ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ശക്തികളിലൊന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. പ്രതിഭകളുടെ ധാരാളിത്തമാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും വലിയ ശക്തി.ഇന്ന് ഇന്ത്യൻ കുപ്പായത്തിലേക്ക് വരുന്ന യുവ താരങ്ങളും പുതുമുഖ താരങ്ങളും മിന്നും പ്രകടനങ്ങളാൽ തങ്ങളുടെ സ്ഥാനം ടീ ഇന്ത്യയിൽ അരക്കിട്ടുറപ്പിക്കാൻ ശ്രമം നടത്തുമ്പോൾ ക്രിക്കറ്റ് ലോകവും മറ്റ് ടീമുകളും ഇന്ത്യൻ ടീമിന്റെ യുവതാര സംഘത്തെ കുറിച്ചും ഒപ്പം ക്രിക്കറ്റിൽ വളരുവാൻ താരങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഒരുക്കുന്ന സൗകര്യങ്ങളെ കുറിച്ചും ഏറെ വാചലരാവുകയാണ്.
ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പുതിയ താരങ്ങൾക്ക് നൽകുന്ന പരിഗണനയും ഒപ്പം ആഭ്യന്തര ക്രിക്കറ്റിലെ വളരെ മികച്ച സജ്ജീകരണങ്ങൾ ഒരുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെ പുകഴ്ത്തുകയാണ് മുൻ പാകിസ്ഥാൻ താരം അബ്‌ദുൾ റഹ്മാൻ.ഇന്ത്യൻ ടീമിന്റെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലുമുള്ള ഈ വളർച്ചക്ക് കാരണം ഇപ്പോഴത്തെ ആഭ്യന്തര ക്രിക്കറ്റ് സംവീധാനവും ഒപ്പം പ്ലാനിങ്ങുമാണെന്ന് തുറന്ന് പറയുകയാണ് മുൻ പാകിസ്ഥാൻ സ്പിന്നർ.
“ഇന്ത്യൻ ടീമിന്റെ ആഭ്യന്തര ക്രിക്കറ്റ് ഘടന ഇന്ന് ഏറ്റവും മികച്ചതാണ്. അവർ ഇന്ന് ലോകോത്തര നിലവാരത്തിലുള്ള താരങ്ങളെ വാർത്തെടുക്കുന്നു.ആഭ്യന്തര ക്രിക്കറ്റ് താരങ്ങളോട് ബിസിസിഐ അടക്കം എല്ലാവരും കാണിക്കുന്ന ഈ മനോഭാവം പ്രശംസനീയമാണ്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് എല്ലാം വളരെ ഉയർന്ന പ്രതിഫലവും ലഭിക്കുന്നുണ്ട്. എന്റെ അഭിപ്രായത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇതിൽ നിന്നെല്ലാം പാഠം പഠിക്കണം. പാകിസ്ഥാൻ ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾക്ക് യാതൊരു വിധ പരിഗണനയും ഇപ്പോൾ ബോർഡിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നില്ല എന്നതാണ് സത്യം “താരം വിമർശനം കടുപ്പിച്ചു.