രഹാനെയെയും ധവാനെയും ഇന്ത്യ ഏകദിന ടീമിലേക്ക് തിരികെ വിളിക്കണം. മുൻ പാക് താരത്തിന്റെ നിർദ്ദേശം.

2023 ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഒരുപാട് പരീക്ഷണങ്ങളിലൂടെയാണ് ഇന്ത്യൻ ടീം കടന്നുപോകുന്നത്. ഏകദിന പരമ്പരയിൽ സീനിയർ താരങ്ങളെ ഉൾപ്പെടുത്താതെ ആയിരുന്നു ഇന്ത്യ വിൻഡിസിനെതിരെ മൈതാനത്തിറങ്ങിയത്. നിലവിൽ ഒരുപാട് സീനിയർ കളിക്കാരെ ഇന്ത്യ ഏകദിനങ്ങളിൽ നിന്ന് ഒഴിവാക്കി നിർത്തിയിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ടവരാണ് ശിഖർ ധവാനും അജിങ്ക്യ രഹാനെയും.

ഒരു സമയത്ത് ഇന്ത്യൻ ഏകദിന ബാറ്റിംഗ് നിരയുടെ നട്ടെല്ലായിരുന്നു ഇരുവരും. എന്നാൽ കുറച്ചധികം കാലമായി ഇരുവർക്കും ഏകദിന ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിച്ചിട്ടില്ല. എന്നിരുന്നാലും രഹാനെയും ശിഖർ ധവാനെയും ഇന്ത്യ ഇപ്പോൾ ഏകദിന ടീമിലേക്ക് തിരികെ വിളിക്കണം എന്നാണ് മുൻ പാകിസ്ഥാൻ താരം സൽമാൻ ബട്ട് പറയുന്നത്. ഇരുവരും ഇന്ത്യയുടെ ഏകദിന ടീമിന് ഒരു മുതൽക്കൂട്ടായി മാറും എന്ന് ബട്ട് കൂട്ടിച്ചേർത്തു.

“ഇന്ത്യയെ സംബന്ധിച്ച് രഹാനെ ഒരു മികച്ച ഓപ്ഷൻ തന്നെയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനങ്ങൾ പുറത്തെടുക്കാൻ രഹാനെയ്ക്ക് സാധിച്ചിരുന്നു. മാത്രമല്ല ടെസ്റ്റ് ടീമിലേക്കും ഒരു അത്യുഗ്രൻ തിരിച്ചുവരവാണ് രഹാനെ നടത്തിയത്. തങ്ങളുടെ ആറാം നമ്പർ പൊസിഷനിൽ വളരെ പരിചയസമ്പന്നനായ ഒരു ബാറ്ററേയാണ് ഇന്ത്യയ്ക്ക് ആവശ്യമായുള്ളത്. രഹാനെ ആ പൊസിഷനിലേക്ക് അനുയോജ്യനാണ് എന്നാണ് ഞാൻ കരുതുന്നത്.”- സൽമാൻ ബട്ട് പറയുന്നു.

“അതോടൊപ്പം ഇന്ത്യ ടോപ്പ് ഓർഡറിലേക്ക് കെ എൽ രാഹുലിനെയും ശിഖർ ധവാനെയും കൊണ്ടുവരണം. എന്നെ സംബന്ധിച്ച് ശിഖർ ധവാനെക്കാൾ മികച്ച ഒരു ഇടംകയ്യൻ ടോപ് ഓർഡർ ഇന്ത്യൻ ബാറ്ററെ ഞാൻ കണ്ടിട്ടില്ല. അതിനാൽ തന്നെ അയാൾക്ക് ടീമിൽ കൂടുതൽ അവസരം നൽകണമെന്നാണ് എന്റെ പക്ഷം. മാത്രമല്ല വെസ്റ്റിൻഡീസിനെതിരെ ഇന്ത്യ ഏകദിന പരമ്പരയിൽ നടത്തിയ പല പരീക്ഷണങ്ങളും ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ല എന്ന കാര്യവും എനിക്ക് വ്യക്തമാണ്. ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം പരീക്ഷണങ്ങൾക്ക് ഇന്ത്യ മുതിരാൻ പാടില്ലായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്താനുള്ള 15 താരങ്ങളെ കണ്ടെത്തേണ്ട സമയമാണ് വന്നെത്തിയിരിക്കുന്നത്.”- സൽമാൻ ബട്ട് കൂട്ടിച്ചേർത്തു.

എന്നിരുന്നാലും ഏകദിന പരമ്പര 2-1 എന്ന അനുപാതത്തിൽ സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയം നേടിയപ്പോൾ രണ്ടാം മത്സരത്തിൽ ശക്തമായി വെസ്റ്റിൻഡീസ് തിരിച്ചുവന്നു. മൂന്നാം മത്സരത്തിൽ ആധികാരികമായ 200 റൺസിന്റെ വമ്പൻ വിജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. മൂന്നു മത്സരങ്ങളിലും ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവച്ചത് ഇഷാൻ കിഷൻ തന്നെയായിരുന്നു. എന്തായാലും ഈ പ്രകടനങ്ങളൊക്കെയും ഇന്ത്യയ്ക്ക് പ്രതീക്ഷകൾ നൽകുന്നുണ്ട്.