എന്തിനാണ് ഇന്ത്യ എന്നെ ഇങ്ങനെ അവഗണിക്കുന്നത് ? നിരാശ പ്രകടിപ്പിച്ച് പൃഥ്വി ഷാ.

ഇന്ത്യൻ ക്രിക്കറ്റിന്റെ വലിയ പ്രതീക്ഷ തന്നെയായിരുന്നു ഓപ്പണിങ് ബാറ്റർ പൃഥ്വി ഷാ. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി പൃഥ്വി ഷായെ ഇന്ത്യൻ ടീം അവഗണിക്കുന്നതാണ് കണ്ടുവരുന്നത്. ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ പര്യടനത്തിനുള്ള ടീമിൽ പൃഥ്വി ഷായെ ഉൾപ്പെടുത്തിയിരുന്നില്ല. അതിനാൽ തന്നെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യയുടെ ടീമിൽ പൃഥ്വി ഷാ അംഗമാകും എന്ന് എല്ലാവരും കരുതി. പക്ഷേ ഏഷ്യൻ ഗെയിംസ് സ്ക്വാഡിലും പൃഥ്വി ഷായുടെ അഭാവം കണ്ടു. പരിക്കുകളും പെരുമാറ്റത്തിനുള്ള പ്രശ്നങ്ങളും സാങ്കേതിക പ്രശ്നങ്ങളുമൊക്കെ പൃഥ്വി ഷായെ കുറച്ചധികം നാളുകളായി ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്തുകയാണ്. ഇതുവരെ ഇന്ത്യക്കായി 5 ടെസ്റ്റ് മത്സരങ്ങളും, 6 ഏകദിനങ്ങളും, ഒരു ട്വന്റി20യും മാത്രമാണ് ഈ സൂപ്പർ താരം കളിച്ചിട്ടുള്ളത്. 2021ലെ ശ്രീലങ്കൻ പര്യടനത്തിലായിരുന്നു അവസാനമായി പൃഥ്വി ഷാ ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. ശേഷം ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും കളിക്കാൻ ഷായ്ക്ക് സാധിച്ചില്ല. എന്തുകൊണ്ടാണ് ഇന്ത്യൻ ടീം തന്നെ പുറത്താക്കുന്നത് എന്ന് തനിക്കറിയില്ല എന്നാണ് പൃഥ്വി ഷാ ഇപ്പോൾ പറയുന്നത്.

“ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് എനിക്ക് അതിന്റെ കാരണങ്ങൾ എനിക്ക് അറിയില്ലായിരുന്നു.”- പൃഥ്വി ഷാ പറയുന്നു. പ്രധാനമായും 2023 ഐപിഎല്ലിലെ മോശം പ്രകടനമാണ് പൃഥ്വി ഷായെ ഇന്ത്യ മാറ്റിനിർത്താനുള്ള ഒരു കാരണം. 2023 ഐപിഎല്ലിൽ 8 മത്സരങ്ങളിൽ നിന്ന് കേവലം 116 റൺസ് മാത്രമാണ് ഷാ നേടിയത്. മാത്രമല്ല മികച്ച പേസിനും സ്വിങ്ങിനുമെതിരെ കളിക്കാൻ പൃഥ്വി ഷാ വലിയ രീതിയിൽ ബുദ്ധിമുട്ടുന്നതും ഐപിഎല്ലിൽ കാണുകയുണ്ടായി. പക്ഷേ ടീമിലെത്താൻ സാധിക്കാതെ വന്നതിൽ വലിയ നിരാശ തന്നെയാണ് പൃഥ്വി ഷായ്ക്കുള്ളത്. ഇതേപ്പറ്റി അദ്ദേഹം സംസാരിക്കുകയുണ്ടായി.

“ചിലരൊക്കെ പറയുന്നത് എന്നെ ടീമിൽ നിന്ന് പുറത്താക്കുന്നത് ഫിറ്റ്നസിന്റെ പ്രശ്നം മൂലമാണ് എന്നാണ്. എന്നാൽ ഞാൻ ബാംഗ്ലൂർ നാഷണൽ അക്കാദമിയിൽ എത്തുകയും, എല്ലാ ടെസ്റ്റുകളിലും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ശേഷം ആഭ്യന്തര ക്രിക്കറ്റിൽ വീണ്ടും റൺസ് കണ്ടെത്തി ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. എന്നിട്ടും വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ എനിക്ക് അവസരം ലഭിച്ചില്ല. അതിൽ എനിക്ക് വലിയ നിരാശയുണ്ട്. പക്ഷേ എന്നെ സംബന്ധിച്ച് ഇനിയും മുന്നോട്ട് പോയേ പറ്റൂ. ടീമിൽ എന്നെ ഉൾപ്പെടുത്താത്തതിനെ സംബന്ധിച്ച് എനിക്ക് ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല. ആരുമായും പോരാടാനും ഞാനില്ല.”- പൃഥ്വി ഷാ പറയുന്നു.

“ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ എന്റേതായ സ്പേസിൽ നിൽക്കാനാണ് ആഗ്രഹിക്കുന്നത്. ആളുകൾ എന്നെപ്പറ്റി ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്നു. പക്ഷേ എന്നെ അറിയാവുന്നവർക്ക് ഞാൻ ആരാണെന്ന് അറിയാം. എനിക്ക് ഒരുപാട് സൗഹൃദങ്ങൾ ഇല്ല. അങ്ങനെ സൗഹൃദങ്ങൾ ഉണ്ടാക്കുന്നതിൽ ഞാൻ മികച്ചവനുമല്ല. അതാണ് ഈ ജനറേഷനിൽ സംഭവിക്കുന്നതും. നമുക്ക് നമ്മുടെ ചിന്തകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ സാധിക്കില്ല. ഞാൻ എന്റെ ചിന്തകൾ പങ്കുവയ്ക്കുന്നതിൽ ഭയപ്പെടുന്നു. കാരണം ഏതുസമയവും സോഷ്യൽ മീഡിയ നമ്മുടെ പിന്നാലെയുണ്ട്. എനിക്ക് വളരെ പരിമിതമായ സുഹൃത്തുക്കൾ മാത്രമാണുള്ളത്. ഒന്നോ രണ്ടോ കൂട്ടുകാർ മാത്രം. അവരോട് പോലും ഞാൻ എന്റെ കാര്യങ്ങൾ സംസാരിക്കാറില്ല.”- പൃഥ്വി ഷാ കൂട്ടിച്ചേർത്തു.