“രണ്ടാം ഏകദിനത്തിലും സഞ്ജുവിനെ ഇന്ത്യ കളിപ്പിക്കില്ല..” വസ്തുത തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം.

ezgif 1 5ff04d2d7c

ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ സഞ്ജു സാംസന് അവസരം ലഭിക്കാതിരുന്നത് ദൗർഭാഗ്യകരമാണ്. സഞ്ജുവിനെ പരമ്പരയ്ക്കുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തിയത് മുതൽ സഞ്ജുവിന് അവസരം നൽകണമെന്ന പ്രതികരണം വരികയുണ്ടായി. എന്നാൽ ആദ്യ മത്സരത്തിൽ ഇന്ത്യ യാതൊരു ദയയും കൂടാതെ സഞ്ജു സാംസണെ ഒഴിവാക്കുന്നതാണ് കണ്ടത്.

മത്സരത്തിൽ സഞ്ജുവിന് പകരം ഇഷാൻ കിഷനും സൂര്യകുമാർ യാദവും ഇന്ത്യൻ ടീമിൽ കളിക്കുകയുണ്ടായി. ശേഷം രണ്ടാം മത്സരത്തിലും ഇന്ത്യ സഞ്ജു സാംസണെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തില്ല എന്നാണ് ഇന്ത്യൻ താരം ആകാശ് ചോപ്ര ഇപ്പോൾ പറയുന്നത്. വിൻഡീസിനെതിരായ രണ്ടാം മത്സരത്തെ സംബന്ധിച്ചുള്ള തന്റെ പ്രതീക്ഷകൾ പങ്കുവെക്കുകയായിരുന്നു ചോപ്ര.

ബാർബഡോസിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ സഞ്ജുവിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്താൻ സാധ്യത തീരെ കുറവാണ് എന്ന് ചോപ്ര പറയുന്നു. “സഞ്ജുവിനെ ഇന്ത്യ കളിപ്പിക്കുമോ എന്നൊരു ചോദ്യം എല്ലാവരുടെയും മനസ്സിൽ ഉണ്ടാവും. എന്നാൽ സഞ്ജുവിനെ രണ്ടാം മത്സരത്തിലും കളിപ്പിക്കാൻ സാധിക്കില്ല എന്നതാണ് വാസ്തവം. കാരണം, കേവലം ഒരു മത്സരം മാത്രമാണ് അവസാനിച്ചിരിക്കുന്നത്. ആ മത്സരത്തിൽ സഞ്ജുവിനെ ഇന്ത്യയ്ക്ക് കളിപ്പിക്കാൻ സാധിച്ചില്ല. മാത്രമല്ല ഇഷാനെ നാലാം നമ്പരിൽ പരീക്ഷിക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നില്ല.”- ചോപ്ര പറഞ്ഞു.

Read Also -  സേവാഗ് മുതൽ ബ്രൂക്ക് വരെ. ടെസ്റ്റിലെ ഏറ്റവും വേഗമേറിയ ട്രിപിൾ സെഞ്ച്വറി നേടിയവർ.

“നിലവിൽ നമ്മൾ ചിന്തിക്കുന്നത് ആറാം നമ്പരിൽ സൂര്യകുമാർ യാദവിനെ കളിപ്പിക്കുന്നതിനെ കുറിച്ചാണ്. അതുകൊണ്ടുതന്നെ ആദ്യ മത്സരത്തിൽ എന്താണ് സംഭവിച്ചിരിക്കുന്നത് എന്നത് ഇവിടെ ബാധകമല്ല. ഈ സമയത്ത് ഈ പോയിന്റിൽ മറ്റു മാറ്റങ്ങളൊന്നും പ്ലെയിങ് ഇലവനിൽ ഉണ്ടാവാൻ സാധ്യതയില്ല. നിർഭാഗ്യകരം എന്ന് പറയട്ടെ, സഞ്ജു സാംസണ് രണ്ടാം മത്സരത്തിലും അവസരം ലഭിക്കില്ല.” – ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.

മുൻപ് സഞ്ജു സാംസണെ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിൽ ഉൾപ്പെടുത്താതിരുന്നതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ പൊട്ടി പുറപ്പെട്ടിരുന്നു. 2023ൽ ഏഷ്യകപ്പും ലോകകപ്പും നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സഞ്ജുവിന് ഏകദിനങ്ങളിൽ ആവശ്യമായ അവസരം നൽകണം എന്നായിരുന്നു ആരാധകരുടെ പക്ഷം.

ഇന്ത്യക്കായി കഴിഞ്ഞ ഏകദിനങ്ങളിലൊക്കെയും പൂർണമായും പരാജയപ്പെട്ട സൂര്യകുമാർ യാദവിന് വീണ്ടും ഇന്ത്യ അവസരം നൽകിയതും ആരാധകരെ ചൊടിപ്പിച്ചിരുന്നു. എന്തായാലും രണ്ടാം മത്സരത്തിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കുകയാണെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാവും എന്ന് ഉറപ്പാണ്.

Scroll to Top