പൂജാര മാറി അവൻ പകരക്കാരനായി വരട്ടെ :ഞെട്ടിക്കുന്ന അഭിപ്രായവുമായി മുൻ താരം

ക്രിക്കറ്റ്‌ ആരാധകർ പലരും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ തോൽവിക്ക് പിന്നാലെയാണ്. എട്ട് വിക്കറ്റിന് ഇന്ത്യൻ സംഘം സതാംപ്ടണിൽ ന്യൂസിലാൻഡ് ടീമിനോട് തോറ്റപ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരിൽ നിന്നും ഒപ്പം മുൻ താരങ്ങളിൽ നിന്നും രൂക്ഷ വിമർശനം കേൾക്കേണ്ടി വന്നത് ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ്. ഫൈനലിലെ രണ്ട് ഇന്നിങ്സിലും ബാറ്റിങ് നിരയിലെ എല്ലാ താരങ്ങളും നിരാശപെടുത്തിയപ്പോൾ നായകൻ കോഹ്ലിയടക്കം എല്ലാവരും രണ്ട് ഇന്നിങ്സിലും ഒരു അർദ്ധ സെഞ്ച്വറി പോലും നേടുവാൻ കഴിയാതെ വേഗം പുറത്തായി. നിലവിൽ വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരക്കായി കാത്തിരിക്കുന്ന ആരാധകർ പലരും ഇന്ത്യൻ ടെസ്റ്റ് ടീമിൽ ചില മാറ്റങ്ങൾ നിർദേശിക്കുന്നുണ്ട്. ടീം ബാറ്റിങ് ലൈനപ്പിലെ പ്രധാന ശക്തിയായ വിശ്വാസ്ത ബാറ്റ്‌സ്മാൻ ചേതശ്വർ പൂജാരയെ മാറ്റുവാൻ ആവശ്യപെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ്.

ട്വിറ്റർ ചർച്ചകളിൽ സജീവമായ താരം ഒരു ചോദ്യത്തിന് മറുപടിയായിട്ടാണ് താരം ഇക്കാര്യം വിശദീകരിച്ചത്. “പൂജാര ടീം ഇന്ത്യക്ക് പ്രധാന താരമാണ് പക്ഷേ അദേഹത്തിന്റെ ഇപ്പോഴത്തെ പ്രകടനം മോശമാണ് എന്നതിൽ സംശയമില്ല പല മത്സരങ്ങളിലും വൻ സ്കോർ നേടാൻ അദ്ദേഹത്തിന് കഴിയുന്നില്ല.പൂജാരക്ക് പകരം ഒരു താരത്തെ ഇന്ത്യൻ ടീമിൽ എത്തിക്കുവാൻ ടീം മാനേജ്മെന്റ് ശ്രമിക്കണം “ഹോഗ് തന്റെ അഭിപ്രായം വിശദമാക്കി.

“പൂജാരക്ക് പകരക്കാരനായി പൃഥ്വി ഷാ കളിക്കണമെന്നാണ് എന്റെ അഭിപ്രായം. ഷാ വളരെ വലിയ ഒരു ടെസ്റ്റ് കരിയർ മുൻപിലുള്ള താരമാണ്. മികച്ച പ്രതിഭ അവനിലുണ്ട്. അവന് ടെസ്റ്റ് കരിയറിൽ ഏറെ കാലം മൂന്നാം നമ്പറിൽ ടീം ഇന്ത്യക്കായി തിളങ്ങുവാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു പക്ഷേ അവൻ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽ ഇപ്പോൾ ഇല്ലെങ്കിലും ടെസ്റ്റ് പരമ്പരക്ക്‌ മുൻപായി സ്‌ക്വാഡിൽ എത്തുമെന്നാണ് എന്റെ വിശ്വാസം “ബ്രാഡ് ഹോഗ് തന്റെ അഭിപ്രായം വ്യക്തമാക്കി