര്യങ്ങളും ബിസിസിഐ വിശദമായി പരിശോധിക്കുന്നുണ്ട്