ഫൈനൽ കളിക്കുവാൻ കഴിയാത്തത്തിൽ വിഷമം മാത്രം :വൈകാരികനായി കുൽദീപ്

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ആരാധകർ എല്ലാം കാത്തിരിക്കുന്ന മത്സരമാണ് ജൂൺ 18 ആരാഭിക്കുന്ന കിവീസ് ടീമിന് എതിരായ പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ. കരുത്തരായ രണ്ട് ടീമുകളെ ഫൈനലിൽ പരസ്പരം ഏറ്റുമുട്ടുമ്പോൾ ആരാകും വിജയിക്കുക എന്നത് പ്രവചനാതീതമാണ്. ഇന്ത്യൻ ക്രിക്കറ്റ്‌ സംഘം പ്രഥമ ടെസ്റ്റ് ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഇംഗ്ലണ്ടിൽ എത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്. പക്ഷേ ഇന്ത്യൻ സ്‌ക്വാഡിൽ ഏവരെയും ഞെട്ടിച്ച് അവസരം ലഭിക്കാതെ പോയ ഒരു താരമാണ് ചൈനമാൻ ബൗളർ കുൽദീപ് യാദവ്.

ടീമിൽ ഇടം ലഭിക്കാത്തതിന്റെ വേദന താരം വിശദമായി വ്യക്തമാക്കുകയാണ് ഇപ്പോൾ.കഴിഞ്ഞ കുറച്ച് മാസങ്ങളായി ഫോം വീണ്ടെടുക്കാൻ കഴിയാതെ ഉഴറുന്ന കുൽദീപ് ഇന്ത്യൻ ദേശീയ ടീമിൽ നിന്നും മൂന്ന് ഫോർമാറ്റിലും പുറത്തായി കഴിഞ്ഞു കരിയറിലെ വലിയ തിരിച്ചടിയാണ് താൻ ഇപ്പോൾ നേരിടുന്നത് എന്ന് വിശദമാക്കിയ താരം വൈകാരികനായി സംസാരിച്ചു.

“ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിൽ കളിക്കാൻ കഴിയാത്തത്തിൽ വിഷമമുണ്ട്. തീർച്ചയായും ഞാൻ ഇംഗ്ലണ്ടിലെ ഇന്ത്യൻ വിജയത്തിനായി മികച്ച പ്രകടനം കാഴ്ചവെക്കാം എന്ന് പ്രതീക്ഷിച്ചു. പക്ഷേ എനിക്ക് അതിനുള്ള അവസരം ലഭിച്ചില്ല. എല്ലാവരും ടീമിൽ തുടരാൻ തന്നെയാണ് ഉറപ്പായും ആഗ്രഹിക്കുക പക്ഷേ ചില സമയങ്ങളിൽ നാം കരുതും പോലെയല്ല കാര്യങ്ങൾ നടക്കുക. ഇംഗ്ലണ്ടിലേക്ക് പോകുവാൻ കഴിയാത്തത്തിൽ വിഷമം ഏറെ ഉണ്ട്. പക്ഷേ അതിൽ മാത്രം ഇനി നിരാശപെട്ടിരിക്കുവാൻ ഞാൻ ഇല്ല. ഇനി വരുന്ന ലങ്കക്ക് എതിരായ പരമ്പരയിൽ അവസരം ലഭിക്കും എന്ന് വിശ്വസിക്കാം. മികച്ച പ്രകടനത്തോടെ ടീമിലേക്ക് തിരികെ വരികയെന്നതാണ് ലക്ഷ്യം ” കുൽദീപ് വാചാലനായി.

ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് പിന്നാലെ ഓഗസ്റ്റിലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കും വേണ്ടിയാണ് ഇന്ത്യൻ സംഘം ജൂൺ മൂന്നിന് ഇംഗ്ലണ്ടിൽ എത്തിയത്. മുംബൈയിൽ നിന്നും ക്വാറന്റൈനിൽ കഴിഞ്ഞ ഇന്ത്യൻ സ്‌ക്വാഡ് ഇംഗ്ലണ്ടിലേക്ക് ജൂൺ രണ്ടിന് പറന്നു.