ഈ ഇന്ത്യൻ ടീമിനെ തോൽപ്പിക്കാൻ ആരും ഇല്ല : പരമ്പര ഉറപ്പെന്ന് പ്രവചിച്ച് ഹർഭജൻ സിംഗ്

സൗത്താഫ്രിക്കക്ക്‌ എതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ 113 റൺസ്‌ ജയവുമായി വിരാട് കോഹ്ലിയും ടീമും ഇന്ത്യൻ ടെസ്റ്റ്‌ ടീം ചരിത്രത്തിലെ തന്നെ ഐതിഹാസിക നേട്ടമാണ് കരസ്ഥമാക്കിയത്. വളരെ നിർണായക ടെസ്റ്റ്‌ പരമ്പരയിൽ ഒന്നാം മത്സരം തന്നെ ജയിച്ച് 1-0ന് മുന്നിൽ എത്താനും കോഹ്ലിക്കും സംഘത്തിനും കഴിഞ്ഞു. സെഞ്ചൂറിയനിൽ ജയിക്കുന്ന ആദ്യത്തെ ഏഷ്യൻ ടീമായ ഇന്ത്യൻ സംഘം വാൻണ്ടറെസിൽ രണ്ടാം ടെസ്റ്റിൽ കളിക്കാൻ എത്തുമ്പോൾ പൂർണ്ണ ആത്മവിശ്വാസത്തിലാണ്. ടെസ്റ്റ്‌ പരമ്പരയിൽ ഇന്ത്യൻ ജയം ഉറപ്പെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിങ്. ഇന്ത്യൻ ടീം ബൗളിംഗ് നിരയുടെ മികവ് ഏതൊരു ശക്തിയെയും മറികടക്കാൻ കഴിവുള്ളതെന്ന് പറഞ്ഞ ഹർഭജൻ വിദേശ മണ്ണിലെ ഇന്ത്യൻ ടീം പ്രകടനങ്ങളെയും വാനോളം പുകഴ്ത്തി.

“ഇന്ത്യൻ ടീം എപ്പോൾ എല്ലാം ടെസ്റ്റ്‌ പരമ്പര കളിക്കാനായി സൗത്താഫ്രിക്കൻ മണ്ണിൽ എത്തിയിട്ടുണ്ട് അപ്പോൾ എല്ലാം നമ്മൾ നേരിടേണ്ടി വന്നത് വളരെ ഏറെ ദുഷ്കരമായ സാഹചര്യങ്ങളാണ്.പക്ഷേ ഈ ഇന്ത്യൻ ടീമിന് അതൊന്നും തന്നെ പ്രശ്നമല്ല. ഇന്ത്യൻ ടീമിൽ ഇന്ന് വേഗം എതിരാളികളുടെ 20 വിക്കറ്റുകളും വീഴ്ത്താൻ മികവുള്ള പേസർമാരുണ്ട്.

അതാണ്‌ ഈ ഇന്ത്യൻ ടീമിന്റെ ശക്തിയും. ഒന്നാം ഇന്നിങ്സിൽ ഷമി 5 വിക്കറ്റ് വീഴ്ത്തി രണ്ടാം ഇന്നിങ്സിൽ ബുംറ 3 വിക്കറ്റ് വീഴ്ത്തി.ഇത്തവണ പരമ്പരക്ക്‌ എത്തുമ്പോൾ തന്നെ ഞാൻ ഇന്ത്യൻ ടീം സൗത്താഫ്രിക്കയെ വീഴ്ത്തി ചരിത്ര നേട്ടം സ്വന്തമാക്കുമെന്ന് പറഞ്ഞിരുന്നു. അതാണ് ഇനി നടക്കാൻ പോകുന്നത്.” ഹർഭജൻ വാചാലനായി.

“ഇത്തവണ ടെസ്റ്റ്‌ പരമ്പര ഇന്ത്യൻ ടീം നേടാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്. ഇത്തവണ നേടിയില്ലെങ്കിൽ പിന്നീട് പരമ്പര സ്വന്തമാക്കുക അത്ര എളുപ്പമല്ല. ഇനി ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിൽ ഒരെണ്ണം ജയിച്ച് ഇന്ത്യൻ ടീം പരമ്പര ഉറപ്പാക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.ഇന്ന് എതിരാളികളുടെ 20 വിക്കറ്റും വീഴ്ത്താൻ കഴിവുള്ള ഒരു പേസ് നിര ഇന്ത്യക്കുണ്ട്. അതാണ്‌ എല്ലാവിധ കുതിപ്പിനുമുള്ള കാരണം “ഭാജി തന്റെ നിരീക്ഷണം വിശദമാക്കി.