2024 ഐപിഎല്ലിനു തുടക്കമായി. ടീമിനു ഐപിഎല്‍ കിരീടം നേടികൊടുക്കുക എന്നതിനേക്കാള്‍ ഉപരി മറ്റൊരു മത്സരവും ടൂര്‍ണമെന്‍റില്‍ നടക്കുന്നുണ്ട്.
ഐപിഎല്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെയാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യന്‍ സ്ക്വാഡില്‍ വിക്കറ്റ് കീപ്പറായി ആര് എന്ന ചോദ്യത്തിന് ഉത്തരം അവശേഷിക്കുകയാണ്. ടി20 ലോകകപ്പ് സ്ക്വാഡില്‍ അവസരം ലഭിക്കാന്‍ ഐപിഎല്‍ മാനദണ്ഡമായിരിക്കും എന്ന് ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞു കഴിഞ്ഞു.
ജിതേഷ് ശര്‍മ്മ, ഇഷാന്‍ കിഷന്‍, സഞ്ചു സാംസണ്‍, റിഷഭ് പന്ത്, കെല്‍ രാഹുല്‍, ധ്രുവ് ജൂറല്‍ എന്നിവരാണ് സാധ്യത ലിസ്റ്റില്‍ ഉള്ളത്. ഐപിഎല്ലിലെ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ വിക്കറ്റ് കീപ്പര്‍മാരുടെ പ്രകടനം നോക്കാം.
ജിതേഷ് ശര്‍മ്മ
ലോകകപ്പ് സ്ക്വാഡില്‍ എത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള താരമാണ് ജിതേഷ് ശര്‍മ്മ. ഇന്ത്യയുടെ കഴിഞ്ഞ ടി20 മത്സരങ്ങളില്‍ കീപ്പറായും ഫിനിഷറായും എത്തിയത് ജിതേഷ് ശര്‍മ്മയായിരുന്നു. ഡല്‍ഹിക്കെതിരെയുള്ള മത്സരത്തില്‍ 9 പന്തില്‍ 9 റണ്‍സ് മാത്രമാണ് ജിതേഷ് സ്കോര്‍ ചെയ്തത്. 3 ക്യാച്ചും 1 റണ്ണൗട്ടില്‍ പങ്കാളിയാവുകയും ചെയ്തു.
ഇഷാന്‍ കിഷന്‍
രാജ്യന്തര മത്സരങ്ങളില്‍ നിന്നും വിട്ടു നിന്നു ഐപിഎല്ലില്‍ തിരിച്ചെത്തിയ ഇഷാന്‍ കിഷന് മോശം തുടക്കമാണ് ലഭിച്ചത്. നേരിട്ട നാലാം പന്തില്‍ തന്നെ റണ്ണൊന്നുമെടുക്കാതെ ഇഷാന്‍ കിഷന്‍ പുറത്തായി.
കെല്‍ രാഹുല്‍
പരിക്കില്‍ നിന്നും തിരിച്ചെത്തിയ ആദ്യ മത്സരത്തില്‍ തന്നെ ഗംഭീര പ്രകടനം നടത്താന്‍ ലക്നൗ സൂപ്പര്‍ ജയന്‍റസ് ക്യാപ്റ്റനു കഴിഞ്ഞു. ഓപ്പണറായി എത്തിയ കെല്‍ രാഹുല്‍ 44 പന്തില്‍ 58 റണ്‍സെടുത്തു. 4 ഫോറും 2 സിക്സും അടങ്ങുന്നതാണ് ഈ ഇന്നിംഗ്സ്. കൂടാതെ മത്സരത്തില്‍ 2 ക്യാച്ചും സ്വന്തമാക്കി.
സഞ്ചു സാംസണ്‍
ആദ്യ റൗണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മലയാളി താരം സഞ്ചു സാംസണാണ് മുന്നില്‍. ലക്നൗനെതിരെയുള്ള പോരാട്ടത്തില്‍ 52 പന്തില്‍ 82 റണ്‍സ് നേടി സഞ്ചു സാംസണ്‍ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടിയിരുന്നു. 3 ഫോറും 6 സിക്സും അടങ്ങുന്നതാണ് സഞ്ചുവിന്‍റെ ഈ ഇന്നിംഗ്സ്. സ്ഥിരതയോടെ ഈ പ്രകടനം തുടര്‍ന്നാല്‍ മാത്രമേ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന് ലോകകപ്പ് സ്ക്വാഡില്‍ കയറിപറ്റാന്‍ കഴിയുകയുള്ളു.
ധ്രുവ് ജൂറല്‍
രാജസ്ഥാന്‍ റോയല്‍സില്‍ മറ്റൊരു വിക്കറ്റ് കീപ്പറും മത്സര രംഗത്തുണ്ട്. എന്നാല്‍ ക്യാപ്റ്റനായ സഞ്ചു സാംസണാണ് വിക്കറ്റ് കീപ്പര്‍. മത്സരത്തില്‍ ഫിനിഷറായി എത്തിയ ജൂരല്‍ 12 പന്തില്‍ 1 വീതം ഫോറും സിക്സുമായി 20 റണ്‍സ് നേടി. ഫീല്‍ഡില്‍ 3 ക്യാച്ചും സ്വന്തമാക്കി.
റിഷഭ് പന്ത്.
കാര്‍ അപകടത്തിനു ശേഷമുള്ള റിഷഭ് പന്തിന്‍റെ തിരിച്ചു വരവിനു 2024 ഐപിഎല്‍ സാക്ഷ്യം വഹിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായാണ് റിഷഭ് പന്ത് മടങ്ങിയെത്തിയത്. റിഷഭ് പന്ത് ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ സ്ക്വാഡിലേക്ക് എത്താന്‍ കഴിയുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പരസ്യമായി പറഞ്ഞിരുന്നു.
തിരിച്ചു വരവില്‍ 13 പന്തില്‍ 2 ഫോറുമായി 18 റണ്‍സാണ് പന്ത് നേടിയത്. ഫീല്‍ഡില്‍ ഒരു ക്യാച്ചും ഒരു സ്റ്റംപിങ്ങും ചെയ്തിരുന്നു.
2024 ടി20 ലോകകപ്പ്
അമേരിക്കയിലും വിന്‍ഡീസിലുമായി നടക്കുന്ന ലോകകപ്പിനു സ്ക്വാഡ് പ്രഖ്യാപിക്കേണ്ട തീയ്യതി മെയ്യ് 1 നാണ്. മത്സരങ്ങള്‍ ഇനിയും ധാരാളം ഉള്ളതിനാല്‍ മികച്ച പ്രകടനം നടത്തി സെലക്ടര്‍മാരെ ബോധിപ്പിക്കാന്‍ താരങ്ങള്‍ക്ക് അവസരമുണ്ട്. ജൂണ്‍ 1 മുതല്‍ 29 വരെയാണ് ടൂര്‍ണമെന്‍റ് ഒരുക്കിയട്ടുള്ളത്.