ക്രിക്കറ്റ് ലോകത്തെ തുല്യശക്തികളായ കിവീസും ഇന്ത്യയും മറ്റൊരു ടെസ്റ്റ് പരമ്പരയിൽ കൂടി ഏറ്റുമുട്ടുമ്പോൾ എല്ലാ ആരാധകർക്കും വാനോളം പ്രതീക്ഷകളാണ്. ആദ്യ ടെസ്റ്റ് മത്സരത്തിന് ഇന്ന് കാൻപൂരിൽ തുടക്കമായപ്പോൾ മികച്ച ബൗളിംഗ് പ്രകടനവുമായി കിവീസ് ഇന്ത്യൻ ബാറ്റിംഗിനെ പേടിപ്പിച്ചെങ്കിൽ പോലും പിന്നീട് അഞ്ചാം വിക്കറ്റിൽ ശ്രെയസ് അയ്യർ :ജഡേജ എന്നിവരുടെ പോരാട്ടം ഇന്ത്യക്ക് അൽപ്പം അധിപത്യം സമ്മാനിച്ചു. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യൻ ടീം 4 വിക്കറ്റുകൾ മാത്രം നഷ്ടത്തിൽ 258 റൺസിലേക്ക് എത്തി കഴിഞ്ഞു.ശ്രേയസ് അയ്യർ (75 റൺസ് ), ജഡേജ (50 റൺസ് ) എന്നിവർ ക്രീസിൽ തുടരുമ്പോൾ കിവീസ് ടീമിനായി പേസർ ജാമിസൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
കാൻപൂർ ടെസ്റ്റിൽ ഒന്നാം ദിനം സ്റ്റാറായി മാറിയത് തന്റെ അരങ്ങേറ്റ ടെസ്റ് മത്സരം കളിക്കുന്ന ശ്രേയസ് അയ്യറാണ്. ആദ്യത്തെ ടെസ്റ്റ് ഇന്നിങ്സിൽ തന്നെ അർദ്ധ സെഞ്ച്വറി നേടി കഴിഞ്ഞ താരം സെഞ്ച്വറി നേടും എന്നാണ് ആരാധകർ എല്ലാം തന്നെ പ്രതീക്ഷിക്കുന്നത്. കൂടാതെ രണ്ടാം ദിനം വമ്പൻ സ്കോർ പ്രതീക്ഷിക്കുന്ന ഇന്ത്യൻ ടീമിന് ശ്രേയസ് അയ്യരുടെ ബാറ്റിങ് മികവ് വളരെ നിർണായകമാണ്. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ തന്റെ ക്ലാസ്സ് ബാറ്റിങ് മികവ് പുറത്തെടുത്ത ശ്രേയസ് അയ്യരെ വാനോളം പുകഴ്ത്തുകയാണ് മുൻ ഓസ്ട്രേലിയൻ നായകനും ഡൽഹി ക്യാപിറ്റൽസ് പരിശീലകനുമായ റിക്കി പോണ്ടിങ്. അരങ്ങേറ്റ ദിനത്തിൽ തന്നെ ശ്രേയസ് അയ്യർ തന്റെ കഴിവെന്താണ് എന്നത് തെളിയിച്ചുവെന്നു പോണ്ടിങ് പ്രശംസിച്ചു.
“അർഹിച്ച ടെസ്റ്റ് അരങ്ങേറ്റമാണ് അവൻ ഇന്ന് ഇന്ത്യക്കായി നടത്തിയത്. കഴിഞ്ഞ അനേകം വർഷങ്ങളായി ശ്രേയസ് അയ്യർ എല്ലാ അർഥത്തിലും തന്റെ ക്രിക്കറ്റ് കരിയറിൽ അധ്വാനിക്കുകയായിരുന്നു. അവന്റെ അധ്വാനം കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളിൽ നേരിട്ട് കണ്ടിട്ടുള്ള ഒരാൾ എന്നുള്ള നിലയിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ഇത് നീ വളരെ ഏറെ അർഹിച്ചിരുന്നു.ഇതൊരു തുടക്കമാണ് ” പോണ്ടിങ് ട്വിറ്ററിൽ ഇപ്രകാരം കുറിച്ചു.
ഇന്ത്യൻ ഇന്നിങ്സിൽ അഞ്ചാമനായി എത്തിയ ശ്രേയസ് അയ്യർ വെറും 136 ബോളുകളിൽ നിന്നാണ് 75 റൺസ് അടിച്ചെടുത്തത്. മനോഹരമായ ചില കവർ ഡ്രൈവുകളും പുൾ ഷോട്ടുകൾ അടക്കം കളിച്ച ശ്രേയസ് അയ്യർ തനിക്ക് നേരെ ചോദ്യം ഉന്നയിച്ചവർക്കുള്ള മറുപടി കൂടി നൽകി. നേരത്തെ ഐപിഎല്ലിൽ താരത്തിന്‍റെ പ്രകടനം മോശമായിരുന്നു.