സ്മിത്തിനെ ഞങ്ങൾ തന്ത്രപരമായി പൂട്ടി അടുത്ത ലക്ഷ്യം റൂട്ട് :വെളിപ്പെടുത്തലുമായി ഇന്ത്യൻ ബൗളിംഗ് കോച്ച്

ഇന്ത്യ : ഓസ്ട്രേലിയ ആവേശകരമായ പരമ്പരക്ക് പിന്നാലെ ഇന്ത്യൻ  മണ്ണിൽ ഇന്ത്യൻ ടീമിന്റെ  അടുത്ത വെല്ലുവിളിയാണ് ഇംഗ്ലീഷ് ടെസ്റ്റ് പരമ്പര . ഇംഗ്ലണ്ട് പരമ്പരക്കായി തന്ത്രങ്ങൾ മിനുസ്സപെടുത്തി ഇന്ത്യൻ ടീം ഇറങ്ങുമെന്ന കാര്യം തീർച്ച .അതേസമയം ഇംഗ്ലണ്ട് പരമ്പരക്ക് മുന്നോടിയായായി ഇന്ത്യൻ ബൗളിംഗ് വിഭാഗത്തിന്റെ  പദ്ധതികളെ കുറിച്ച് ഇപ്പോൾ  വാചാലനാകുകയാണ്  ഇന്ത്യൻ ബൗളിംഗ് കോച്ച് ഭരത് അരുൺ .

ഓസ്‌ട്രേലിയൻ പര്യടനത്തിൽ സ്റ്റാർ ബാറ്റ്സ്മാൻ  സ്റ്റീവ് സ്‌മിത്തിനെ തളച്ചതുപോലെ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെ പിടിച്ചുകെട്ടുകയാണ് ഇന്ത്യൻ ബൗള‍ർമാരുടെ അടുത്ത ലക്ഷ്യമെന്ന് ബൗളിംഗ് കോച്ച് ഭരത് അരുൺ ഇപ്പോൾ വെളിപ്പെടുത്തുന്നു .ഇന്ത്യൻ ടീമിന്റെ സ്പിൻ ബൗളിംഗ് നയിക്കുന്ന അശ്വിൻ പരിക്ക് മാറി തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസമാണെന്നും ഭരത് അരുൺ പരമ്പരക്ക് മുന്നോടിയായി പറഞ്ഞു.

നേരത്തെ ഓസ്‌ട്രേലിയയിലേക്ക് തിരിക്കും മുൻപേ സ്‌മിത്തിനെതിരെ തന്ത്രങ്ങൾ തയ്യാറാക്കിയിരുന്നുവെന്ന് ഭരത് അരുൺ  തുറന്ന് പറഞ്ഞു .സ്‌മിത്ത് നേടുന്ന റൺസിന്റെ അളവ് പരിശോധിച്ചാൽ 70 ശതമാനവും ഓഫ് സൈഡിലായിരുന്നു. ലെഗ്സൈഡിൽ  യഥേഷ്ടം പന്തെറിഞ്ഞ് സ്‌മിത്തിന് കെണിയൊരുക്കുകയാണ് ചെയ്തത്. ഇതോടൊപ്പം ബൗണ്ടറി നേടാൻ ഇഷ്ടപ്പെടുന്ന സ്‌മിത്തിനെ ഇതിൽ നിന്ന് പരമാവധി തടഞ്ഞുനിർത്തിയെന്നും ഭരത് അരുൺ വെളിപ്പെടുത്തുന്നു. 

അതേസമയം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ  ഇറങ്ങുമ്പോൾ  നായകൻ ജോ റൂട്ടായിരിക്കും ഇന്ത്യക്ക് ഏറ്റവും വലിയ വെല്ലുവിളിയാവുക. ശ്രീലങ്കയിൽ രണ്ട് ടെസ്റ്റിൽ നിന്ന് 426 റൺസ് നേടിയാണ് റൂട്ട് ചെന്നൈയിൽ  മത്സരത്തിനായി എത്തിയിരിക്കുന്നത്. സ്‌മിത്തിനെപ്പോലെ റൂട്ടിനെതിരെയും വ്യക്തമായ ഗെയിം പ്ലാൻ ഉണ്ടെന്നും മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഒഴികെയുള്ള ബൗളർമാരെല്ലാം ടീമിനൊപ്പമുള്ളത് ഇന്ത്യക്ക് ഏറെ  കരുത്താവുമെന്നും ഭരത് അരുൺ വ്യക്തമാക്കി.

നേരത്തെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ബൗളിംഗ് കോച്ച് ഭരത് അരുണിന്റെ തന്ത്രങ്ങൾക്ക് അനുസരിച്ച് ഇന്ത്യൻ ബൗളർമാർ പന്തെറിഞ്ഞപ്പോൾ സ്‌മിത്ത് എട്ട് ഇന്നിംഗ്സിൽ 313  റൺസ് മാത്രമേ അടിച്ചെടുത്തോളു .കൂടാതെ പരമ്പരയിൽ പലപ്പോഴും സ്പിന്നർ അശ്വിൻ മുൻപിൽ സ്മിത്ത് റൺസ് കണ്ടെത്തുവാൻ വിയർക്കുന്നതും നാം പരമ്പരയിൽ കണ്ടു .

ഇംഗ്ലണ്ട് സ്‌ക്വാഡ്: ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്‌സണ്‍, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രൗളി, ബെന്‍ ഫോക്‌സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെന്‍ സ്റ്റോക്‌സ്, ഒല്ലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്.

ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, അജിങ്ക്യ രഹാനെ (ഉപനായകന്‍), റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്. 



Previous articleഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പര :ഇന്ത്യൻ ടീമിനും ആശ്വാസം
Next articleഓസ്‌ട്രേലിയൻ പര്യടനത്തിലെ തന്റെ ബാറ്റിങിനെ വിമർശിച്ചവർക്ക് മറുപടിയുമായി പൂജാര