മുംബൈയുടെ തോൽവികളിൽ പൂർണ ഉത്തരവാദി ഹർദിക്കാണ്. പാണ്ഡ്യയുടെ മണ്ടത്തരങ്ങൾ തുറന്ന് കാട്ടി ഇർഫാൻ പത്താൻ.

hardik pandya

ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഐപിഎൽ മത്സരത്തിൽ 20 റൺസിന്റെ പരാജയം നേരിട്ടതിന് പിന്നാലെ മുംബൈ നായകൻ ഹർദിക് പാണ്ഡ്യക്കെതിരെ വിമർശനം ഉന്നയിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. മുംബൈയുടെ എല്ലാ പരാജയങ്ങളിലും ഹർദിക് പാണ്ഡ്യയ്ക്ക് വലിയൊരു റോളുണ്ട് എന്നാണ് ഇർഫാൻ പത്താൻ പറയുന്നത്.

ഹർദിക്കിന്റെ പല തീരുമാനങ്ങളെയും ചോദ്യം ചെയ്താണ് പത്താൻ സംസാരിച്ചത്. മത്സരങ്ങളിലൊക്കെയും കൃത്യമായ രീതിയിൽ ബോളിങ് ചെയ്ഞ്ചുകൾ വരുത്തുന്നതിൽ ഹർദിക് പരാജയമായി മാറുന്നു എന്ന് പത്താൻ ചൂണ്ടിക്കാട്ടുന്നു. ചെന്നൈയ്ക്കെതിരായ മത്സരത്തിൽ പേസർ ആകാശ് മധ്വാളിന് അവസാന ഓവർ നൽകാൻ ഹർദിക് ശ്രമിച്ചില്ല എന്ന് പത്താൻ പറയുന്നു.

മത്സരത്തിൽ ശ്രേയസ് ഗോപാൽ തന്റെ ആദ്യ ഓവറിൽ തന്നെ രചിൻ രവീന്ദ്രയെ പുറത്താക്കിയിരുന്നു. എന്നാൽ പിന്നീട് ശ്രേയസ് ഗോപാലിന് ആവശ്യമായ ഓവറുകൾ നൽകാതിരുന്ന ഹർദ്ദിക്കിന്റെ തീരുമാനത്തെയും പത്താൻ ചോദ്യം ചെയ്തു. “എത്ര മത്സരങ്ങൾ മുംബൈ പരാജയപ്പെട്ടാലും അതിലൊക്കെയും വലിയ റോളുള്ളത് ഹർദിക്കിന് തന്നെയാണ്. ചെന്നൈയ്ക്കെതിരായ മത്സരത്തിൽ ആകാശ് മധ്വാൾ അവസാന ഓവർ എറിഞ്ഞിരുന്നില്ല.”

“ഹർദിക്കിന് കൃത്യമായ ഒരു തന്ത്രം ഉണ്ടായിരുന്നുവെങ്കിൽ ഉറപ്പായും അവന് ആ ഓവർ നൽകണമായിരുന്നു. ആകാശ് മദ്വാളിനെ പോലെയുള്ള യുവതാരത്തിന് കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകാൻ ഹർദിക്ക് തയ്യാറാവണം. അതാണ് അവന്റെ ജോലി. ഇത്തരത്തിൽ അവനെ ബോൾ ചെയ്യിക്കാതിരുന്നാൽ, എങ്ങനെയാണ് അവന്റെ ആത്മവിശ്വാസം വർദ്ധിക്കുക?”- ഇർഫാൻ പത്താൻ ചോദിക്കുന്നു.

See also  സഞ്ജു കാണിക്കുന്നത് ആന മണ്ടത്തരം. അതുകൊണ്ടാണ് രാജസ്ഥാൻ കപ്പടിക്കാത്തത്. റോബിൻ ഉത്തപ്പ പറയുന്നു.

“അതേപോലെ തന്നെയാണ് ശ്രേയസ് ഗോപാലിന്റെ കാര്യം. ചെന്നൈ സൂപ്പർ കിങ്സിനായി ക്രീസിലുറച്ച ഇടംകയ്യൻ ബാറ്റർ രചിൻ രവീന്ദ്രയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ ശ്രേയസ് ഗോപാൽ സ്വന്തമാക്കിയിരുന്നു. പക്ഷേ അടുത്ത ഓവർ ശ്രേയസ് ഗോപാലിന് നൽകാൻ പാണ്ഡ്യ തയ്യാറായില്ല. കേവലം ഒരു ഓവർ മാത്രമാണ് ശ്രേയസ് എറിഞ്ഞത്. ഇത്തരത്തിൽ ഗ്രിപ്പുള്ള പിച്ചിൽ അത് എന്തുകൊണ്ട് ഇത് സംഭവിച്ചു എന്ന് അറിയില്ല.”

“ഇക്കാരണം കൊണ്ടാണ് മത്സരത്തിൽ മഞ്ഞുതുള്ളികളുടെ സാന്നിധ്യമുണ്ടായിട്ടും ചെന്നൈ സൂപ്പർ കിംഗ്സ് ഈ സ്കോർ പ്രതിരോധിച്ചതും. പിച്ചിന്റെ സ്ലോനസിനോട് കൃത്യമായി ഇണങ്ങിച്ചേരാനും കാര്യങ്ങൾ മനസ്സിലാക്കാനും ചെന്നൈയ്ക്ക് സാധിച്ചു. ഹർദിക്കിന് മത്സരത്തിൽ അത് സാധിച്ചില്ല. അതുകൊണ്ടുതന്നെ മുംബൈ പരാജയപ്പെട്ടു.”- ഇർഫാൻ കൂട്ടിച്ചേർക്കുന്നു.

“മുംബൈയുടെ സപ്പോർട്ടിംഗ് സ്റ്റാഫുകൾ അടക്കം എല്ലാവരും ഹർദിക് പാണ്ഡ്യക്ക് നല്ല രീതിയിലുള്ള പിന്തുണ നൽകുന്നുണ്ട്. അവർ ഹർദിക്കിനെ നന്നായി സഹായിക്കുന്നുണ്ട്. എല്ലായിപ്പോഴും അവരൊക്കെയും ബൗണ്ടറി ലൈനിൽ തന്നെ കാണാറുണ്ട്. മാർക്ക് ബൗച്ചർ അവിടെയുണ്ട്. കീറോൺ പൊള്ളാർഡുണ്ട്.”

“അവരൊക്കെയും ഹർദിക്കിനെ സഹായിക്കുകയാണ്. എന്നിരുന്നാലും മത്സരത്തിൽ ഒരു പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി ഹർദിക്കിൽ നിന്നാണ് ഉണ്ടാവേണ്ടതുണ്ട്. എന്തെങ്കിലും ഒന്ന് പ്രായോഗികമാവുന്നില്ലെങ്കിൽ മറ്റൊന്ന് പ്രയോഗിക്കണം. സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കണം.”- പത്താൻ പറഞ്ഞു വയ്ക്കുന്നു.

Scroll to Top