എല്ലാ ദിവസവും 8 കിലോ മട്ടൻ കഴിക്കുന്നവരെ പോലെ. പാക് താരങ്ങളുടെ ഫിറ്റ്നസിനെ വിമർശിച്ച് വസീം അക്രം.

pak vs afghan

അഫ്ഗാനിസ്ഥാനെതീരായ മത്സരത്തിലെ പാകിസ്താന്റെ പരാജയത്തിൽ വലിയ പങ്കുവഹിച്ചത് പാക്കിസ്ഥാന്റെ മോശം ഫീൽഡിങ് പ്രകടനം തന്നെയാണ്. മത്സരത്തിൽ 282 എന്ന ഒരു മികച്ച സ്കോറിലെത്താൻ പാകിസ്ഥാന് സാധിച്ചിരുന്നു. എന്നാൽ പിന്നീട് ബോളിങ്ങിലും ഫീൽഡിങ്ങിലും പാക്കിസ്ഥാൻ വളരെ മോശം പ്രകടനം പുറത്തെടുക്കുകയായിരുന്നു. പല സമയത്തും മൈതാനത്ത് ക്യാച്ചുകൾ കൈവിട്ടും, അനായാസ ബൗണ്ടറികൾ വഴങ്ങിയും പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാന് മുൻപിൽ തകർന്നടിഞ്ഞു.

ടീമിലെ താരങ്ങളുടെ മോശം ഫിറ്റ്നസാണ് ഇതിൽ പ്രധാന പങ്കുവഹിച്ചത്. ഇതിനെതിരെ വലിയ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം വസീം അക്രം. ടീമിലെ താരങ്ങളുടെ ഫിറ്റ്നസ് കൃത്യമായി പാക്കിസ്ഥാൻ പരിശോധിക്കുവാൻ തയ്യാറാവണം എന്നാണ് അക്രം പറയുന്നത്.

കഴിഞ്ഞ രണ്ടു വർഷമായി താരങ്ങൾ ഫിറ്റ്നസ് പരിശോധനകളിൽ ഏർപ്പെട്ടിട്ടില്ല എന്നും അക്രം പറയുന്നു. “ഇന്നത്തെ പരാജയം വളരെയധികം നിരാശ സമ്മാനിച്ചു. 280 റൺസ് സ്വന്തമാക്കുന്നതിനിടെ അഫ്ഗാനിസ്ഥാന്റെ കേവലം രണ്ടു വിക്കറ്റുകളാണ് പാക്കിസ്ഥാന് നേടാൻ സാധിച്ചത്. അത് വളരെ മോശം പ്രകടനം തന്നെയാണ്. പിച്ച് നനഞ്ഞിരുന്നോ എന്നതിലല്ല കാര്യം. പാക്കിസ്ഥാൻ താരങ്ങളുടെ ഫീൽഡിങ് പരിശോധിക്കു.

അവരുടെ ഫിറ്റ്നസ് ലെവൽ ശ്രദ്ധിക്കുക. കഴിഞ്ഞ 3 ആഴ്ചകളായി ഞങ്ങൾ ഇതേ സംബന്ധിച്ചു പറയുകയാണ്. പാകിസ്ഥാൻ താരങ്ങൾ കഴിഞ്ഞ 2 വർഷത്തിനിടയിൽ ഒരു തവണ പോലും ഫിറ്റ്നസ് പരിശോധന നടത്തിയിട്ടില്ല. താരങ്ങളെയൊക്കെയും കണ്ടാൽ എല്ലാദിവസവും 8 കിലോ മട്ടൻ കഴിക്കുന്നവരെ പോലെയുണ്ട്. ഇനിയും ഇവരുടെ ഫിറ്റ്നസ് ടെസ്റ്റ് ചെയ്യാതിരുന്നുകൂട.”- വസീം അക്രം പറഞ്ഞു.

Read Also -  മണ്ടൻമാർ. പാകിസ്ഥാന്റെ സൂപ്പർ ഓവറിലെ പ്ലാൻ ചോദ്യം ചെയ്ത് യുവരാജ്.

“എല്ലായിപ്പോഴും നമ്മുടെ രാജ്യത്തിനായി കളിക്കുന്ന ഓരോ മത്സരത്തിനും താരങ്ങൾക്ക് കൃത്യമായി പ്രതിഫലം ലഭിക്കുന്നുണ്ട്. അതിന് കൃത്യമായ ഒരു ക്രൈറ്റീരിയയുണ്ട്. മിസ്ബാ ടീമിന്റെ പരിശീലകനായിരുന്ന സമയത്ത് ഇത്തരം ക്രൈറ്റീരിയ മുൻപിലേക്ക് വെച്ചിരുന്നു. താരങ്ങൾ അയാളെ വെറുത്തിരുന്നെങ്കിലും അത് നന്നായി മുന്നോട്ടു പോയിരുന്നു. ഫീൽഡിങ് എന്നത് ഫിറ്റ്നസുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. അതാണ് പാക്കിസ്ഥാൻ ടീമിന് ഇല്ലാത്തതും. ഇപ്പോൾ ഒരു വ്യത്യസ്തമായ പൊസിഷനിലേക്കാണ് പാക്കിസ്ഥാൻ എത്തിയിരിക്കുന്നത്. ഇനി നമുക്ക് മറ്റു ടീമുകൾക്കായി പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു. ചില ഫലങ്ങൾ അനുകൂലമായി വരാൻ കാത്തിരിക്കേണ്ടിയിരിക്കുന്നു.”- അക്രം കൂട്ടിച്ചേർത്തു.

ഒപ്പം കഴിഞ്ഞ സമയങ്ങളിലെ പാക്കിസ്ഥാൻ മാനേജ്മെന്റിന്റെ മോശം പ്രവർത്തികളെയും അക്രം വിമർശിക്കുകയുണ്ടായി. “പാക്കിസ്ഥാൻ നമ്പർ വൺ ടീമാണ് എന്ന് എല്ലാവരും പറയുന്നു. എന്നാൽ കഴിഞ്ഞ 6-8 മാസമായി ഒരു ചെയർമാനാണ് നമുക്കുള്ളത്. ഏകദേശം 3-4 മാസങ്ങൾ കൂടുമ്പോൾ അദ്ദേഹം ബോർഡിലേക്ക് വരും. കോച്ചിംഗ് സ്റ്റാഫിനെ മാറ്റും. കഴിഞ്ഞ വർഷത്തെ ട്വന്റി20 ലോകകപ്പിൽ നമ്മൾ ഫൈനലിൽ എത്തിയിരുന്നു.

എന്നാൽ അതോടുകൂടി അദ്ദേഹം എല്ലാത്തിലും മാറ്റങ്ങൾ വരുത്തി. ‘അവനെ പുറത്താക്കൂ, അയാളെ ഒഴിവാക്കൂ, മറ്റു ചിലരെ ടീമിൽ ഉൾപ്പെടുത്തൂ’ എന്നതാണ് മാനേജ്മെന്റ് നിലപാട്. ആരൊക്കെ ചെയർമാനായി വന്നാലും നമ്മുടെ രാജ്യത്തെ പറ്റിയാണ് ചിന്തിക്കേണ്ടത്. വസീം ഖാനും ഇഹ്‌സാൻ മണിയും ഇത്തരം ഒരു മികച്ച ടീം ഉയർത്തിക്കൊണ്ടു വരാൻ വലിയ പ്രയത്നം നടത്തിയിട്ടുണ്ട്. അതിനെ നമ്മൾ ബഹുമാനിക്കണം.”- അക്രം പറഞ്ഞു വെക്കുന്നു.

Scroll to Top