2024 ട്വന്റി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ റെക്കോർഡ് സൃഷ്ടിച്ച് വെസ്റ്റിൻഡീസ് താരം നിക്കോളാസ് പൂരനും ജോൺസൺ ചാൾസും. അഫ്ഗാനിസ്ഥാനെതിരായ ആവേശകരമായ മത്സരത്തിൽ 36 റൺസ് സ്വന്തമാക്കിയാണ് ഇരു താരങ്ങളും റെക്കോർഡ് സ്വന്തമാക്കിയത്.
അസ്മത്തുള്ള ഒമർസായി എറിഞ്ഞ ഓവറിലായിരുന്നു വിൻഡീസിന്റെ അഴിഞ്ഞാട്ടം കണ്ടത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഇന്നിങ്സിലെ നാലാം ഓവറിലാണ് ഈ വമ്പൻ വെടിക്കെട്ട് പിറന്നത്. അവിചാരിതമായ ഓവറിലെ ആദ്യ പന്തിൽ സിക്സർ നേടിയാണ് നിക്കോളാസ് പൂരൻ ആരംഭിച്ചത്. ശേഷം അടുത്ത പന്തിൽ അസ്മത്തുള്ള ഒരു നോബോൾ ആയിരുന്നു എറിഞ്ഞത്. ഈ പന്തിൽ ഒരു തകർപ്പൻ ബൗണ്ടറി സ്വന്തമാക്കാൻ പൂരന് സാധിച്ചു.
ശേഷം ഫ്രീഹിറ്റ് പന്തിൽ മികച്ച ഷോട്ട് കളിക്കാൻ പൂരന് സാധിച്ചില്ല. പക്ഷേ അടുത്ത പന്ത് പൂരന്റെ കാലിൽ കൊണ്ട് ബൗണ്ടറിയായി മാറുകയായിരുന്നു. ശേഷം അടുത്ത 2 പന്തുകളിൽ സിക്സറുകൾ നേടി ഓരോവറിൽ 36 റൺസാണ് വിൻഡീസ് ടീം കൂട്ടിച്ചേർത്തത്. ട്വന്റി20 ലോകകപ്പിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോർ മത്സരത്തിൽ സ്വന്തമാക്കാനും വെസ്റ്റിൻഡീസിന് സാധിച്ചു.
ഈ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തോടെ യുവരാജ് സിംഗിന്റെ റെക്കോർഡിനൊപ്പം എത്താൻ പൂരന് സാധിച്ചിട്ടുണ്ട്. ട്വന്റി20 ലോകകപ്പിൽ ഒരോവറിൽ 36 റൺസ് നേടിയ ആദ്യ താരം യുവരാജ് സിംഗാണ്. 2007 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു യുവരാജിന്റെ ഈ വെടിക്കെട്ട് പിറന്നത്.
ശേഷം 2021ൽ ട്വന്റി20 ക്രിക്കറ്റിൽ ഒരോവറിൽ 36 റൺസ് നേടുന്ന രണ്ടാമത്തെ താരമായി കീറോൺ പൊള്ളാർഡ് മാറി. ശ്രീലങ്കൻ സ്പിന്നർ അഖില ധനഞ്ജയക്കെതിരെ തുടർച്ചയായി സിക്സറുകൾ നേടിയാണ് പൊള്ളാർഡ് റെക്കോർഡിനൊപ്പം എത്തിയത്.
2024ൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യൻ ജോഡികളായ രോഹിത് ശർമയും റിങ്കൂ സിങ്ങും ഓരോവറിൽ 36 റൺസ് നേടുകയുണ്ടായി. ശേഷമാണ് ഇപ്പോൾ നിക്കോളാസ് പൂരനും ജോൺസൺ ചാൾസും ഈ റെക്കോർഡിന് ഒപ്പമെത്തിയത്. എന്തായാലും ഇരുവരെയും സംബന്ധിച്ച് ഒരു അഭിമാന നേട്ടം തന്നെയാണ് ഇത്.
മത്സരത്തിൽ ഒരു തകർപ്പൻ പ്രകടനം തന്നെയായിരുന്നു പൂരൻ കാഴ്ചവെച്ചത്. 98 റൺസാണ് മത്സരത്തിൽ പൂരൻ കൂട്ടിച്ചേർത്തത്. ഇതോടെ ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ വെസ്റ്റിൻഡീസിനായി 2000 റൺസ് സ്വന്തമാക്കുന്ന ആദ്യ താരമായി പൂരൻ മാറുകയും ചെയ്തു.
മത്സരത്തിൽ 14 റൺസിന്റെ വമ്പൻ വിജയമാണ് വെസ്റ്റിൻഡീസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറുകളിൽ 218 റൺസായിരുന്നു നേടിയത്. മറുപടി ബാറ്റിംഗിൽ അഫ്ഗാനിസ്ഥാനെ കേവലം 114 റൺസിന് പുറത്താക്കാൻ വെസ്റ്റിൻഡീസിന് സാധിച്ചിരുന്നു.