അന്താരാഷ്ട്ര ക്രിക്കറ്റിലെ മറ്റൊരു സുവർണ്ണ വർഷമാണ് 2021ലൂടെ കടന്ന് പോയത്.2022ൽ ടി :20 ലോകകപ്പ് അടക്കം നിർണായക പോരാട്ടങ്ങൾ വരാനിരിക്കേ ടീമുകൾ എല്ലാം തന്നെ മികച്ച തയ്യാറെടുപ്പിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 2021വർഷം പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം മികച്ചതാണ്. ടി :20 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയക്ക് മുൻപിൽ തോറ്റെങ്കിലും ടി :20 ക്രിക്കറ്റിൽ തുടർ ജയങ്ങളിൽ കൂടി റെക്കോർഡുകൾ സ്വന്തമാക്കുവാൻ പാക് ടീമിന് സാധിച്ചു.ഇക്കഴിഞ്ഞ ടി :20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് എതിരെ 10 വിക്കറ്റ് ജയം കരസ്ഥമാക്കിയ പാക് ടീം ഐസിസി ലോകകപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇന്ത്യൻ ടീമിനെ തോൽപ്പിക്കുന്നത്.
ഇപ്പോൾ ഈ ജയത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം.2021ലെ ഏറ്റവും മനോഹര നിമിഷം ഈ ഒരു ജയമാണെന്ന് പറഞ്ഞ ബാബർ ഒരിക്കലും ഈ ചരിത്ര ജയം മറക്കാനായി കഴിയില്ല എന്നും വിശദമാക്കി.
“പാകിസ്ഥാൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വർഷം 2021ലെ ഏറ്റവും മനോഹര നിമിഷം ഇത് തന്നെയാണ്. ഇന്ത്യൻ ടീമിനെ ലോകകപ്പിൽ ഞങ്ങൾ തോൽപ്പിച്ചത് തന്നെ മനോഹരമായ നിമിഷം.പാകിസ്ഥാൻ ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാൽ ഇതൊരു സുവർണ്ണ നേട്ടം തന്നെയാണ്”ബാബർ അസം വാചാലനായി.
“ലോകകപ്പിൽ മുൻപ് ഒരിക്കലും ഇന്ത്യൻ ടീമിനെ തോൽപ്പിക്കാൻ പാകിസ്ഥാന് സാധിച്ചിട്ടില്ല. എന്നാൽ ഇത്തവണ പാക് ടീം ആ നേട്ടം സ്വന്തമാക്കി. അതിനാൽ തന്നെ ഈ ജയം മറക്കാനും കഴിയില്ല. ഞങ്ങൾ 2021ൽ ഏറ്റവും അധികം എൻജോയ് ചെയ്ത നിമിഷവും അത് തന്നെ “പാകിസ്ഥാൻ ക്യാപ്റ്റൻ മനസ്സ് തുറന്നു. പേസർ ഷഹീൻ അഫ്രീഡിയുടെ മൂന്ന് വിക്കറ്റും ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവരുടെ അർദ്ധ സെഞ്ച്വറിയുമാണ് പാകിസ്ഥാൻ ടീമിന് ലോകകപ്പ് പ്രാഥമിക റൗണ്ടിലെ ആദ്യത്തെ മത്സരത്തിൽ 10 വിക്കറ്റ് ജയം സമ്മാനിച്ചത്.