ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡ് ഡീലുകളിൽ ഒന്നായിരുന്നു ഇത്തവണ ഹർദിക് പാണ്ഡ്യയുടെ കാര്യത്തിൽ നടന്നത്. ഗുജറാത്ത് ടൈറ്റൻസ് ടീമിന്റെ നായകനായ ഹർദിക് പാണ്ഡ്യയെ മുംബൈ ഒരു വലിയ ഡീലിലൂടെയാണ് തങ്ങളുടെ ടീമിലേക്ക് എത്തിച്ചത്.
ഇത് ക്രിക്കറ്റ് ലോകത്തെയാകെ അത്ഭുതപ്പെടുത്തുകയുണ്ടായി. ഐപിഎല്ലിന്റെ പതിനേഴാമത്തെ എഡിഷനിൽ മുംബൈ ഇന്ത്യൻസിന്റെ നായകനായാണ് ഹർദിക് പാണ്ഡ്യ കളിക്കുന്നത്. ഇതുവരെ 5 തവണ മുംബൈ ഇന്ത്യൻസ് ഐപിഎല്ലിലെ ചാമ്പ്യന്മാർ ആയിട്ടുണ്ട്.
ഹർദിക് പാണ്ഡ്യ മുംബൈ ടീമിന്റെ നായകനായി മാറിയതിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. ഭീമൻ തുകയ്ക്കാണ് ഹർദിക് പാണ്ഡ്യയെ ഗുജറാത്ത് മുംബൈ ടീമിന് വിട്ടു നൽകിയത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യൻ എക്സ്പ്രസ്സിന്റെ റിപ്പോർട്ട് പ്രകാരം ഇതുവരെ ഐപിഎല്ലിൽ കണ്ടിട്ടില്ലാത്ത തരം ട്രേഡാണ് ഹർദിക് പാണ്ഡ്യയുടെ കാര്യത്തിൽ മുംബൈ ഇന്ത്യൻസ് നടത്തിയത്. ഏകദേശം 100 കോടി രൂപ നൽകിയാണ് ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഹർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ മെഗാ ലേലം നടക്കുന്നതും ഇത്തരമൊരു വലിയ ഡീലിന് കാരണമായി എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെഗാ ലേലത്തിന് മുൻപായി തങ്ങളുടെ ടീം ശക്തമാക്കാനാണ് മുംബൈ ഇന്ത്യൻസ് ഇത്തരമൊരു വലിയ തുക പാണ്ഡ്യയ്ക്ക് നൽകിയത് എന്നാണ് സൂചനകൾ.
രോഹിത് ശർമ തന്റെ കരിയറിന്റെ അവസാന സമയത്ത് നിൽക്കുന്നതുകൊണ്ട് തന്നെ യുവതാരങ്ങളെ അണിനിരത്തി തങ്ങളുടെ ടീമിന്റെ അടിത്തറ ശക്തമാക്കാനാണ് മുംബൈ ഇത്തരമൊരു കാര്യത്തിനു മുതിർന്നത്.
മാത്രമല്ല ഹർദിക് പാണ്ഡ്യയെ ലഭിക്കുന്നതിനായി മുംബൈ ഇന്ത്യൻസ് ഇത്ര വലിയ തുക നൽകിയതോടെ ഒരു വമ്പൻ ബിസിനസ് പ്രശ്നം കൂടിയാണ് ഗുജറാത്തിനെ സംബന്ധിച്ച് ഇല്ലാതായിരിക്കുന്നത്. 2021 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമാകാനായി സി.വി.സി ക്യാപ്പിറ്റൽസ് നൽകിയത് 5625 കോടി രൂപയായിരുന്നു.
മുംബൈ ഇന്ത്യൻസ് ഒരു ബിസിനസ് കുടുംബമാണെങ്കിലും ഗുജറാത്ത് അങ്ങനെ ആയിരുന്നില്ല. അതിനാൽ തന്നെ ഹർദിക് പാണ്ഡ്യയെ നൽകി വലിയ തുക സ്വന്തമാക്കിയതോടെ ഗുജറാത്തിന്റെ ബിസിനസ് കൂടുതൽ സുരക്ഷിതമായിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനം സി.വി.സി ക്യാപിറ്റൽസിന് ബാലൻസ് ഷീറ്റിൽ ഇതോടെ വലിയൊരു തുക തന്നെ കാണിക്കാൻ സാധിക്കും.
എന്തായാലും വലിയൊരു ബിസിനസിന്റെ ഭാഗമായാണ് ഹർദിക് പാണ്ഡ്യയെ പോലെയൊരു വമ്പൻ താരത്തെ ഗുജറാത്ത് മുംബൈ ഇന്ത്യൻസിന് വിട്ടു നൽകിയത്. ഇരു ടീമുകളെ സംബന്ധിച്ചും ഇത് വലിയ ഗുണം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. മുംബൈയെ സംബന്ധിച്ച് തങ്ങളുടെ ശക്തമായ ടീമിനെ കൂടുതൽ ശക്തമാക്കാൻ ഹർദിക് പാണ്ഡ്യക്ക് സാധിക്കും. ഗുജറാത്തിനെ സംബന്ധിച്ച് സാമ്പത്തികമായി ഒരുപാട് മുൻപോട്ട് വരാനും ഇത്തരമൊരു ഡീൽ സഹായകരമായി മാറിയിട്ടുണ്ട്.