ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദനത്തിൽ സഞ്ജു സാംസണ് പകരം വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനാണ് ടീമിൽ ഇടം പിടിച്ചത്. മത്സരത്തിൽ മികച്ച ഒരു ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാനും ഇഷാന് സാധിച്ചിരുന്നു. മത്സരത്തിൽ 46 പന്തുകൾ നേരിട്ട കിഷൻ 7 ബൗണ്ടറികളും ഒരു സിക്സറുമടക്കം 52 റൺസാണ് നേടിയത്.
ശുഭ്മാൻ ഗില്ലിനൊപ്പം ഓപ്പണറായിയാണ് കിഷൻ മൈതാനത്തിറങ്ങിയത്. ഇഷാൻ കിഷന്റെ ആദ്യ മത്സരത്തിലെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ സെലക്ടർ സാബ കരീം ഇപ്പോൾ. 2023 ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ കെ എൽ രാഹുലിനൊപ്പം റിസർവ് വിക്കറ്റ് കീപ്പറായി ഇന്ത്യ കിഷനെ ഉൾപ്പെടുത്തണം എന്നാണ് കരീം പറയുന്നത്.
വിൻഡീസിനെതിരായ ആദ്യ മത്സരത്തിൽ കിഷനെ ഇന്ത്യ ഓപ്പണിങ്ങിറക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലയെന്നും കരീം പറയുന്നു. “കിഷൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നിരുന്നാലും അയാൾക്ക് ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ അവസരം നൽകിയത് വളരെ നന്നായി. അത് ഇന്ത്യയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നുണ്ട്.
ലോകകപ്പിലേക്ക് വരുമ്പോൾ കെ എൽ രാഹുൽ തന്നെയാവും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. ഈ സാഹചര്യത്തിൽ കിഷനെ രാഹുലിനൊപ്പം ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇന്ത്യക്ക് ഉപയോഗിക്കാൻ സാധിക്കും. അങ്ങനെ വരുമ്പോൾ ടീം കൂടുതൽ സന്തുലിതമാവും.”- സാബാ കരീം പറഞ്ഞു.
“കിഷനെ റിസർവ് കീപ്പറായി ഉൾപ്പെടുത്തുകയാണെങ്കിൽ ഇന്ത്യയ്ക്ക് അയാളെ മധ്യനിര ബാറ്ററായും ബാക്കപ്പ് ഓപ്പണറായും ഉപയോഗിക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ മറ്റൊരു ബാക്കപ്പ് ഓപ്പണറെ ടീമിൽ ഉൾപ്പെടുത്തേണ്ട ആവശ്യം വരുന്നില്ല. ഒരു സ്ക്വാഡിലേക്ക് 15 അംഗങ്ങളെ കണ്ടെത്തുക എന്നത് തന്നെ വലിയ വെല്ലുവിളിയാണ്.
അങ്ങനെയുള്ള സാഹചര്യത്തിൽ ഓപ്പണറായി കിഷൻ എത്തുന്നത് വളരെ ഉപകാരപ്രദമാകും. മാത്രമല്ല ഇപ്പോൾ മൈതാനത്ത് കൂടുതൽ സമയം ചിലവഴിക്കുന്നത് കിഷന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ കാരണമാകും. കീപ്പർ എന്ന നിലയ്ക്കും ബാറ്റർ എന്ന നിലയ്ക്കും ഇത് കിഷന് കൂടുതൽ ഗുണം ചെയ്യും.”- സാബാ കരീം കൂട്ടിച്ചേർക്കുന്നു.
ആദ്യ മത്സരത്തിലെ തകർപ്പൻ ബാറ്റിംഗ് പ്രകടനം കിഷന് ഒരു പരിധിവരെ സഹായകരമായി മാറിയിട്ടുണ്ട്. രണ്ടാം മത്സരത്തിലും ഇത്തരത്തിൽ മികവു കാട്ടുകയാണെങ്കിൽ ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ നിർണായ ഘടകമായി മാറാൻ കിഷന് സാധിച്ചേക്കും. ഇന്ന് വൈകിട്ട് 7 മണിക്ക് ബാർബഡോസിലാണ് ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ രണ്ടാം മത്സരം നടക്കുന്നത്. ഈ മത്സരത്തിൽ കൂടി വിജയം കാണാൻ സാധിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.