ഇന്നായിരുന്നു 20-20 ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യം ഒന്ന് പതറിയെങ്കിലും പിന്നീട് മുൻ നായകൻ കോഹ്ലിയുടെയും ഹർദിക് പാണ്ഡ്യയുടെയും മികവിൽ കളി തിരിച്ചുപിടിച്ചു.
ഇപ്പോഴിതാ ഇന്ത്യയ്ക്കെതിരായ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെതിരെയും അമ്പയർമാർക്കെതിരെയും രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ ആരാധകർ. തങ്ങളുടെ കയ്യിൽ നിന്നും ഇന്ത്യ വിജയം തട്ടിപ്പറിക്കുകയായിരുന്നു എന്നും തങ്ങൾ തോറ്റിട്ടില്ലെന്നും എന്ന വിചിത്ര ആരോപണങ്ങളാണ് പാകിസ്ഥാൻ ആരാധകർ ഉന്നയിക്കുന്നത്. പ്രധാനമായും പാക്കിസ്ഥാൻ ആരാധകർ ചൂണ്ടിക്കാണിക്കുന്നത് അവസാന ഓവറിൽ അമ്പയർമാർ വിധിച്ച നോബോളും അതിന് ലഭിച്ച ഫ്രീഹിറ്റിൽ കോഹ്ലി ബോൾഡായതിനുശേഷം ഓടിയെടുത്ത മൂന്ന് റൺസുമാണ്.
ഇതേ വാദവുമായി പാക്കിസ്ഥാൻ ആരാധകർ മാത്രമല്ല മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗും രംഗത്തെത്തി. അമ്പയറുടെ തീരുമാനത്തെ എതിർത്ത് മത്സരത്തിനിടയിൽ തന്നെ പാകിസ്ഥാൻ താരങ്ങൾ പ്രതിഷേധം അറിയിച്ചിരുന്നു.കൂടാതെ ഫ്രീഹിറ്റിൽ ബോൾഡ് ആയപ്പോൾ ഡെഡ് ബോൾ വിളിക്കാതെ 3 റൺസ് കൊടുത്തതും വിമർശനങ്ങൾക്ക് വഴിവെച്ചു. നിയമപ്രകാരം ഫ്രീഫ്രിറ്റിൽ നാല് വഴികളിലൂടെ മാത്രമാണ് ഒരു ബാറ്റ്സ്മാനെ പുറത്താക്കാൻ സാധിക്കുകയുള്ളൂ. റണ്ണൗട്ട്, രണ്ടുതവണ പന്ത് അടിക്കുക, ഫീൽഡിങ് തടസ്സപ്പെടുത്തുക, പന്ത് കൈയ്യിൽ എടുക്കുക ഇതാണ് ആ നാലുവഴികൾ.
പന്ത് ബൗളറുടെയോ വിക്കറ്റ് കീപ്പറുടെയോ കൈകളിൽ എത്തിയാൽ മാത്രമാണ് ഡെഡ് ബോൾ ആയി കണക്ക് ആക്കുവാൻ സാധിക്കുകയുള്ളൂ എന്നാണ് ഐസിസി നിയമം. അതിനാൽ അതിനുമുമ്പ് റൺസ് ഓടി എടുക്കാൻ അവകാശം ബാറ്റ്സ്മാൻമാർക്കുണ്ട്. എന്തുതന്നെയായാലും ഇന്ത്യയുടെ വിജയം ഇംഗ്ലണ്ട് വേൾഡ് കപ്പ് വിജയിച്ചതുപോലെ ആയെന്നാണ് പാക്കിസ്ഥാൻ ആരാധകർ പറയുന്നത്.