സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും ഇന്ത്യൻ താരമായ കരുൺ നായരെ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള സ്ക്വാഡിലേക്ക് ഉൾപ്പെടുത്തിയില്ല. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിങ്.
ഇത്തരത്തിൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന താരങ്ങളെ, ദേശീയ ടീമിലേക്ക് ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ആഭ്യന്തര ക്രിക്കറ്റിന്റെ പ്രാധാന്യമെന്താണ് എന്ന് ഹർഭജൻ സിംഗ് ചോദിക്കുന്നു. 2024- 25 ലെ വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ ഇതുവരെ മികച്ച പ്രകടനങ്ങൾ മാത്രമാണ് കരുൺ കാഴ്ച വെച്ചിട്ടുള്ളത്. ഇതുവരെ ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കിയതും കരുൺ നായർ തന്നെയാണ്.
ഇതുവരെ 8 ഇന്നിങ്സുകളിൽ നിന്ന് 779 റൺസാണ് വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ കരുൺ നായർ സ്വന്തമാക്കിയത്. 389.5 എന്ന അവിശ്വസനീയ ശരാശരിയിലായിരുന്നു കരുണിന്റെ പ്രകടനം. 124.04 എന്ന സ്ട്രൈക്ക് റേറ്റും കരുൺ നായർക്കുണ്ട്. 5 സെഞ്ച്വറികളും ഒരു അർത്ഥ സെഞ്ച്വറിയുമാണ് ഇതുവരെ കരുൺ വിജയ് ഹസാരെ ടൂർണമെന്റിൽ നേടിയത്.
ഈ മികവാർന്ന പ്രകടനങ്ങൾക്ക് ശേഷം ഇന്ത്യ കരുണിനെ തങ്ങളുടെ ടീമിലേക്ക് ക്ഷണിക്കുമെന്നാണ് ആരാധകരിൽ പലരും കരുതിയത്. എന്നാൽ 15 അംഗങ്ങൾ അടങ്ങുന്ന ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള സ്ക്വാഡിൽ സ്ഥാനം കണ്ടെത്താൻ കരുണിന് സാധിച്ചില്ല. ശേഷമാണ് തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ കൂടി ഹർഭജൻ സിങ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
“ആഭ്യന്തര ക്രിക്കറ്റിലെ ഫോമിന്റെയും പ്രകടനങ്ങളുടെയും അടിസ്ഥാനത്തിലല്ല ഇന്ത്യൻ ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നതെങ്കിൽ, ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് കൊണ്ടുള്ള ഗുണം എന്താണ്?”- ഹർഭജൻ സിംഗ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിക്കുകയുണ്ടായി. 2016ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലായിരുന്നു കരുൺ നായർ ഇന്ത്യൻ ടീമിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഒരു ത്രിപിൾ സെഞ്ചുറി സ്വന്തമാക്കി വമ്പൻ റെക്കോർഡും താരം നേടിയിരുന്നു. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ത്രിപിൾ സെഞ്ച്വറി സ്വന്തമാക്കുന്ന രണ്ടാമത്തെ താരമായി കരുൺ മാറുകയും ചെയ്തു.
പക്ഷേ അടുത്ത ടെസ്റ്റ് മത്സരങ്ങളിൽ കരുൺ നായർ പരാജയപ്പെട്ടു. ഇതോടെ കരുണിന് ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. എന്തുകൊണ്ടാണ് കരുണിനെ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്താത്തത് എന്ന ചോദ്യത്തിന് ഇന്ത്യൻ സെലക്ടർ അജിത്ത് അഗാർക്കർ നൽകിയ ഉത്തരവും ഇങ്ങനെയായിരുന്നു. “ആഭ്യന്തര ക്രിക്കറ്റിൽ 700- 750 ആവറേജിൽ കളിക്കുക എന്നത് അവിശ്വസനീയം തന്നെയാണ്. അതേ സംബന്ധിച്ച് ഞങ്ങൾ സംസാരിക്കുകയും ചെയ്തു. ഇത്തരം പ്രകടനങ്ങൾ നടത്തുമ്പോൾ നമുക്ക് ഇവരെ ഒഴിവാക്കാൻ സാധിക്കില്ല. പക്ഷേ ഇപ്പോൾ ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്തുക എന്നത് കരുണിനെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടാണ്. നമ്മൾ ഈ ടൂർണമെന്റിനായി തെരഞ്ഞെടുത്ത താരങ്ങളൊക്കെയും 40 റൺസ് ശരാശരി ഉള്ളവരാണ്. അതുകൊണ്ടു തന്നെ കൂടുതൽ താരങ്ങളെ നമുക്ക് ഒഴിവാക്കാനും സാധിക്കില്ല.”- അഗാർക്കർ പറയുന്നു.