പാകിസ്ഥാൻ ഇന്ത്യൻ താരങ്ങളെ കണ്ട് പഠിക്കണം. ഇപ്പോഴും പാകിസ്ഥാൻ 10 വർഷം പിന്നിൽ – അക്മൽ പറയുന്നു.

അഫ്ഗാനിസ്ഥാൻ ടീമിനെതിരെ അപ്രതീക്ഷിതമായ പരാജയമായിരുന്നു പാക്കിസ്ഥാൻ നേരിട്ടത്. മത്സരത്തിൽ 282 എന്ന വമ്പൻ സ്കോർ സ്വന്തമാക്കിയിട്ടും അത് പ്രതിരോധിക്കാൻ പാകിസ്ഥാന്റെ ബോളമാർക്ക് സാധിച്ചില്ല. മത്സരത്തിൽ 8 വിക്കറ്റുകളുടെ ചരിത്ര വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്. പാക്കിസ്ഥാന്റെ മത്സരത്തിലെ മോശം പ്രകടനത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം കമ്രാൻ അക്മൽ. തങ്ങളുടെ പ്ലെയിങ് ഇലവനിൽ ശക്തമായ മാറ്റങ്ങൾ വരുത്താൻ പാക്കിസ്ഥാന് സാധിച്ചില്ല എന്നാണ് അക്മൽ പറയുന്നത്. ഇത്തരത്തിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്താൻ കൂട്ടാക്കാതിരുന്നതാണ് പാകിസ്ഥാൻ മത്സരത്തിൽ പരാജയപ്പെടാൻ കാരണം എന്ന് അക്മൽ പറഞ്ഞു.

കഴിഞ്ഞ 3 വർഷമായി പാകിസ്താന്റെ ചില താരങ്ങൾ മികച്ച ഫോമിലല്ല കളിക്കുന്നതെന്നും, എങ്കിലും വീണ്ടും അവർക്ക് പാക്കിസ്ഥാൻ അവസരം നൽകുകയാണെന്നും അക്മൽ പറയുന്നു. അഫ്ഗാനിസ്ഥനെതിരായ മത്സരത്തിൽ പാക്കിസ്ഥാന്റെ ബാറ്റർമാരായ ഇഫ്തിഖാർ അഹമ്മദും ഇമാം വസീമും തരക്കേടില്ലാത്ത രീതിയിൽ കളിച്ചെന്നും, എന്നാൽ അവർക്ക് കൃത്യമായ സമയത്ത് സ്കോറിങ് ഉയർത്താൻ സാധിച്ചില്ലയെന്നും അക്മൽ പറയുന്നു. മാത്രമല്ല മത്സരത്തിൽ പാക്കിസ്ഥാൻ നായകൻ ബാബർ ആസമും വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാനും വിക്കറ്റുകൾ വലിച്ചെറിയുകയായിരുന്നു എന്ന അഭിപ്രായവും അക്മൽ പ്രകടിപ്പിക്കുകയുണ്ടായി.

ഇതിനൊപ്പം അഫ്ഗാനിസ്ഥാൻ ടീമിന്റെ മികച്ച പ്രകടനത്തെ പ്രശംസിക്കാനും അക്മൽ മറന്നില്ല. മുൻപ്, പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യൻ ടീമിനെ കണ്ടു പഠിക്കേണ്ടതുണ്ട് എന്ന് അക്മൽ പറഞ്ഞിരുന്നു. ഇന്ത്യയുടെ രോഹിത് ശർമ ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി തുടങ്ങിയ ബാറ്ററുമാരുടെ മനോഭാവം പാകിസ്ഥാൻ കണ്ടുപഠിക്കേണ്ടതുണ്ട് എന്നായിരുന്നു അക്മലിന്റെ അഭിപ്രായം. മാത്രമല്ല ഇന്ത്യക്കെതിരെ ദ്വിരാഷ്ട്ര പരമ്പരകൾ കളിക്കാൻ അവസരം ലഭിക്കാത്തത് പാകിസ്താനെ സംബന്ധിച്ച് ഭാഗ്യമാണെന്നും അക്മൽ പറഞ്ഞു. അല്ലാത്തപക്ഷം ഇന്ത്യ അനായാസം പാകിസ്ഥാനെ പരാജയപ്പെടുത്തിയേനെ എന്നാണ് അക്മലിന്റെ അഭിപ്രായം.

മത്സരത്തിലെ പുരോഗമനത്തിന്റെ കാര്യത്തിൽ പാക്കിസ്ഥാൻ ഇന്ത്യൻ ടീമിനേക്കാൾ 10 വർഷം പിറകിലാണ് ഇപ്പോഴുമുള്ളത് എന്നാണ് അക്മൽ പറഞ്ഞത്. എന്തായാലും അക്മലിന്റെ ഈ വാദങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ പാകിസ്താന്റെ പ്രകടനം. വരും മത്സരങ്ങളിലെങ്കിലും ശക്തമായ നിലയിൽ തിരിച്ചു വന്നാൽ മാത്രമേ പാകിസ്താന് സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ സാധിക്കൂ. ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് തുടങ്ങിയ വമ്പൻ ടീമുകളോടാണ് പാക്കിസ്ഥാന് ഇനി മത്സരം അവശേഷിക്കുന്നത്. അവശേഷിക്കുന്ന 4 മത്സരങ്ങളിലും വിജയം നേടിയാൽ മാത്രമേ പാക്കിസ്ഥാന് സെമിയിലെത്താൻ സാധിക്കൂ.

Previous articleഎല്ലാ ദിവസവും 8 കിലോ മട്ടൻ കഴിക്കുന്നവരെ പോലെ. പാക് താരങ്ങളുടെ ഫിറ്റ്നസിനെ വിമർശിച്ച് വസീം അക്രം.
Next articleഡീകോക്ക് എഫക്ടിൽ പത്തിയൊടിഞ്ഞ് നാഗിൻ ഡാൻസ്കാർ. 149 റൺസിന്റെ കൂറ്റൻ വിജയവുമായി ദക്ഷിണാഫ്രിക്ക.