ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 158 റണ്‍സ് വിജയ ലക്ഷ്യം 3 വിക്കറ്റ് മാത്രം നഷ്ടമാക്കി രാജസ്ഥാന്‍ റോയല്‍സ് നേടിയെടുത്തു. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.
നേരത്തെ ടോസ് നേടിയ സഞ്ചു സാംസണ്‍ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ രാജസ്ഥാന്‍ പേസ് ബോളിംഗ് യൂണിറ്റിന്‍റെ മികച്ച പ്രകടനമാണ് ബാംഗ്ലൂരിനെ ചെറിയ സ്കോറിലേക്ക് ഒതുക്കിയത്. പ്രസീദ്ദ് കൃഷ്ണയും ഒബൈദ് മക്കോയും 3 വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അശ്വിന്‍, ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളെ കുമാര്‍ സംഗകാര പ്രശംസിച്ചു.
വളരെ സംതൃപ്തി നല്‍കുന്ന വിജയമാണ് തങ്ങളുടെ കഠിനധ്വാനവും ട്രയ്നിങ്ങിനും ഫലമുണ്ടായി എന്ന് മത്സരശേഷം ശ്രീലങ്കന്‍ ഇതിഹാസം പറഞ്ഞു. ” ജോസ് ബട്ട്ലറിന്‍റെ കളി അതിശയകരമാണ്. അവൻ തന്റെ ശക്തിയിൽ വിശ്വസിക്കുന്നു. അവൻ സ്പിന്നിനെതിരെ മികച്ചതാണ്. ഒരു നിശ്ചിത ദിവസം ഏതൊക്കെ ഷോട്ടുകളാണ് കളിക്കേണ്ടതെന്നും ഏതൊക്കെ കളിക്കരുതെന്നും അദ്ദേഹം തിരഞ്ഞെടുക്കുന്നു. അവന് എപ്പോൾ വേണമെങ്കിലും വേഗത കൂട്ടാം. അയാൾക്ക് എപ്പോൾ വേണമെങ്കിലും ഗിയർ മാറ്റാൻ കഴിയും, അതൊരു അസാധാരണ പ്രതിഭയാണ്. ” കളിയിലെ താരമായി തിരഞ്ഞെടുകപ്പെട്ടത് ബട്ട്ലറിനെയായിരുന്നു.
മത്സരത്തിന്‍റെ 100 ശതമാനവും നല്‍കിയ ഒബൈദ് മക്കോയി ആരാധക ഹൃദയങ്ങളില്‍ ഇടം പിടിച്ചു. കളിയിലെ ഗതി മാറ്റിയ മാക്സ്വെല്ലിന്‍റെ വിക്കറ്റ് വീഴ്ത്താന്‍ മുന്നോട്ട് ഫുള്‍ ഡൈവ് ചെയ്താണ് മക്കോയി ക്യാച്ച് പിടിച്ചത്. ബോളിംഗില്‍ നാലോവറില്‍ 23 റണ്‍സ് വഴങ്ങി 3 വിക്കറ്റാണ് താരം വീഴ്ത്തിയത്. വിന്‍ഡീസില്‍ മക്കോയിയുടെ മാതാവ് അസുഖപ്പെട്ട് കിടക്കുകയാണെങ്കിലും, കളത്തില്‍ അര്‍പ്പണബോധം നടത്തിയ മക്കോയിയെ സംഗകാര അഭിനന്ദിച്ചു.
”മുഴുവൻ ബൗളിംഗ് യൂണിറ്റും മികച്ചതായിരുന്നു. പ്രസീദിനു പ്രത്യേക ക്രെഡിറ്റ്. അവൻ എന്നോട് സത്യസന്ധത പുലർത്തിയ രീതി ശരിക്കും ശ്രദ്ധേയമായിരുന്നു. അവൻ വളരെ പ്രത്യേക കഴിവുള്ളവനാണ്. ബോൾട്ടും എപ്പോഴും പഠിക്കാൻ നോക്കുന്നു. മക്കോയിയുടെ അമ്മ വെസ്റ്റ് ഇൻഡീസിൽ സുഖം പ്രാപിച്ചു വരുകയാണ്, അദ്ദേഹം മത്സരത്തില്‍ നന്നായി പ്രതിബദ്ധത കാണിച്ചു. പിന്നെ സ്പിൻ താരങ്ങള്‍ അസാമാന്യമായിരുന്നു ”
ടീമിന്‍റെ പ്രകടനത്തില്‍ മാനേജ്മെന്‍റ് നല്‍കിയ പിന്തുണയും സംഗകാര പറഞ്ഞു. ” ഞങ്ങളുടെ പേഴ്‌സിന്റെ 95 ശതമാനവും ചെലവഴിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു, ഞങ്ങളുടെ പുതിയ നിക്ഷേപകരുമായി ഞങ്ങൾ ഏകദേശം 8 മാസം ചര്‍ച്ച നടത്തി. അത് ഫലം കണ്ടു. പ്രത്യേക കളിക്കാരെ നോക്കുന്നത് ഞങ്ങൾ ഒഴിവാക്കി. പരിചയസമ്പന്നരായ അന്താരാഷ്ട്ര കളിക്കാരുടെ ഒരു കൂട്ടമാണ് ഞങ്ങളുടെ ഗ്രൂപ്പിന്റെ കാതൽ ” സംഗകാര ടീമിന്‍റെ വിജയ രഹസ്യം വെളിപ്പെടുത്തി.