ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷിച്ച അവസാനം അല്ല ലഭിച്ചത്. ഇന്ത്യൻ ക്യാംപിലെ അതിരൂക്ഷ കോവിഡ് വ്യാപനം കാരണം അഞ്ചാം ടെസ്റ്റ് ഉപേക്ഷിക്കാനായി രണ്ട് ക്രിക്കറ്റ് ബോർഡുകളും തീരുമാനിച്ചു. അഞ്ചാം ടെസ്റ്റ് മത്സരം ഉപേക്ഷിച്ചത് ബന്ധപ്പെട്ട വിവാദങ്ങൾ ഇതിനകം തന്നെ ക്രിക്കറ്റ് ലോകത്തും സജീവമാണെങ്കിലും ഇംഗ്ലണ്ട് ടീമിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യൻ സംഘത്തിന് സമ്മാനിച്ചത് മികച്ച ഒരുപിടി ഓർമ്മകൾ തന്നെയാണ്. ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യൻ ടീം ഐതിഹാസിക ജയം നേടിയപ്പോൾ ഓവൽ ടെസ്റ്റിൽ 50 വർഷം നീണ്ട ഒരു കാത്തിരിപ്പിനാണ് അവസാനം കുറിച്ചത്
അതേസമയം ടെസ്റ്റ് പരമ്പരയിൽ മോശം ബാറ്റിങ് പ്രകടനങ്ങളുടെ പേരിൽ ഏറെ വിമർശനം കേട്ട ബാറ്റ്‌സ്മാനാണ് ഇന്ത്യൻ ഉപനായകൻ അജിഖ്യ രഹാനെ. നാല് ടെസ്റ്റുകളിലും തിളങ്ങുവാൻ കഴിയാതെ പോയ രഹാനെ കരിയറിലെ എറ്റവും മോശം കാലയളവിൽ കൂടിയാണ് ഇപ്പോൾ പോകുന്നത്. താരത്തിന്റെ അവസാന ടെസ്റ്റ് പരമ്പരയാണ് ഇപ്പോൾ ഇംഗ്ലണ്ടിൽ പൂർത്തിയായത് എന്നൊരു അഭിപ്രായം പങ്കുവെക്കുകയാണ് മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ. ഇനിയൊരു അവസരം രഹാനെക്ക് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് ലഭിക്കുമോയെന്നതിലുള്ള സംശയവും പാർഥിവ് പട്ടേൽ വിശദമാക്കി.
“രഹാനെ കഴിഞ്ഞ കുറച്ച് നാളുകളായി മോശം ഫോമിന്റെ വക്കിലാണ്. രഹാനെ നിലവിൽ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നം അദ്ദേഹത്തിന്റെ ഫൂട് വർക്ക് തന്നെയാണ് 2016 മുതലുള്ള കണക്കുകൾ നമ്മൾ പരിശോധിച്ചാൽ രഹാനെയുടെ ശരാശരി അടക്കം കുറഞ്ഞ് വരികയാണ്. ഐപിൽ സീസണിലും തിളങ്ങാൻ സാധിക്കുന്നില്ല. ഇനിയൊരു മികച്ച പ്രകടനം എങ്കിലും രഹാനെ കാഴ്ചവെക്കാതെ അദ്ദേഹത്തെ ആരും ഓർക്കില്ല “മുൻ താരം വിമർശനം ഉന്നയിച്ചു.
എന്നാൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഒരൊറ്റ അർദ്ധ സെഞ്ച്വറി മാത്രം അടിച്ചെടുക്കുവാൻ സാധിച്ച രഹാനെക്ക് ഓസ്ട്രേലിയക്ക് എതിരായ അവസാന ടെസ്റ്റ് പരമ്പരയിൽ ബാറ്റിംങ് ഫോം നഷ്ടമായിരുന്നു. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമാണ് അജിഖ്യ രഹാനെ.