ഐപിൽ പതിനാലാം സീസൺ അത്യന്തം ആവേശകരമായ കാലയളവിൽ കൂടി കടന്നുപോകുകയാണ് ഇപ്പോൾ. ബാക്കി മത്സരങ്ങൾ ഓരോ ടീമുകൾക്കും വളരെ നിർണായകമായി മാറുമ്പോൾ ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷിക്കുന്നത് വളരെ അധികം വാശിയേറിയ മത്സരങ്ങൾ തന്നെയാണ്. നിലവിൽ ഐപില്ലിലെ പോയിന്റ് ടേബിളിൽ അവസാന സ്ഥാനങ്ങളിലുള്ള മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള മത്സരം രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത ടീമുകൾക്കും പ്രധാനമാണ്. 2020ലെ ഐപിഎൽ സീസണിൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ടീമിന് മറ്റൊരു തോൽവി കൂടി താങ്ങുവാൻ കഴിയില്ല. കൂടാതെ മറ്റൊരു തോൽവി നായകൻ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിക്കും ഒരു ഭീക്ഷണിയായി മാറും. പഞ്ചാബിന് എതിരായ മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുത്തപ്പോൾ ബൗളർമാരെല്ലാം മികച്ച തുടക്കമാണ് സമ്മാനിച്ചത്.
തുടക്ക ഓവറുകളിൽ തന്നെ ഓപ്പണിങ് വിക്കറ്റുകൾ നഷ്ടമായ പഞ്ചാബ് കിങ്സിന് മുൻപിൽ മറ്റൊരു വെല്ലുവിളി സൃഷ്ടിക്കുകയായിരുന്നു മുംബൈക്കായി ഏഴാം ഓവർ എറിഞ്ഞ കിറോൺ പൊള്ളാർഡ്. മികച്ച ബാറ്റിങ് ഫോമിലുള്ള പഞ്ചാബ് നായകനായ ലോകേഷ് രാഹുൽ, വെടിക്കെട്ട് താരം ക്രിസ് ഗെയിൽ എന്നിവരുടെ പ്രധാന വിക്കറ്റുകൾ വീഴ്ത്തി. ടി :20 ക്രിക്കറ്റിൽ മറ്റൊരു നേട്ടവും ഈ ഡബിൾ വിക്കറ്റ് ഓവറിൽ കരസ്ഥമാക്കുവാൻ കിറോൺ പൊള്ളാർഡിന് സാധിച്ചു.നാല് ബോളിൽ ഒരു റൺസ് മാത്രം നേടിയ ക്രിസ് ഗെയിലിന്‍റെ വിക്കറ്റ് വീഴ്ത്തിയ പൊള്ളാർഡ് ആ ഒരു ഓവറിൽ തന്നെ പഞ്ചാബ് കിങ്സിന്റെ വിശ്വസ്ത ബാറ്റ്‌സ്മാൻ രാഹുലിനെയും ബുംറയുടെ കൈകളിൽ എത്തിച്ച് തന്റെ റോൾ ഭംഗിയാക്കി.
രാഹുലിന്റെ വിക്കറ്റിന് ഒപ്പം ടി :20 ക്രിക്കറ്റിലെ മറ്റൊരു റെക്കോർഡ് കൂടി പൊള്ളാർഡ് സ്വന്തമാക്കി. ടി :20 ക്രിക്കറ്റ് കരിയറിൽ 300 വിക്കറ്റ് എന്നൊരു നേട്ടം കരസ്ഥമാക്കിയ പൊള്ളാർഡ് ഈ നേട്ടത്തിൽ എത്തി അന്താരാഷ്ട്ര ടി :20 ക്രിക്കറ്റിൽ താൻ ഇന്നും എന്തുകൊണ്ട് മികച്ച ആൾറൗണ്ടറായി അറിയപെടുന്നു എന്നും തെളിയിച്ചു. കൂടാതെ വിൻഡീസ് താരമായ ഗെയിലിന്‍റെ വിക്കറ്റ് നീണ്ട ഒൻപത് വർഷം കാത്തിരിപ്പിന് ശേഷമാണ് താരം വീഴ്ത്തുന്നത്. നേരത്തെ പൊള്ളാർഡ് 2012ലെ ബിഗ് ബാഷ് സീസണിലാണ് ഗെയിൽ വിക്കറ്റ് മുൻപ് വീഴ്ത്തിയത്.