ഹാർദിക്കിന്റെ മുംബൈയെ തളച്ച് ഗില്ലിന്റെ ഗുജറാത്ത്‌. ത്രസിപ്പിക്കുന്ന വിജയം 6 റൺസിന്.

gt 2024

ഐപിഎൽ 2024ൽ തങ്ങളുടെ ആദ്യ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്. ഹാർദിക് പാണ്ഡ്യ നായകനായുള്ള മുംബൈയുടെ ആദ്യ മത്സരത്തിൽ 6 റൺസിന്റെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്.

മത്സരത്തിൽ ഗുജറാത്തിന്റെ എല്ലാ ബോളർമാരും മികച്ച പ്രകടനം പുറത്തെടുത്തതാണ് വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. മറുവശത്ത് മുംബൈയെ സംബന്ധിച്ച് വമ്പൻ നിര അണിനിരന്നിട്ടും വിജയത്തിലെത്താൻ സാധിച്ചില്ല. ഗുജറാത്തിനെ സംബന്ധിച്ച് ഒരുപാട് ആത്മവിശ്വാസം നൽകുന്ന വിജയമാണ് മത്സരത്തിൽ നേടിയിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ഗുജറാത്തിന് ഞങ്ങളുടെ ഓപ്പണർമാർ നൽകിയത്. സാഹ 19 റൺസിന് പുറത്തായപ്പോൾ, ഗിൽ 22 പന്തുകളിൽ 31 റൺസ് നേടുകയുണ്ടായി. ഒപ്പം മൂന്നാമനായെത്തിയ സായി സുദർശൻ ക്രീസിലുറച്ചതോടെ ഗുജറാത്തിന്റെ സ്കോർ ഉയർന്നു.

മത്സരത്തിൽ 45 റൺസാണ് സായി സുദർശൻ നേടിയത്. മറ്റു ബാറ്റർമാരും മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാതെ പോയി. അവസാന ഓവറുകളിൽ 15 പന്തുകളിൽ 22 റൺസ് നേടിയ രാഹുൽ തീവാട്ടിയയാണ് ഗുജറാത്തിനായി മികവ് പുലർത്തിയത്.

ഇങ്ങനെ ഗുജറാത്ത് നിശ്ചിത 20 ഓവറുകളിൽ 168 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു. മറുവശത്ത് മുംബൈക്കായി തട്ടു പൊളിപ്പൻ ബോളിംഗ് പ്രകടനമാണ് ബൂമ്ര കാഴ്ചവെച്ചത്. നാലോവറുകളിൽ 14 റൺസ് മാത്രം വിട്ടുനൽകിയാണ് ബൂമ്ര 3 വിക്കറ്റുകൾ സ്വന്തമാക്കിയത്.

Read Also -  സെഞ്ചുറിയുമായി യശ്വസി ജയ്സ്വാള്‍. ഏഴാം വിജയവുമായി രാജസ്ഥാന്‍. പോയിന്‍റ് ടേബിളില്‍ ഒന്നാമത്.

169 എന്ന വിജയലക്ഷ്യം മുന്നിൽകണ്ട് ഇറങ്ങിയ മുംബൈക്ക് തുടക്കത്തിൽ തന്നെ ഇഷാൻ കിഷന്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ രോഹിത് ശർമ ക്രീസിലുറച്ചത് മുംബൈയ്ക്ക് വലിയ ആശ്വാസം നൽകി. 29 പന്തുകൾ നേരിട്ട രോഹിത് 7 ബൗണ്ടറികളും ഒരു സിക്സറുമടക്കം 43 റൺസ് ആണ് മത്സരത്തിൽ നേടിയത്.

പിന്നാലെ ബ്രെവിസും കൃത്യമായ സംഭാവന മുംബൈ ഇന്ത്യൻസിന് നൽകി. 38 പന്തുകളിൽ 46 റൺസാണ് ബ്രെവിസ് നേടിയത്. ഇതോടെ അവസാന ഓവറുകളിൽ മുംബൈ വിജയത്തിലേക്ക് അടുത്തു. അവസാന 2 ഓവറുകളിൽ 27 റൺസായിരുന്നു മുംബൈയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ പത്തൊമ്പതാം ഓവറിൽ ജോൺസൺ മികച്ച ബോളിങ് പ്രകടനം പുറത്തെടുത്തതോടെ മുംബൈയുടെ വിജയലക്ഷ്യം അവസാന ഓവറിൽ 19 റൺസായി മാറി.

അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സർ നേടിയാണ് ഹർദിക് പാണ്ഡ്യ ആരംഭിച്ചത്. തൊട്ടടുത്ത പന്തിൽ ബൗണ്ടറി നേടാനും ഹർദിക്കിന് സാധിച്ചു. ഇതോടെ മുംബൈയുടെ വിജയലക്ഷ്യം 4 പന്തുകളിൽ 9 റൺസ് എന്ന രീതിയിൽ മാറുകയായിരുന്നു. പക്ഷേ തൊട്ടടുത്ത പന്തിൽ തന്നെ ഹർദിക്കിനെ പുറത്താക്കി ഉമേഷ് യാദവ് വമ്പൻ തിരിച്ചുവരവ് നടത്തി.

അടുത്ത പന്തിൽ പിയൂഷ് ചൗളയെയും പുറത്താക്കുകയും ഉമേഷ് യാദവ് ഗുജറാത്തിനെ വിജയത്തിലേക്ക് അടുപ്പിച്ചു. അടുത്ത പന്തുകളിലും ഉമേഷ് മിതത്വം പാലിച്ചതോടെ ഗുജറാത്ത് മത്സരത്തിൽ 6 റൺസിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.

Scroll to Top