ലോകകപ്പ് ടീമിൽ കളിക്കാൻ സൂര്യയ്ക്ക് ഈ കളി പോര.. ഇത് തുടർന്നാൽ അവൻ പുറത്തിരിക്കും – ആകാശ് ചോപ്ര.

Aakash Chopra 2

ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള ബാറ്ററാണ് സൂര്യകുമാർ യാദവ്. 2022 ട്വന്റി20 ലോകകപ്പിലടക്കം സൂര്യകുമാർ യാദവിന്റെ മാസ്മരിക ഷോട്ടുകൾ കാണാൻ സാധിച്ചു. എന്നാൽ ഏകദിന ക്രിക്കറ്റിലേക്ക് വരുമ്പോൾ സൂര്യ വലിയ പരാജയമായി മാറിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും ഇന്ത്യൻ ടീമിന് ബാധ്യതയായാണ് സൂര്യകുമാർ യാദവ് കാണപ്പെടുന്നത്.

ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിലും ഗോൾഡൻ ഡക്കായാണ് സൂര്യകുമാർ പുറത്തായത്. ശേഷവും ഇന്ത്യ സൂര്യയ്ക്ക് ആവശ്യമായ അവസരങ്ങൾ നൽകുന്നു. എന്നാൽ ഇതുമൂലം മറ്റൊരു ക്രിക്കറ്ററുടെ അവസരമാണ് നശിക്കുന്നത് എന്നതിനെപ്പറ്റി ഇന്ത്യൻ മാനേജ്മെന്റ് ആലോചിക്കുന്നതുമില്ല. വിൻഡീസിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യ സൂര്യകുമാർ യാദവിന് അവസരം നൽകുകയുണ്ടായി.

കേവലം 115 റൺസ് മാത്രമായിരുന്നു ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയിക്കാൻ വേണ്ടിയിരുന്നത്. അതിനാൽ തന്നെ ഇന്ത്യ സൂര്യകുമാർ യാദവിനെ മൂന്നാം നമ്പരിൽ ഇറക്കുകയുണ്ടായി. മത്സരത്തിൽ മികച്ച രീതിയിൽ ആരംഭിക്കാൻ സാധിച്ചെങ്കിലും സൂര്യകുമാർ യാദവിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചിരുന്നില്ല. 25 പന്തുകൾ നേരിട്ട സൂര്യ മത്സരത്തിൽ 19 റൺസാണ് നേടിയത്. ഇതോടെ ഇനിയും സൂര്യയ്ക്ക് അവസരം നൽകണമോ എന്ന ചോദ്യം ഉയർന്നിട്ടുണ്ട്.

2023ൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സൂര്യകുമാർ യാദവിനെ പോലൊരു കളിക്കാരനിൽ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നത് ഇത്തരം ഒരു ഇന്നിംഗ്സല്ല. ഇതിനെപ്പറ്റിയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര സംസാരിച്ചത്. 2023 ലോകകപ്പിൽ കളിക്കാൻ സൂര്യകുമാർ യാദവ് ഇത്തരത്തിലുള്ള ഇന്നിംഗ്സുകൾ കാഴ്ചവച്ചിട്ട് കാര്യമില്ല എന്നാണ് ആകാശ് ചോപ്ര പറഞ്ഞത്.

Read Also -  ഹർദിക് പാണ്ഡ്യയ്ക്ക് അടുത്ത ഐപിഎല്ലിൽ വിലക്ക്. കടുത്ത ശിക്ഷയുമായി ബിസിസിഐ.

ആകാശ് ചോപ്ര തന്റെ ലോകകപ്പ് ടീമിൽ സൂര്യകുമാർ യാദവിനെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ കൂടുതൽ സൂര്യയിൽ നിന്ന് താൻ പ്രതീക്ഷിക്കുന്നുണ്ട് എന്നാണ് ചോപ്ര ഇപ്പോൾ പറയുന്നത്. “സൂര്യകുമാർ യാദവിന്റെ കയ്യിൽ നിന്ന് ഇത്തരം ഒരു ഇന്നിംഗ്സല്ല ഞാൻ പ്രതീക്ഷിച്ചത്. ഇതിലും മികച്ച ഇന്നിംഗ്സ് അവന് കാഴ്ചവയ്ക്കാൻ സാധിക്കും.

അതുകൊണ്ടാണ് ഞാൻ ലോകകപ്പ് ടീമിനുള്ള എന്റെ ഇലവനിൽ സൂര്യയെ ഉൾപ്പെടുത്തിയത്. സൂര്യകുമാർ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ വേണം. പക്ഷേ വിൻഡീസിനെതിരായ പരമ്പര അയാൾക്ക് ഒരു അവസരമായിരുന്നു. എന്തായാലും ലോകകപ്പ് ടീമിൽ ഇടം പിടിക്കണമെങ്കിൽ സൂര്യകുമാർ കുറച്ചധികം റൺസ് കണ്ടെത്തേണ്ടതുണ്ട്.”- ആകാശ് ചോപ്ര പറയുന്നു.

പരമ്പരയിൽ അവശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും ഇന്ത്യ ഉറ്റുനോക്കുന്ന ഒന്നുതന്നെയാണ് സൂര്യകുമാർ യാദവിന്റെ ഫോം. രണ്ടു മത്സരങ്ങളിലും മികച്ച ഇന്നിംഗ്സുകൾ കാഴ്ചവച്ചാൽ മാത്രമേ സൂര്യയ്ക്ക് ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടം പിടിക്കാൻ സാധിക്കൂ. ശ്രേയസ് അയ്യരും കെഎൽ രാഹുലുമൊക്കെ ടീമിലേക്ക് മടങ്ങിവരവിനായി ശ്രമിക്കുന്ന സമയത്ത് സൂര്യയിൽ നിന്ന് നിരുത്തരവാദപരമായ ഇന്നിംഗ്സുകൾ ഉണ്ടാവുന്നത് അയാളുടെ കരിയറിന് തന്നെ ദോഷം ചെയ്തേക്കും.

Scroll to Top