വീണ്ടും വിവാദമായി അമ്പയറുടെ തീരുമാനം : അത് റൺഔട്ട്‌ തന്നെയെന്ന് മൈക്കൽ വോണും യുവിയും

ഇന്ത്യയുടെ വമ്പന്‍ സ്കോറിന് മുന്നില്‍ അടിപതറാതെ മുന്നേറിയ ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ ഇന്ത്യക്കൊപ്പം. പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സിന്‍റെ വിജയലക്ഷ്യം 39 പന്തുകളും ആറ് വിക്കറ്റുകളും ബാക്കി നിര്‍ത്തി ഇംഗ്ലണ്ട് അനായാസം മറികടന്നു.സെഞ്ചുറി
അടിച്ച ജോണി ബെയര്‍സ്റ്റോയും വെടിക്കെട്ട് ബാറ്റിംഗിലൂടെ ഇന്ത്യയെ വിറപ്പിച്ചശേഷം സെഞ്ചുറിക്ക് ഒരു റണ്‍സകലെ വീണ ബെന്‍ സ്റ്റോക്സും തുടക്കം ഗംഭീരമാക്കിയ ജേസണ്‍ റോയിയും ചേര്‍ന്നാണ് ഇംഗ്ലണ്ടിന് അവിസ്മരണീയ ജയമൊരുക്കിയത്. 

മത്സരം അനായാസം ഇംഗ്ലണ്ട് ജയിച്ചെങ്കിലും മത്സരത്തിലെ മൂന്നാം അമ്പയറുടെ ഒരു തീരുമാനമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വളരെയേറെ ചർച്ചാവിഷയമാകുന്നത്  .മത്സരത്തിന്റെ 26ആം ഓവറിലെ അഞ്ചാം പന്തിൽ നടന്ന സ്റ്റോക്‌സിന്റെ റൺ ഔട്ട് ക്രിക്കറ്റ് ലോകത്ത് അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കിയിരിക്കുകയാണ്. ഡീപ് മിഡ് വിക്കറ്റിൽ നിന്നുള്ള കുൽദീപ് യാദവിന്റെ ത്രോ കൃത്യമായി സ്‌ട്രൈക്കേഴ്‌സ് എൻഡിൽ  വിക്കറ്റിൽ തന്നെ  പതിക്കുകയായിരുന്നു. ബെയ്‌ൽസ് ഇളകുമ്പോൾ സ്റ്റോക്‌സിന്റെ ബാറ്റ് ലൈനിലായിരുന്നു ഉണ്ടായിരുന്നത്. തേർഡ് അമ്പയർ ഇത് നോട്ട്ഔട്ട് വിധിച്ചു.

എന്നാൽ ഇത് ഔട്ട്‌ ആണെന്ന് അഭിപ്രായവുമായി മുൻ താരങ്ങളടക്കം എത്തിയതോടെ വിവാദം വൈകാതെ  കൊഴുക്കുകയാണ് .എന്നാൽ മത്സരശേഷം ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഇതിനെ കുറിച്ചൊന്നും പ്രതികരിച്ചില്ല .മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ വോണും മുൻ ഇന്ത്യൻ താരം യുവരാജ് സിങ് ഉൾപ്പെടെയുള്ളവർ ഔട്ടാണെന്ന് വാദിച്ച് സോഷ്യൽ മീഡിയയിൽ ഉടനടി തന്നെ  രംഗത്തെത്തിയിരുന്നു. ഞാനായിരുന്നെങ്കിൽ ഔട്ട് വിധിച്ചെനെ എന്നായിരുന്നു മൈക്കൽ വോണിന്റെ  ട്വീറ്റ് . ബെൻ സ്റ്റോക്‌സ് 31 റൺസിൽ നിൽക്കെയായിരുന്നു ഈ സംഭവം. ഈ വിധി മറിച്ചായിരുന്നുവെങ്കിൽ ചിലപ്പോൾ മത്സരത്തിന്റെ ഗതി തന്നെ മാറിയേനെ.
52 പന്തില്‍ 99 റണ്‍സെടുത്ത ബെൻ  സ്റ്റോക്സിനെ ബൗണ്‍സറില്‍ ഭുവനേശ്വര്‍ കുമാറാണ് മടക്കിയത് .ആക്രമണ ബാറ്റിങ്ങാൽ മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കിയത് ബെൻ സ്റ്റോക്‌സാണ് .