ഇന്ത്യയല്ല, ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാൻ നേടും. കാരണം വ്യക്തമാക്കി ഗവാസ്കർ.

2025 ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ കിരീടം നേടാൻ സാധ്യതയുള്ള ടീം പാക്കിസ്ഥാനാണ് എന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാൻ മണ്ണിലാണ് നടക്കുന്നത്. അതുകൊണ്ട്, ഇതിന്റെ മുൻതൂക്കം പാക്കിസ്ഥാൻ ടീമിന് ഉണ്ടാകുമെന്നാണ് സുനിൽ ഗവാസ്കർ കരുതുന്നത്. ഫെബ്രുവരി 19നാണ് ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നത്. ഇന്ത്യയുടെ ഒഴികെയുള്ള മത്സരങ്ങളെല്ലാം പാകിസ്ഥാനിൽ നടക്കുന്നതുകൊണ്ട്, ടീമിന് മുൻനിരയിലേക്ക് വരാനുള്ള വലിയ അവസരമാണ് ഒരുങ്ങുന്നത് എന്ന് സുനിൽ ഗവാസ്കർ കരുതുന്നു.

ഇന്ത്യ, ഓസ്ട്രേലിയ അടക്കമുള്ള വമ്പൻ ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റിലാണ് തന്റെ ഫേവറേറ്റായി ഗവാസ്കർ പാക്കിസ്ഥാനെ തിരഞ്ഞെടുത്തിരിക്കുന്നത്. “പാകിസ്ഥാൻ തന്നെയാവും ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിലെ ഏറ്റവും ഫേവറേറ്റ് ടീം. കാരണം മത്സരം നടക്കുന്നത് അവരുടെ നാട്ടിലാണ്. അതുകൊണ്ട് തന്നെ മറ്റു ടീമുകൾക്ക് അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് പ്രകടനം കാഴ്ചവച്ച് വെല്ലുവിളികൾ ഉയർത്തുക എന്നത് അത്ര അനായാസമല്ല.”- സുനിൽ ഗവാസ്കർ സ്റ്റാർ സ്പോർട്സിൽ നടന്ന അഭിമുഖത്തിൽ പറയുകയുണ്ടായി.

അതേസമയം സമീപകാലത്ത് ഇന്ത്യൻ ടീമിന്റെ പ്രകടനങ്ങൾ പരിശോധിക്കുമ്പോൾ, ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കും സാധ്യതകളുണ്ട് എന്ന് സുനിൽ ഗവാസ്കർ കരുതുന്നു. 2023 ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ പരാജയം നേരിട്ടത് ഒഴിച്ചാൽ ഇന്ത്യ ഏകദിനങ്ങളിൽ മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ച വച്ചിട്ടുള്ളത് എന്ന് ഗവാസ്കർ കരുതുന്നു. എന്നിരുന്നാലും പാക്കിസ്ഥാൻ ടീമിന്, തങ്ങളുടെ മണ്ണിൽ കളിക്കാൻ സാധിക്കുന്നത് വലിയൊരു അനുഗ്രഹമായി മാറും എന്നാണ് സുനിൽ ഗവാസ്കർ കരുതുന്നത്.

ഇത്തവണ 8 ടീമുകളാണ് ചാമ്പ്യൻസ് ട്രോഫിയുടെ 2 ഗ്രൂപ്പുകളിലായി അടങ്ങിയിട്ടുള്ളത്. ഗ്രൂപ്പ് എ യിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് അണിനിരക്കുന്നത്. ഗ്രൂപ്പ് ബി യിൽ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾ ഏറ്റുമുട്ടും. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. ഇന്ത്യയുടെ മുഴുവൻ മത്സരങ്ങളും ഇത്തവണ ദുബായിലാണ് നിശ്ചയിച്ചിരിക്കുന്നത്. ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാൻ മത്സരം ഫെബ്രുവരി 23നാണ് നടക്കുക.