ഇത്തവണത്തെ ലോകകപ്പിൽ ഏറെ പ്രതീക്ഷയോടെ എത്തിയ ടീമായിരുന്നു പാക്കിസ്ഥാൻ. എന്നാൽ ആദ്യ രണ്ടു മത്സരങ്ങളിലും തോറ്റ് ടീമിൻ്റെ ഭാവി തുലാസിൽ ആയിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെയും ഇന്നലെ നടന്ന മത്സരത്തിൽ സിംബാബുവെക്കെതിരെ ഒരു റൺസിനുമാണ് പാകിസ്ഥാൻ പരാജയപ്പെട്ടത്. ഇതോടെ ടീമിൻ്റെ സെമി സാധ്യതകൾക്ക് വളരെയധികം മങ്ങലേറ്റിരിക്കുകയാണ്.
ഗ്രൂപ്പില്‍ ഇതുവരെയും ഒരു വിജയവും നേടാതെ അഞ്ചാം സ്ഥാനത്താണ് പാക്കിസ്ഥാൻ ഉള്ളത്. അവസാന സ്ഥാനക്കാരായി ഗ്രൂപ്പിലുള്ളത് പാക്കിസ്ഥാന്റെ പോലെ തന്നെ ലോകകപ്പിൽ ഇതുവരെയും ഒരു വിജയവും നേടാത്ത നെതർലാൻഡ്സ് ആണ്. ഇനി മൂന്ന് മത്സരങ്ങൾ മാത്രമാണ് പാക്കിസ്ഥാന് അവശേഷിക്കുന്നത്. സൗത്ത് ആഫ്രിക്ക,ബംഗ്ലാദേശ്, നെതർലാൻഡ്സ് എന്നീ ടീമുകൾക്കെതിരെയാണ് പാക്കിസ്ഥാന്റെ മത്സരം.
ഇത്തവണത്തെ ലോകകപ്പിൽ കളിക്കാരുടെ കൂടെ മഴ കൂടി കളിക്കുന്നതിനാൽ പാക്കിസ്ഥാന്റെ മുന്നോട്ടുള്ള കളികളിൽ ഭാഗ്യം കൂടെ വേണം എന്ന കാര്യം ഉറപ്പാണ്. ഒട്ടനവധി നിരവധി മികച്ച താരങ്ങളും ആയാണ് പാക്കിസ്ഥാൻ ഓസ്ട്രേലിയയിലേക്ക് വിമാനം കയറിയത്. ലോകത്തിലെ നിലവിലെ മികച്ച ബാറ്റിംഗ് കൂട്ടുകെട്ടുകളിൽ ഒന്നായ ബാബർ അസം മുഹമ്മദ് റിസ്വാൻ, മികച്ച ഫാസ്റ്റ് ബൗളർ ഷഹീൻ അഫ്രീദി തുടങ്ങിയ വമ്പൻ താരങ്ങൾ തന്നെ ടീമിൽ ഉണ്ടായിരുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യ സമ്മാനിച്ച പരാജയമാണ് പാക്കിസ്ഥാൻ്റെ മുന്നോട്ടുള്ള കുതിപ്പിന് തിരിച്ചടിയായത്.
അതുപോലെ തന്നെ പാക്കിസ്ഥാൻ തീരെ പ്രതീക്ഷിക്കാത്ത തോൽവിയായിരുന്നു സിംബാബ്വെ ഇന്നലെ സമാനിച്ചത്. 131 റൺസ് പ്രതിരോധിക്കാൻ ഇറങ്ങിയ സിബാബ്വെ അതിമനോഹരം ആയിട്ടാണ് അക്കാര്യം ചെയ്തത്. ഓപ്പണർമാരുടെ മോശം ഫോം ആണ് പാക്കിസ്ഥാന്റെ ഏറ്റവും വലിയ തിരിച്ചടി. വമ്പൻ ഹൈപ്പിൽ എത്തിയ ഷഹീൻ അഫ്രീദിക്ക് ഇതുവരെയും ഒരു വിക്കറ്റ് നേടാൻ പോലും സാധിക്കാത്തതും ശ്രദ്ധേയമാണ്.