മര്യാദയ്ക്ക് റൺസ് നേടിയിരുന്നെങ്കിൽ സഞ്ജുവും ടീമിൽ ഉണ്ടായേനെ. ടീം സെലക്ഷനെ ന്യായീകരിച്ച് ഗവാസ്കർ.

2023 ഏഷ്യാകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിച്ചത് മുതൽ വലിയ ചർച്ചാവിഷയമാണ് സഞ്ജു സാംസൺ. സ്ക്വാഡിൽ ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പറായാണ് സഞ്ജു സാംസണെ ഉൾപ്പെടുത്തിയിരിക്കുന്നത്. വെസ്റ്റിൻഡീസിനെതിരായ പര്യടനത്തിൽ അത്ര മികച്ച പ്രകടനങ്ങളായിരുന്നില്ല സഞ്ജു സാംസൺ കാഴ്ചവച്ചത്.

ട്വന്റി20 സീരീസിൽ പൂർണ്ണമായും പരാജയപ്പെട്ട സഞ്ജു സാംസണ് ഏകദിന പരമ്പരയിൽ രണ്ടു മത്സരങ്ങളിൽ അവസരം ലഭിച്ചിരുന്നു. പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ 9 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചത്. എന്നാൽ അവസാന ഏകദിനത്തിൽ 41 പന്തുകളിൽ 51 റൺസ് നേടി സഞ്ജു മികവു പുലർത്തി. എന്നിരുന്നാലും സഞ്ജുവിനെ ഇന്ത്യ തങ്ങളുടെ ഏഷ്യാകപ്പിനുള്ള മെയിൻ സ്ക്വാഡിൽ നിന്ന് മാറ്റിനിർത്തുകയാണ് ഉണ്ടായത്. ഇതിനെപ്പറ്റിയാണ് ഇന്ത്യൻ താരം സുനിൽ ഗവാസ്കർ സംസാരിക്കുന്നത്.

ഇന്ത്യ സഞ്ജു സാംസനെ തങ്ങളുടെ ടീമിൽ നിന്നും മാറ്റി നിർത്താനുള്ള ഏക കാരണം അവന്റെ ഫോമില്ലായ്മ മാത്രമാണ് എന്ന് സുനിൽ ഗവാസ്കർ പറയുന്നു. കഴിഞ്ഞ മത്സരങ്ങളിൽ കൃത്യമായി റൺസ് നേടാൻ സാധിച്ചിരുന്നെങ്കിൽ ഇന്ത്യ ഉറപ്പായും സഞ്ജുവിനെ ഏഷ്യാകപ്പ് സ്ക്വാഡിൽ പരിഗണിച്ചേനെ എന്ന് ഗവാസ്കർ പറയുന്നു.

“സഞ്ജു സാംസൺ കൂടുതൽ റൺസ് നേടിയിരുന്നുവെങ്കിൽ ഉറപ്പായും അയാൾ ടീമിൽ ഉൾപ്പെട്ടേനെ. ചാഹലിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. പല സമയത്തും നമ്മൾ ടീമിന്റെ സന്തുലിതാവസ്ഥ കണക്കിലെടുക്കേണ്ടതുണ്ട്. മാത്രമല്ല ഈ താരങ്ങളുടെ ഫീൽഡിങ്, ബാറ്റിംഗ് തുടങ്ങിയ കാര്യങ്ങളിലെല്ലാം സെലക്ടർമാർക്ക് ശ്രദ്ധ ചെലുത്തേണ്ടി വന്നിരിക്കും.”- ഗവാസ്കർ പറയുന്നു.

“ചാഹലിനെ അപേക്ഷിച്ച് നോക്കുമ്പോൾ കുൽദീപ് യാദവിന് ബാറ്റിംഗിൽ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം നടത്താൻ സാധിക്കും. ഒരുപക്ഷേ ചാഹലിനെ ഇന്ത്യ മാറ്റി നിർത്താനുള്ള കാരണം അതായിരിക്കാം. സഞ്ജു സാംസനെ സംബന്ധിച്ച് അയാളെ ഒരു വിക്കറ്റ് കീപ്പർ എന്ന നിലയിൽ കൂടി ഇന്ത്യ പരിശോധിച്ചിരിക്കണം.

ഇങ്ങനെയുള്ള ഘടകങ്ങളൊക്കെയും സെലക്ഷൻ കമ്മിറ്റി കണക്കിലെടുക്കും. എന്നിരുന്നാലും സഞ്ജുവിന് കേവലം 29 വയസ്സ് മാത്രമാണ് ഉള്ളത്. അതിനാൽ തന്നെ വരാനിരിക്കുന്നത് സഞ്ജുവിന്റെ അവസാന ലോകകപ്പാണ് എന്ന് ഞാൻ കരുതുന്നില്ല. അയാൾ ഇനിയും ഇന്ത്യൻ ടീമിനൊപ്പം കുറച്ചധികം സമയം സഞ്ചരിക്കും. നിലവിൽ ഏഷ്യാകപ്പിനായി ഇന്ത്യ തിരഞ്ഞെടുത്തത് വളരെ മികച്ച ഒരു ടീം തന്നെയാണ് എന്ന് ഞാൻ കരുതുന്നു.”- ഗവാസ്കർ കൂട്ടിച്ചേർത്തു.

സഞ്ജുവിനെ ബാക്കപ്പ് ഓപ്ഷനായി ഉൾപ്പെടുത്തിയെങ്കിലും ടീമിൽ കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. കാരണം വിക്കറ്റ് കീപ്പർ എന്ന നിലയിൽ കെഎൽ രാഹുൽ, ഇഷാൻ കിഷൻ എന്നിവർ ഇന്ത്യയുടെ സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്. കെ എൽ രാഹുലിന് കളിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഇഷാനാവും ഇന്ത്യക്കായി ഇറങ്ങുക. എന്നിരുന്നാലും അടിയന്തര സാഹചര്യങ്ങളിൽ സഞ്ജുവിന്റെ സേവനം ഇന്ത്യൻ ടീം തേടും എന്നാണ് പ്രതീക്ഷ.