തിലക് വർമയെ ഏഷ്യകപ്പിൽ ഉൾപ്പെടുത്തിയത് ധീരമായ തീരുമാനം. പ്രശംസകളുമായി ടോം മൂഡി.

2023 ഏഷ്യാകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിലെ ഒരു സർപ്രൈസ് പേരാണ് തിലക് വർമയുടേത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് മാത്രം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച തിലക് വർമ്മയ്ക്ക് ലഭിച്ച ഒരു സുവർണാവസരം തന്നെയാണ് ഏഷ്യാകപ്പ്. ഇതുവരെ ഇന്ത്യക്കായി ട്വന്റി20 മത്സരങ്ങൾ മാത്രമാണ് തിലക് വർമ കളിച്ചിട്ടുള്ളത്.

എന്നാൽ നാലാം നമ്പറിൽ ഏകദിനത്തിലും തിലക് വർമക്ക് തിളങ്ങാൻ സാധിക്കും എന്ന ടീം മാനേജ്മെന്റിന്റെ ആത്മവിശ്വാസമാണ് ഏഷ്യാകപ്പ് സ്ക്വാഡിൽ കാണുന്നത്. ഇന്ത്യ തിലക് വർമയെ ഏഷ്യാകപ്പിനായി തിരഞ്ഞെടുത്തത് വളരെ ധീരമായ തീരുമാനമാണ് എന്നാണ് ഓസ്ട്രേലിയയുടെ മുൻ താരം ടോം മൂഡി ഇപ്പോൾ പറയുന്നത്.

F4C8PxhbMAAd7nI

ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാൻ സാധിച്ചില്ലെങ്കിലും സമീപകാലത്ത് നടന്ന ട്വന്റി20 പരമ്പരയിൽ മികച്ച പ്രകടനങ്ങൾ തന്നെയായിരുന്നു തിലക് വർമ്മ പുറത്തെടുത്തത്. വിൻഡീസ് പര്യടനത്തിൽ പല മുന്നിരതാരങ്ങളും മോശം പ്രകടനങ്ങളുമായി നിറഞ്ഞു നിന്നപ്പോൾ തിലക് വർമ ശ്രദ്ധ ആകർഷിക്കുകയായിരുന്നു. “തിലക് വർമയുടേത് ഒരു മികച്ച തെരഞ്ഞെടുപ്പായിയാണ് ഞാൻ കരുതുന്നത്. അതിനെ ഒരു ധീരമായ തീരുമാനം എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. മാത്രമല്ല ഒരു സ്മാർട്ടായ മൂവ് കൂടിയാണ് അത്.”- മൂഡി പറയുന്നു.

“തിലക് വർമ ഇന്ത്യയെ സംബന്ധിച്ച് വളർന്നുവരുന്ന ഒരു കളിക്കാരൻ തന്നെയാണ്. അയാൾക്ക് പ്രതിഭ മാത്രമല്ല, മികച്ച പക്വതയുമുണ്ട്. അത് സ്ഥിരമായി പ്രകടിപ്പിക്കാൻ തിലക് വർമയ്ക്ക് സാധിക്കുന്നുമുണ്ട്. തിലകിനെ പോലെയുള്ള ടോപ് ഓർഡർ ഇടങ്കയ്യൻ ബാറ്റർമാർ ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്. ഏഷ്യൻ സാഹചര്യങ്ങളിൽ സ്പന്നർമാർക്കാവും വിക്കറ്റുകൾ കൂടുതൽ അനുയോജ്യമാവുക. ഈ സാഹചര്യത്തിൽ സ്പിന്നിനെതിരെ ഒരു മികച്ച ടീം ബാലൻസ് ഉണ്ടാക്കിയെടുക്കാൻ തിലക് വർമയുടെ സാന്നിധ്യം സഹായകരമായി മാറിയേക്കും.”- മൂഡി കൂട്ടിച്ചേർക്കുന്നു.

വിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ 5 മത്സരങ്ങളിൽ നിന്ന് 173 റൺസായിരുന്നു തിലക് വർമ്മ നേടിയത്. പരമ്പരയിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ താരമായും തിലക് വർമ മാറുകയുണ്ടായി. മൈതാനത്ത് തിലക് വർമ്മ കാട്ടുന്ന പക്വതയാണ് അയാളുടെ ഏറ്റവും വലിയ സവിശേഷത. വരും മത്സരങ്ങളിലും തിലക് വർമ ഇത്തരത്തിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് ഇന്ത്യയുടെ വജ്രായുധമായി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. പല വമ്പൻ താരങ്ങളെയും മാറ്റിനിർത്തിയാണ് ഇന്ത്യ തിലക് വർമയ്ക്ക് ഏഷ്യാകപ്പിനുള്ള സ്ക്വാഡിൽ ഇടം നൽകിയിരിക്കുന്നത്.

Previous articleസൂര്യകുമാറിന് ഏഷ്യകപ്പ്‌ സ്‌ക്വാഡിൽ ഇടംകിട്ടിയത് ഭാഗ്യം കൊണ്ട് മാത്രം. മോശം പ്രകടനങ്ങളെപറ്റി ടോം മൂഡി.
Next articleമര്യാദയ്ക്ക് റൺസ് നേടിയിരുന്നെങ്കിൽ സഞ്ജുവും ടീമിൽ ഉണ്ടായേനെ. ടീം സെലക്ഷനെ ന്യായീകരിച്ച് ഗവാസ്കർ.