ഫ്രീഹിറ്റില്‍ കോഹ്ലി ബൗള്‍ഡായി. 3 റണ്‍സ് ഓടിയെടുത്തത് തരാനാകില്ലെന്ന് ബാബര്‍ അസം

ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ ആരംഭിച്ചു. ജയ പരാജയങ്ങള്‍ മാറി മറിഞ്ഞ മത്സരത്തില്‍ അവസാന പന്തിലാണ് ഇന്ത്യയുടെ വിജയം. 53 പന്തില്‍ 6 ഫോറും 4 സിക്സും അടക്കം 82 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയെ വിജയത്തില്‍ എത്തിച്ചത്.

അവസാന ഓവറിൽ ചില വിവാദ സംഭവങ്ങളും അരങ്ങേറി. നവാസിന്‍റെ പന്ത് നോബോള്‍ വിളിച്ചത് പാക്കിസ്ഥാന്‍ താരങ്ങളുടെ പ്രതിഷേധത്തിനു ഇടയായിരുന്നു. ഫ്രീ ഹിറ്റിൽ ബൗൾഡ് ആയതിന് പിന്നാലെ കോഹ്ലിയും കാർത്തിക്കും ചേർന്ന് 3 റൺസ് ഓടിയെടുത്തു. സ്റ്റംപിൽ കൊണ്ട് തേര്‍ഡ്മാനിലേക്ക് പോയ അവസരം മുതലെടുത്ത് 3 റൺസ് ഇരുവരും നേടി.

എന്നാൽ ഇത് ഡെഡ് ബോൾ അല്ലെന്ന ചോദ്യവുമായി ബാബർ അസമും കൂട്ടരും എത്തി. എന്നാൽ വിധി ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു. 3 പന്തിൽ 5 റൺസ് എന്ന നിലയിൽ ഉണ്ടായത് ഇതോടെ 2 പന്തിൽ 2 എന്നതിലേക്ക് മാറി. ഒടുവിൽ അവസാന പന്തില്‍ അശ്വിൻ സിംഗിൾ നേടി ഇന്ത്യ ജയത്തിലേക്ക് കടക്കുകയായിരുന്നു