എന്തുകൊണ്ട് ആ സെലിബ്രേഷന്‍ ? കെല്‍ രാഹുല്‍ പറയുന്നു.

ടി20 പരമ്പരയില്‍ നിറം മങ്ങിയ കെല്‍ രാഹുല്‍ ഏകദിന പരമ്പരയില്‍ ഫോം കണ്ടെത്തി തിരിച്ചെത്തിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ 43 ബോളില്‍ 62 റണ്‍സ് നേടിയ കെല്‍ രാഹുല്‍, രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി. 37 ന് 2 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് കര്‍ണാടക താരം ക്രീസില്‍ എത്തിയത്. വീരാട് കോഹ്ലി ആക്രമിച്ചു കളിച്ചപ്പോള്‍ ഒരുവശത്ത് വിക്കറ്റ് പോവാതെ കെല്‍ രാഹുല്‍ കളിച്ചു.

45ാം ഓവറില്‍ രാഹുല്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 271 ല്‍ എത്തിയിരുന്നു. അഞ്ചാം ഏകദിന സെഞ്ചുറി നേടിയ രാഹുല്‍ ഏഴു ഫോറും രണ്ട് സിക്സും നേടി 108 റണ്‍സ് നേടിയാണ് പുറത്തായത്. സെഞ്ചുറി നേടിയപ്പോള്‍ കെല്‍ രാഹുല്‍ നടത്തിയ സെലിബ്രേഷന്‍ എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ചു. കണ്ണുകള്‍ അടച്ച് കൈകള്‍കൊണ്ട് ചെവി അടച്ചായിരുന്നു രാഹുലിന്‍റെ സെഞ്ചുറി ആഘോഷം. നേരത്തെയും കെല്‍ രാഹുല്‍ ഇതുപോലെ സെഞ്ചുറി പ്രകടനം ആഘോഷിച്ചട്ടുണ്ട്.

മത്സരത്തിന്‍റെ ഇടവേളയില്‍ എന്തുകൊണ്ടാണ് ആ സെലിബ്രേഷന്‍ എന്ന് കെല്‍ രാഹുലിനോട് കമന്‍റേറ്റര്‍ ചോദിച്ചു. ആരെയും അവഹേളിക്കാനല്ലാ, എല്ലാ വിമര്‍ശനങ്ങളേയും നിശ്ബദനാക്കനാണ് ഈ സെലിബ്രേഷന്‍ എന്നായിരുന്നു കെല്‍ രാഹുലിന്‍റെ മറുപടി. ” നിങ്ങളെ താഴേക്ക് തള്ളിയിടാന്‍ ശ്രമിക്കുന്ന ആളുകള്‍ അവിടെയുണ്ട്. ചില സമയങ്ങളില്‍ നിങ്ങള്‍ അവഗണിക്കേണ്ടതുണ്ട്. അതിനാല്‍ ആ ശബ്ദം അവസാനിപ്പിക്കുന്നതിനുള്ള ഒരു ചെറിയ സന്ദേശം മാത്രമാണിത് ” കെല്‍ രാഹുല്‍ പറഞ്ഞു.